Latest News

മെസ്സിയുടെ അഭാവത്തിലും മിന്നും ജയവുമായി അര്‍ജന്റീന; കാനറികള്‍ക്ക് സമനില പൂട്ട്

മെസ്സിയുടെ അഭാവത്തിലും മിന്നും ജയവുമായി അര്‍ജന്റീന; കാനറികള്‍ക്ക് സമനില പൂട്ട്
X

ബ്യൂണസ് ഐറിസ്: ഇന്ന് നടന്ന അന്താരഷ്ട്ര സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനയ്ക്ക് മികച്ച വിജയം. കോസ്റ്ററിക്കയെ നേരിട്ട് അര്‍ജന്റീന ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയിച്ചത്. മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. 34 മിനിറ്റില്‍ ഉഗാല്‍ദ ആണ് കോസ്റ്റാറിക്ക ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ അവര്‍ക്ക് ആ ലീഡ് തുടരാന്‍ കഴിഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡി മരിയയുടെ ഒരു ഗംഭീര ഫ്രീകിക്ക് അര്‍ജന്റീനക്ക് സമനില നല്‍കി. 52ാം മിനിറ്റില്‍ ആയിരുന്നു ഡി മരിയയുടെ ഗോള്‍. ഈ ഗോള്‍ പിറന്ന് നാലു മിനിറ്റിനകം മാക്ക് അലിസ്റ്ററിലൂടെ അര്‍ജന്റീന ലീഡ് എടുത്തു. ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍. പിന്നീട് 77 മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ് മൂന്നാം ഗോള്‍ നേടിയതോടെ അര്‍ജന്റീനയുടെ വിജയം ഉറപ്പായി. ഈ ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ രണ്ടു മത്സരങ്ങള്‍ കളിച്ച അര്‍ജന്റീന രണ്ടു മത്സരവും വിജയിച്ചു.



ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ സ്‌പെിയിനിനോട് ബ്രസീലിന് സമനില. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കാനറികള്‍ തിരിച്ചടിച്ചത്. 12ാം മിനിറ്റില്‍ റൊഡ്രിയും 36ാം മിനിറ്റില്‍ ഡാനി ഓല്‍മോയുമാണ് സ്‌പെയിനിനായി ലീഡെടുത്തത്. തുടര്‍ന്ന് റൊഡ്രിഗോ 40ാം മിനിറ്റില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടി. പിന്നീട് 50ാം മിനിറ്റില്‍ എന്‍ഡ്രിക്ക് ബ്രസീലിന്റെ സമനില ഗോള്‍ നേടി. 87ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊഡ്രി സ്‌പെയിനിന് വീണ്ടും ലീഡ് നല്‍കി. വിജയം ഉറപ്പിച്ച സ്‌പെയിനിനെ ഞെട്ടിച്ച് കൊണ്ടാണ് ബ്രസീല്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ സ്‌കോര്‍ ചെയ്തത്. പെനാല്‍റ്റിയിലൂടെ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

മറ്റ് മല്‍സരങ്ങളില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തോട് സമനില വഴങ്ങി.നെതര്‍ലന്റസിനെതിരേ ജര്‍മ്മനി 2-1ന്റെ ജയം നേടി. സ്ലോവേനിയ പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ചിലിയെ ഫ്രാന്‍സ് 3-2നും വീഴ്ത്തി. ഉറുഗ്വെയെ ഐവറി കോസ്റ്റ് 2-1ന് പരാജയപ്പെടുത്തി. റുമാനിയക്കെതിരേ കൊളംബിയ 3-2ന്റെ ജയവും നേടി.



Next Story

RELATED STORIES

Share it