Latest News

അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം; ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെതിരെ സിപിഎം അന്വേഷണം

അരുവിക്കര മണ്ഡലത്തിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത് വി കെ മധുവിനെയായിരുന്നു.

അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം; ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെതിരെ സിപിഎം അന്വേഷണം
X

തിരുവനന്തപുരം: അരുവിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി കെ മധുവിനെതിരെ സിപിഎം അന്വേഷണം. അരുവിക്കരയിലെ സ്ഥാനാര്‍ഥി ജി സ്റ്റീഫനെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാണ് വി കെ മധുവിനെതിരായ പരാതി.


മുന്‍ മേയര്‍ സി. ജയന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് പാര്‍ട്ടി ജില്ലാകമ്മിറ്റി നിയോഗിച്ചു. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സി ജയന്‍ബാബുവിനു പുറമെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ സി വിക്രമന്‍, ആര്‍ രാമു എന്നിവരാണ് അന്വേഷണ കമ്മീഷനിലുള്ളത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.


വിതുര ഏരിയാ സെക്രട്ടറി ഷൗക്കത്തലിയാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ മധുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജില്ലാ കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്തു. അരുവിക്കര മണ്ഡലത്തിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത് വി കെ മധുവിനെയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അരുവിക്കരയിലേക്ക് മധുവിന്റെ പേരു തന്നെ നിര്‍ദേശിച്ചെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് ജി സ്റ്റീഫനെ സ്ഥാനാര്‍ഥിയാക്കി. കെ.എസ്.ശബരീനാഥിനെ സ്റ്റീഫന്‍ അയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it