Latest News

കെ റെയില്‍വിരുദ്ധ സമരങ്ങളും തീവ്രവാദ സാന്നിധ്യവും

കെ റെയില്‍വിരുദ്ധ സമരങ്ങളും തീവ്രവാദ സാന്നിധ്യവും
X

സമരങ്ങളില്‍ പൊതുജനങ്ങള്‍ ഇടപെടുമ്പോള്‍ അതിനെ തീവ്രവാദസാന്നിധ്യമെന്ന ഉപമയിലൂടെ നേരിടുന്നത് പുതിയ കാലത്തിന്റെ ഒരു രീതിയാണ്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനാണ് കെ റെയിലിനെതിരേയുള്ള സമരത്തില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന പ്രസ്താവനയുമായി വന്നത്. സമരത്തില്‍ ഇടപെടുന്ന മുസ് ലിം ഗ്രൂപ്പുകളെ സൂചിപ്പിക്കാനാണ് മന്ത്രിയുടെ പ്രയോഗമെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയായില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരേ സമരത്തില്‍ ഇരട്ടത്താപ്പോടെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന സംഘപരിവാരങ്ങള്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധമറിയിച്ചു. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സാന്നിധ്യമുള്ളതുകൊണ്ട് ഈ വിഷയം മാധ്യമങ്ങളും കത്തിക്കാന്‍ മടിച്ചു.

ബാഹ്യ ഇടപെടല്‍, തീവ്രവാദ സാന്നിധ്യം ഈ പ്രയോഗങ്ങളാണ് സമരക്കാരെ ഒതുക്കാന്‍ കാലാകാലങ്ങളില്‍ ഭരണക്കാര്‍ ഉപയോഗിക്കുന്ന രൂപകങ്ങള്‍. ഒപ്പം നുഴഞ്ഞുകയറ്റം, മാവോവാദി, അന്യ സംസ്ഥാനക്കാരന്‍, ഭീകരന്‍ തുടങ്ങിയവയും തരാതരം ഉപയോഗിക്കും.

കാതികൂടത്ത് ജലാറ്റിന്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങള്‍ നടത്തിയ സമരത്തില്‍ ചിലര്‍ നുഴഞ്ഞുകയറിയെന്ന് ആരോപിച്ചത് ജനപ്രതിനിധിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപനാണ്. ഒരു സമരക്കാരനെ അദ്ദേഹം അതും പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു. സമരപോരാളി കാതികൂടത്തുള്ളയാളല്ലെന്നായിരുന്നു പറഞ്ഞത്. സ്വന്തം നാട്ടില്‍നിന്ന് ബഹുദൂരം അകലെ എംപിയും എംഎല്‍എയുമുള്ള നാട്ടിലാണ് ഈ തിണ്ണവാദം.

ദേശീയപാത സമരം, കൊക്കക്കോളാവിരുദ്ധ സമരം, ഇപ്പോള്‍ കെ റെയില്‍ വിരുദ്ധസമരം ഇതൊക്കെ ഭരണക്കാര്‍ ഇമ്മട്ടില്‍ ആക്ഷേപിച്ച സമരങ്ങളാണ്.

കേരളത്തിലെ സമരങ്ങളുടെ ചരിത്രം പഠിക്കുന്നയാളുകള്‍ക്കറിയാം. എല്ലാ സമരങ്ങളിലും പുറത്തുനിന്നുള്ളവര്‍ പങ്കെടുത്തിട്ടുണ്ട്. എകെജിയെക്കുറിച്ച് നാം കേട്ടുവച്ചതുതന്നെ സമരം ഉള്ളിടത്തേക്ക് അദ്ദേഹം ചാടിവീണുവെന്നാണ്. ഈ സ്വഭാവമാണ് ഇപ്പോള്‍ തീവ്രവാദമായി മാറിയത്. ആരോപണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ കമ്യൂണിസ്റ്റുകളും.

സമരങ്ങള്‍ക്കെതിരേ നടക്കുന്ന ഇത്തരം കുപ്രചരണങ്ങളെ അര്‍ഹിക്കുന്ന മട്ടില്‍ തള്ളിക്കളയുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്.

Next Story

RELATED STORIES

Share it