Latest News

പിണറായിയെ മുതലാളിത്തത്തിന്റെ ദത്ത് പുത്രനാക്കി; പിന്നീട് ഇഎംഎസിനേക്കാള്‍ മികച്ച മുഖ്യമന്ത്രിയെന്ന് തിരുത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍

വിഎസിനെ അപായപ്പെടുത്താന്‍ യുവജന സംഘടനാ നേതാക്കള്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലും ഏറെ ചര്‍ച്ചയായിരുന്നു

പിണറായിയെ മുതലാളിത്തത്തിന്റെ ദത്ത് പുത്രനാക്കി; പിന്നീട് ഇഎംഎസിനേക്കാള്‍ മികച്ച മുഖ്യമന്ത്രിയെന്ന് തിരുത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍
X

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്ന് പിണറായിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു അന്തരിച്ച ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടി കലാപങ്ങളില്‍ വിഎസിന്റെ വലം കൈയ്യായിരുന്നു കുഞ്ഞനന്തന്‍. സിപിഎമ്മിനെതിരെ വലതുപക്ഷ സമീപനം ആരോപിച്ച് രൂക്ഷമായി വിമര്‍ശനങ്ങളുന്നയിച്ച മുതിര്‍ന്ന നേതാവ് കൂടിയായിരുന്നു കുഞ്ഞനന്തന്‍ നായര്‍. പിണറായി വിജയനെ വ്യക്തിപരമായും രാഷ്ട്രീയ നിലപാടുകളുടെ പേരിലും ബെര്‍ലിന്‍ വിമര്‍ശിച്ചിരുന്നു. വിഭാഗീയതയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ തുടര്‍വിമര്‍ശനങ്ങള്‍ നടത്തിയതോടെ 2005ലാണ് കുഞ്ഞനന്തനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയിലെ വിഭാഗീയതയെ കുറിച്ച് എഴുതിയ പൊളിച്ചെഴുത്ത് എന്ന ആത്മകഥയും ഇടതുപക്ഷത്ത് ഏറെ വിവാദമായിരുന്നു. വിഎസിനെ അപായപ്പെടുത്താന്‍ യുവജന സംഘടനാ നേതാക്കള്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലും ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പിണറായി വിജയനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിണറായിക്കെതിരെ ഉന്നയിച്ച പല കാര്യങ്ങളും തെറ്റായിരുന്നുവെന്നാണ് 2021ല്‍ മാധ്യമങ്ങളോട് കുഞ്ഞനന്തന്‍ പറഞ്ഞത്.

മുതലാളിത്വത്തിന്റെ ദത്തുപുത്രനല്ലെന്ന് പിണറായി തെളിയിച്ചു. വിഭാഗീയതയുടെ കാലത്ത് വിഎസ് അച്യുതാനന്ദനൊപ്പം നിന്നു. അത് താനും വിഎസും ഇപ്പോള്‍ തിരുത്തുകയാണ്. പിണറായിയാണ് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി. ഒരുപക്ഷേ ഇഎംഎസിനേക്കാള്‍ പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് പിണറായി. പിണറായിയെ നേരിട്ടുകണ്ട് ക്ഷമ പറയണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ പറഞ്ഞിരുന്നു.

പൊളിച്ചെഴുത്ത് എന്ന ആത്മകഥയിലും ഒളികാമറകള്‍ പറയാത്തത് എന്ന അനുഭവക്കുറിപ്പിലും പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനത്തെക്കുറിച്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

1943ലാണ് ബര്‍ലില്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി അംഗമാവുന്നത്. കൃഷ്ണപിള്ള, എകെജി, ഇഎംഎസ് എന്നീ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ബോംബെയില്‍ നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ബര്‍ലിന്‍.

പിണറായിയെക്കുറിച്ച് പറഞ്ഞത്

30 വര്‍ഷമായി വളരെ അടുത്ത് അറിയാവുന്ന ആളുകളാണ് ഞങ്ങള്‍. ഇടക്കാലത്ത് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനാല്‍ തമ്മില്‍ കണ്ടിട്ടില്ല. ഏറ്റവും പ്രിയപ്പെട്ട നേതാവായാണ് പിണറായിയെ കാണുന്നത്. എന്റെ പുസ്തകത്തിലെ പിണറായിക്കെതിരായ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നുകൊണ്ട് യാത്രയാവണം എന്നാണ് ആഗ്രഹം. കുറ്റബോധം ഉണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കി തന്നിരുന്നു. അതിന് നന്ദി അറിയിക്കണം. തനിക്ക് തെറ്റു പറ്റിയെന്ന കാര്യവും പിണറായിയോട് പറയണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേള്‍ക്കാമല്ലോ. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഏറെ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തി കൂടിയായിരുന്നു കുഞ്ഞനന്തന്‍. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it