Latest News

ആവിക്കല്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്: അധികാരികളുടെത് വാശിയെന്ന് മുന്‍ എംഎല്‍എ വി ടി ബല്‍റാം

ആവിക്കല്‍  മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ്: അധികാരികളുടെത് വാശിയെന്ന് മുന്‍ എംഎല്‍എ വി ടി ബല്‍റാം
X

കോഴിക്കോട്: ആവിക്കല്‍ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ കാര്യത്തില്‍ അധികാരികളുടെത് വാശിയാണെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം. സമരപ്രദേശങ്ങളില്‍ സന്ദര്‍ശിച്ചശേഷം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കോര്‍പറേഷന്‍ നടപടിയെ വിമര്‍ശിച്ചത്.

പ്രളയസാഹചര്യം കണക്കിലെടുത്ത് നെതര്‍ലാന്‍ഡ്‌സ് മാതൃക നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ പ്രതിനിധികള്‍തന്നെ ഇത്തരം തലതിരിഞ്ഞ നടപടിയുമായി മുന്നോട്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.




''രണ്ട് കാര്യങ്ങളാണ് എത്രയാലോചിച്ചിട്ടും മനസ്സിലാവാത്തത്. തുടര്‍ച്ചയായ പ്രളയത്തിന് ശേഷമുള്ള റീബില്‍ഡ് കേരള പരിശ്രമങ്ങള്‍ക്ക് നമ്മുടെ പഴയ വികസന മാതൃകകള്‍ പോരാതെ വന്നിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സ് മാതൃകയിലുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയൊക്കെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നാടാണല്ലോ കേരളം. പ്രളയജലത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തുകയും വെള്ളം എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാനുള്ള വഴികള്‍ തുറക്കുകയും ചെയ്യുക എന്നതാവണം പ്രളയ നിയന്ത്രണ ശ്രമങ്ങളുടെ പ്രാഥമിക ഫോക്കസ്. എന്നിട്ടും എന്തിനാണ് ആവിക്കല്‍തോട് പകുതിയോളം വീതിയില്‍ മണ്ണിട്ട് തൂര്‍ത്തുതന്നെ ഈ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. അവിടെയിട്ട മണ്ണ് എത്രയും പെട്ടെന്ന് എടുത്തുമാറ്റി തോടിന്റെ സ്വാഭാവിക വീതി വീണ്ടെടുക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം.


മലിനജലസംസ്‌ക്കരണ പ്ലാന്റുകളും ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുമൊക്കെ നമ്മുടെ പ്രധാന നഗരങ്ങളിലെല്ലാം യാഥാര്‍ത്ഥ്യമാവേണ്ട കാലം എന്നേ കഴിഞ്ഞു. എന്നാല്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില മിനിമം ജാഗ്രത അനിവാര്യമാണ്. ആള്‍ത്താമസമില്ലാത്ത സ്ഥലങ്ങളോ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളോ ആണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. കോഴിക്കോട് കോര്‍പ്പറേഷന് കീഴില്‍ത്തന്നെ ഇങ്ങനെ വേറെയും സ്ഥലമുണ്ടായിട്ടും എന്തിന് മത്സ്യത്തൊഴിലാളികളടക്കമുള്ള സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ആവിക്കല്‍തോട് പ്രദേശം തന്നെ പ്ലാന്റിനായി തെരഞ്ഞെടുത്തു എന്നതിന് തൃപ്തികരമായ ഒരു വിശദീകരണവും കോര്‍പ്പറേഷനോ സര്‍ക്കാരിനോ ഇല്ല''-

സമരനേതാക്കള്‍ക്കെതിരേ തീവ്രവാദ ചാപ്പ ചുമത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. സിപിഎം നേതൃത്വമാണ് സമരത്തില്‍ തീവ്രവാദികളാണെന്ന ആരോപണവുമായി മുന്നോട്ടുവന്നത്.

Next Story

RELATED STORIES

Share it