Latest News

ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികള്‍; കേന്ദ്ര മന്ത്രി വി മുരളീധരനെ ട്രോളി മന്ത്രി തോമസ് ഐസക്

ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികള്‍; കേന്ദ്ര മന്ത്രി വി മുരളീധരനെ ട്രോളി മന്ത്രി തോമസ് ഐസക്
X

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെ സ്വന്തം സ്വാധീനശക്തിയെക്കുറിച്ച് ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പരിഹസിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പിണറായി വിജയനെ കേന്ദ്ര ഏജന്‍സികളെക്കൊണ്ട് പൊക്കി അകത്തിടാന്‍ ഈ തടി പോരെന്ന് പിണറായി വിജയന്‍ തന്നെ മറുപടി നല്‍കിയത് മറന്നുപോയോ എന്നും അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരന്‍ജി വിചാരിച്ചാല്‍ നടക്കുകയില്ലെന്നും മന്ത്രവാദിയ്ക്കു കഴിയാത്തത് പരികര്‍മ്മിയെക്കൊണ്ടാവുമോ, ജീ? എന്നും ഐസക് ചോദിച്ചു.

''മുരളീധരനെപ്പോലുള്ളവര്‍ക്ക്, വിമര്‍ശനവും മറുപടി പറയുന്നതുമൊക്കെ 'പ്രകോപന'മാണ്. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കുന്നവരെ 'പൊക്കി അകത്തിടാന്‍' കല്‍പന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജന്‍സികളുടെ തുടലൂരിവിടുംപോലും. കാടിളക്കി വരുന്ന അവര്‍ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വിമര്‍ശനം പ്രകോപനമാണെങ്കില്‍ ഞങ്ങള്‍ ഇനിയും പ്രകോപിപ്പിക്കും. സാക്ഷാല്‍ മോദിയെയും അമിത്ഷായെയും പിണറായി വിജയന്‍ നേരിട്ടിറങ്ങിത്തന്നെയാണ് 'പ്രകോപിപ്പിക്കുന്നത്'. കഴിഞ്ഞ ദിവസവും കണ്ടില്ലേ? അതിനിയും തുടരും. എതിര്‍ശബ്ദങ്ങളെ അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും നിങ്ങള്‍ പോകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് വിമര്‍ശനങ്ങള്‍ സധൈര്യം ഉയര്‍ത്തുന്നത്. അതിന്റെ പേരില്‍ പൊക്കി അകത്തിടാനുള്ള ബലമൊന്നും നിങ്ങളിലാരുടെയും തടിയ്ക്കില്ലെന്നും ഓര്‍ക്കുക''- ഐസക് പരിഹസിച്ചു.

പിണറായി വിജയന്‍ നടത്തിയ അഴിമതികളുടെ പൂര്‍ണവിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കയ്യിലുണ്ടെന്നും അത് തല്‍ക്കാലം ഉപയോഗിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ തിരുവന്തപുരത്ത് പ്രസംഗിച്ചിരുന്നു. താനല്ല ഏറ്റുമുട്ടല്‍ കൊലയുടെ പേരില്‍ അമിത്ഷായാണ് ജയിലില്‍ കിടന്നതെന്ന് പിണറായി വിജയനും തിരിച്ചടിച്ചു. അത് സൂചിപ്പിച്ചുകൊണ്ടാണ് ഐസക്കിന്റെ എഫ് ബി പോസ്റ്റ്.

മുഴുവന്‍ പോസ്റ്റ്

ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാല്‍ 'പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു'വത്രേ. 'അതിനീത്തടി പോരെ'ന്ന് പിണറായി വിജയന്‍ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജന്‍സികളെയും ഉള്ളംകൈയില്‍ കൊണ്ടുനടക്കുന്ന അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരന്‍ജി വിചാരിച്ചാല്‍ നടക്കുമോ? മന്ത്രവാദിയ്ക്കു കഴിയാത്തത് പരികര്‍മ്മിയെക്കൊണ്ടാവുമോ, ജീ?

മുരളീധരനെപ്പോലുള്ളവര്‍ക്ക്, വിമര്‍ശനവും മറുപടി പറയുന്നതുമൊക്കെ 'പ്രകോപന'മാണ്. അങ്ങനെ ചെയ്താല്‍ വിമര്‍ശിക്കുന്നവരെ 'പൊക്കി അകത്തിടാന്‍' കല്‍പന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജന്‍സികളുടെ തുടലൂരിവിടുംപോലും. കാടിളക്കി വരുന്ന അവര്‍ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി.

