Latest News

ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവുശിക്ഷ; ഏഴ് വര്‍ഷം കൂടി തടവ് വിധിച്ച് മ്യാന്‍മര്‍ സൈനിക കോടതി

ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവുശിക്ഷ; ഏഴ് വര്‍ഷം കൂടി തടവ് വിധിച്ച് മ്യാന്‍മര്‍ സൈനിക കോടതി
X

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവുശിക്ഷ. മ്യാന്‍മര്‍ സൈനിക കോടതി ഏഴ് വര്‍ഷം കൂടിയാണ് സൂചിക്ക് തടവുശിക്ഷ വിധിച്ചത്. മുന്‍കേസുകളിലെ വിധി കൂടി കണക്കാക്കുമ്പോള്‍ സൂചിയുടെ തടവുശിക്ഷ ഇതോടെ 33 വര്‍ഷമായി. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറി നടന്ന ദിവസം മുതല്‍ സൂചി ഏകാന്ത തടവിലാണ്. 19 കേസുകളിലായി 18 മാസമാണ് സൂചി വിചാരണ നേരിട്ടത്. സൂചിക്കെതിരേ ചുമത്തിയ അവസാന അഞ്ച് കേസുകളിലാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.

മന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു, വാക്കിടോക്കികള്‍ ഇറക്കുമതി ചെയ്തു, ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു തുടങ്ങി 14 വ്യത്യസ്ത കുറ്റങ്ങളില്‍ സൂചിയെ ഇതിനകം ശിക്ഷിച്ചിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയിലായിരുന്നു സൂചിയുടെ വിചാരണ നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനും സൂചിക്കും വിലക്കുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും മ്യാന്‍മറിലെ നായ് പായ് താവില്‍ വീട്ടുതടങ്കലിലായിരുന്നു ഓങ് സാന്‍ സൂചി. കഴിഞ്ഞയാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൂചിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it