Latest News

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം; കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം; കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് മദ്യക്കടത്ത് സംഘങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിക്ക് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണത്തിലും മഞ്ചേശ്വരത്ത് മദ്യക്കടത്ത് സംഘത്തിന്റെ വാഹനമിടിച്ചും പരിക്കേറ്റ എക്‌സൈസ് ജീവനക്കാരുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. മദ്യക്കടത്ത്- മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നും സര്‍ക്കാരുണ്ടാവുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

മയക്കുമരുന്നിനും മദ്യക്കടത്തിനുമെതിരേ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങളെ ശക്തമായി നേരിടും. ആക്രമിച്ച് എക്‌സൈസിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതണ്ട. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും, മദ്യമയക്കുമരുന്ന് കടത്തിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മയക്കുമരുന്ന്- വ്യാജമദ്യ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ നടപടി മൂലം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരുന്നതോടെയാണ് സംഘങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെത്തന്നെ ആക്രമിക്കാന്‍ തയ്യാറാകുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ പിന്തുണയും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പൊലീസ് യഥാസമയം കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പുതിയ കാലത്തിന് അനുസരിച്ച് എക്‌സൈസിനെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. കൂടുതല്‍ യുവാക്കള്‍ സേനയിലെക്കെത്തുന്നുണ്ട്. എല്ലാ ഭീഷണികളെയും തടസങ്ങളെയും മറികടന്ന് അഴിമതി രഹിതവും ഊര്‍ജ്വസ്വലവും നിര്‍ഭയവുമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഓരോ ഉദ്യോഗസ്ഥനും തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it