Latest News

കെ റെയില്‍ വിരുദ്ധസമരം: കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാക്കുകള്‍ സിപിഎമ്മിനെ വേട്ടയാടുന്നു

സാധാരണക്കാര്‍ സമരം ഏറ്റെടുത്തതോടെ സമരം കൂടുതല്‍ തീവ്രമായി

കെ റെയില്‍ വിരുദ്ധസമരം:    കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാക്കുകള്‍ സിപിഎമ്മിനെ വേട്ടയാടുന്നു
X

തിരുവനന്തപുരം: കിടപ്പാടം നഷ്ടമാകുന്ന സാധാരണക്കാര്‍ കെ റെയില്‍ വിരുദ്ധസമരം ഏറ്റെടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ധത്തിലായി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുറമെ കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണക്കാരാണ് സമരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സാധാരണക്കാര്‍ സമരം ഏറ്റെടുത്തതോടെയാണ് സമരം കൂടുതല്‍ തീവ്രമായത്.

ഇതിന് പുറമെ കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കുമെന്ന പ്രതിപക്ഷത്തിന്റെ വാക്കുകള്‍ സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. അത് ശനിയാഴ്ച നടത്തിയ കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രകടമായിരുന്നു. കേരളത്തെ നന്ദിഗ്രാമാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ സിപിഎമ്മിന്റെ ഉല്‍കണ്ഠയാണ് വ്യക്തമാവുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കോര്‍പറേറ്റ് കമ്പനിക്കായി സാധാരണക്കാരെ വേട്ടയാടി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതും ജനം അത് തടഞ്ഞതുമാണ് അവിടെ സിപിഎമ്മിന്റെ രാഷ്ട്രീയ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. അതുകൊണ്ട് തന്നെ നന്ദിഗ്രാം എന്ന വാക്ക് പോലും സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നതാണ്.

കോട്ടയം മാടപ്പള്ളിയില്‍ കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകളെ പോലിസ് റോഡിലൂടെ വലിച്ചിഴച്ച നടപടി പരക്കെ വിമര്‍ശനത്തിനിടയാക്കി. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ സമരക്കാരായ സ്ത്രീകളെ അസഭ്യം പറഞ്ഞതും മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും വലിയ പ്രതിഷേധമാണുയര്‍ത്തിയത്. കോട്ടയത്തെ പോലിസ് നടപടി വലിയ ആക്ഷേപത്തിന് ഇടയാക്കിയതോടെ ഇന്ന് തിരൂരിലെ കല്ലിടല്‍ തന്നെ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. അവിടെ പള്ളിക്ക് സമീപത്ത് കല്ലിടാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് കല്ലിടല്‍ നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ചയിലെ കോട്ടയം സംഭവത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്റെ നേതൃത്വത്തില്‍ നടന്ന കല്ല് നീക്കല്‍ സമരത്തിനെതിരേ പോലിസ് കാര്യമായ ആക്ഷന്‍ എടുത്തില്ല.

ഒരുപാട് സമരങ്ങള്‍ കണ്ടവരാണ് ഇടതുപക്ഷമെന്ന് അഭിപ്രായപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം സ്്ത്രീകള്‍ക്കെതിരായുള്ള പോലിസ് നടപടി ഇടതുപക്ഷത്തെ സമ്മര്‍ദ്ധത്തിലാക്കി. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന മുഖ്യമന്ത്രിയുടെ ശനിയാഴ്ചയിലെ പ്രസ്താവന സമരക്കാരെ കൂടുതല്‍ പ്രകോപിതരാക്കുന്നതാണ്.

നേരത്തെ പ്രതിപക്ഷം വികസന വിരോധികളാണെന്നും വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്ന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആക്ഷേപം. എന്നാല്‍ ഈ വാദം വിജയിക്കാത്തതിനാല്‍, പോലിസ് വെടിവെയ്പ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നായിരുന്നു കോടിയേരി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം, തിരൂരും എറണാകുളത്തും പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും സര്‍വേ കല്ലിടല്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. അവിടങ്ങളില്‍ പോലിസ് കാര്യമായ ബലപ്രയോഗം നടത്താന്‍ ശ്രമിച്ചില്ല. മാടപ്പള്ളി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കാതെ പോലിസ് പിന്‍വാങ്ങിയത്.

അതിനിടെ, ഫ്രഞ്ച് കമ്പനി സിസ്‌കയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് കമ്മീഷന്‍ വാങ്ങിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം സര്‍ക്കാരിനെ വെട്ടിലാക്കും. കരിമ്പട്ടികയിലുള്ള കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടാണ് ഫ്രഞ്ച് കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

സില്‍വര്‍ ലൈന് സര്‍വേ നടത്തിയതിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കണ്‍സള്‍ട്ടന്‍സിയുടെ കമ്മീഷന്‍. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.

Next Story

RELATED STORIES

Share it