വിമര്‍ശനം പ്രകോപനമാണെങ്കില്‍ ഞങ്ങള്‍ ഇനിയും പ്രകോപിപ്പിക്കും. സാക്ഷാല്‍ മോദിയെയും അമിത്ഷായെയും പിണറായി വിജയന്‍ നേരിട്ടിറങ്ങിത്തന്നെയാണ് 'പ്രകോപിപ്പിക്കുന്നത്'. കഴിഞ്ഞ ദിവസവും കണ്ടില്ലേ? അതിനിയും തുടരും. എതിര്‍ശബ്ദങ്ങളെ അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും നിങ്ങള്‍ പോകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് വിമര്‍ശനങ്ങള്‍ സധൈര്യം ഉയര്‍ത്തുന്നത്. അതിന്റെ പേരില്‍ പൊക്കി അകത്തിടാനുള്ള ബലമൊന്നും നിങ്ങളിലാരുടെയും തടിയ്ക്കില്ലെന്നും ഓര്‍ക്കുക.

നിങ്ങള്‍ക്ക് ആകെ ചെയ്യാനാവുന്നത്, ഇപ്പോള്‍ കാണുന്നതുപോലെ വ്യാജമൊഴി ഉണ്ടാക്കി പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കലാണ്. അതിന്റെ ആയുസെത്രയുണ്ടാകുമെന്ന് ഈ നാടിന് നന്നായി അറിയാം. കാരണം, അത് കേരളത്തിന് അപരിചിതമായ ഒരു കാഴ്ചയല്ല. ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്.

താനൊരു കേന്ദ്രമന്ത്രിയാണ് എന്ന കാര്യം പലപ്പോഴും മുരളീധരന്‍ മറന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് കേസന്വേഷണം സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ചോദ്യോത്തര പംക്തി തുടങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അമിത്ഷാ തെളിക്കുന്ന വഴിയേ അല്ലേ അദ്ദേഹത്തിന് പോകാനാവൂ. ദുരൂഹമരണത്തെക്കുറിച്ചൊക്കെ അമിത് ഷാ പൊതുസമ്മേളനത്തില്‍ പറഞ്ഞപ്പോഴാണല്ലോ നമ്മളറിഞ്ഞത്. അതുപോലെ ഏതോ ഐഡന്റിറ്റി കാര്‍ഡും പൊക്കിപ്പിടിച്ചാണ് മുരളീധരന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഏതായാലും അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. ചോദ്യം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും അന്വേഷണ ഏജന്‍സികളാണ്. തനിക്കുള്ള ചോദ്യങ്ങള്‍ മുരളീധരന്‍ എന്‍ഐഎ വഴി തീര്‍ക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരെടുത്ത കേസും അതിന്റെ വഴിയേ പോകും..

സ്വര്‍ണക്കടത്ത് കേസ് ആദ്യം അന്വേഷിച്ചത് എന്‍ഐഎ ആണ്. അവര്‍ കുറ്റപത്രവും നല്‍കിയിട്ടുണ്ട്. കേന്ദ്രാനുമതിയില്ലാതെ ആര്‍ക്കോ തിരിച്ചറിയല്‍ കാര്‍ഡു കൊടുത്തതും പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിനു തീപിടിച്ചതുമൊക്കെ എങ്ങനെയെന്ന് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. മുരളീധരന്‍ജീയുടെ സംശയങ്ങള്‍ അവരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടിയിരുന്നത്.

സ്വര്‍ണം കൊടുത്തയച്ചവരെ ഇതുവരെ പിടിച്ചിട്ടില്ല. കള്ളക്കടത്തിനു നയതന്ത്ര ചാനല്‍ മറയാക്കിയവര്‍ രായ്ക്കു രാമാനം രാജ്യം വിട്ടു. കള്ളക്കടത്തു നടത്തിയത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ പറഞ്ഞപ്പോഴോ, അങ്ങനെയല്ല എന്ന് സ്ഥാപിക്കാന്‍ ചാനലുകള്‍ കയറിയിറങ്ങി ഘോരഘോരം വാദം. എന്നിട്ട് കള്ളക്കടത്ത് സ്വര്‍ണം ഏറ്റുവാങ്ങാന്‍ റെഡിയായി നിന്നവരൊന്നും സംശയമുനയിലല്ല എന്നു സാക്ഷ്യപത്രവും വിതരണം ചെയ്തു.

അതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ ഏതോ ഐഡന്റിറ്റി കാര്‍ഡിന്റെ കഥയുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്രസഹമന്ത്രിയെക്കാണുമ്പോള്‍ പട്ടണപ്രവേശത്തിലെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെയാണ് ഓര്‍മ്മ വരുന്നത്.

ഇനി 'ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികള്‍' എന്നു ചോദിക്കുന്ന ആ മന്ത്രിയെ...

Next Story

RELATED STORIES

Share it