- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീമാപള്ളി വെടിവയ്പിന് 13 വയസ്സ്; പോലിസ് കഥകള്‍ക്ക് കൈയൊപ്പ് ചാര്‍ത്തുന്ന കമ്മിഷന്‍ ഇരകളെ അപഹസിക്കുന്നു
വെടിയേറ്റ മനുഷ്യരെ അവരുടെ പ്രദേശത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ കുറ്റവാളികളാക്കുന്നത് അപകടകരമായ പ്രവണതയാണ്
ആറുപേരെ ഭരണകൂടം വെടിവെച്ച് കൊന്നതിന് പുറമെ ആ മനുഷ്യരെ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് അന്വേഷണ കമ്മിഷന്‍. ബീമാപള്ളി വെടിവെയ്പിനെകുറിച്ച് അന്വേഷിച്ച രാമകൃഷ്ണന്‍ കമ്മിഷനാണ് ഇരകളെ കുറ്റവാളിയാക്കുന്ന രൂപത്തില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മിഷന്‍ റിപോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പേ തന്നെ ബീമാപള്ളി മഹല്ല് ജമാഅത്ത്, കമ്മിഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കമ്മിഷന്‍ റിപോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും തുറന്നടിച്ചത്.
വെടിയേറ്റ മനുഷ്യരെ അവരുടെ പ്രദേശത്തിന്റെ പേരിലോ മതത്തിന്റെ പേരിലോ കുറ്റവാളികളാക്കുന്നത് അപകടകരമായ പ്രവണതയാണ്. വെടിയേറ്റു ജീവച്ഛവമായി കഴിയുന്നവരെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്.
ബീമാപള്ളി പോലിസ് വെടിവയ്പ് ഒട്ടേറെ ദുരൂഹതകളുള്ളതാണ്. ബീമാപള്ളിയില്‍ വെടിവയ്പിന് തലേ ദിവസം സംഘര്‍ഷമുണ്ടായി എന്നത് വസ്തുതയാണ്. എന്നാല്‍, ആറു പേരെ കൂട്ടക്കൊല ചെയ്യാനും 52 പെരെ വെടിവെച്ച് പരിക്കേല്‍പ്പിക്കാനും തക്കതായിരുന്നില്ല ആ സംഘര്‍ഷങ്ങള്‍. പക്ഷേ, പോലിസിന്റെ ക്രിമിനല്‍ സ്വഭാവം വ്യക്തമാവുന്നതാണ് വെടിവയ്പ്പിനോടനുബന്ധിച്ച് പ്രചരിപ്പിച്ച കഥകള്‍.
2009 മെയ് 16നാണ് തിരുവനന്തപുരം കോര്‍പറേഷന്റെ ഭാഗമായ ബീമാപള്ളിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലും ഒരു ക്രിമിനലോ, സാമൂഹ്യ വിരുദ്ധ സംഘമോ, പോലിസിന്റെ ഉപകരണമായി പ്രത്യക്ഷപ്പെടാറുണ്ട്. അത് പോലെ ബീമാപള്ളിയിലും കൊമ്പ് ഷിബു എന്ന ജയിംസും അനുജനും സംഘവുമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
ഒരു തീര്‍ഥാടന കേന്ദ്രവും അതിനെ കേന്ദ്രീകരിച്ചുള്ള കച്ചവടവുമാണ് ബീമാപള്ളിക്കാരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. തുടക്കത്തില്‍ ഗള്‍ഫും പിന്നീട് ചൈനീസ് സാധനങ്ങളുടേയുമാണ് പ്രധാന കച്ചവടം. പഴയ തലമുറയിലെ കുറച്ച് ആളുകള്‍ മല്‍സ്യബന്ധനത്തിലും പോകുന്നുണ്ട്.
മറ്റു കടലോര ഗ്രാമങ്ങളുടെ സ്വഭാവമല്ല ബീമാപള്ളിക്കുള്ളത്. ജാതി-മത ഭേദമന്യേ ധാരാളം പേരെത്തുന്ന സ്ഥലം. കച്ചവടത്തിന് തടസ്സമാവുന്ന ഒന്നിനും സാധാരണ ബീമാപള്ളിക്കാര്‍ നില്‍ക്കാറില്ല. മറ്റ് മേഖലകളില്‍ കാണുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന ബീമാപള്ളിയില്‍ കുറവാണ്. കൂടുതലും രക്തബന്ധുക്കളാണ്. ജമാഅത്തോ കുടുംബത്തിലെ മുതിര്‍ന്നവരോ ഇടപെട്ട്് ഏത് പ്രശ്‌നവും പരിഹരിക്കും. അടുത്തുള്ള പൂന്തുറ പോലിസ് എത്തുമ്പോഴേക്കും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടാവും. അതുകൊണ്ട് ബീമാപള്ളിക്കാരുടെ പരാതി കേസാവില്ലെന്ന് പോലിസിന് നന്നായി അറിയാം.
വെടിവയ്പില്‍ പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്ന മനുഷ്യര്‍ക്ക് തുടര്‍സഹായം പോലും നിഷേധിക്കാന്‍ ഇട വരുത്തുന്ന പക്ഷപാതപരമായ റിപോര്‍ട്ടായി മാത്രമേ കമ്മിഷന്‍ വിലയിരുത്തലുകളെ കാണാനാവൂ. ജീവിതം വഴിമുട്ടിയ നിരപരാധികളായ ഈ മനുഷ്യരെയാണ് പോലിസ് ക്രിമിനലുകളായി ചിത്രീകരിച്ച് കമ്മിഷന് മുന്‍പില്‍ അവതരിപ്പിച്ചത്. പോലിസിന് ഒരുപക്ഷേ, നിരവധി മനുഷ്യരെ വെടിവെച്ച് കൊന്നതിന് അച്ചടക്ക നടപടിയില്‍ നിന്ന് രക്ഷനേടാന്‍ നുണക്കഥകള്‍ മെനയേണ്ടതുണ്ടായിരുന്നു. എന്നാല്‍, കമ്മിഷന്‍ പോലിസ് വാദങ്ങളില്‍ മാത്രം ഊന്നി അന്വേഷണം അവസാനിപ്പിക്കുമ്പോള്‍, ഇരകളുടെ പക്ഷം ആരു പറയുമെന്ന ചോദ്യം ബാക്കിയാവുന്നു.
മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കല്‍
പൊതുവേ, മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളെ അപഹസിക്കലും ക്രിമിനല്‍വല്‍ക്കരിക്കലും പതിവാണ്. അപകടകാരികളായ മനുഷ്യരാണ് അവിടങ്ങളില്‍ താമസിക്കുന്നത് എന്ന നിലയിലാണ് പ്രചാരണം. പ്രത്യേകിച്ച് കടലോരങ്ങളില്‍ കൂട്ടമായി താമസിക്കുന്ന മുസ്‌ലിംകളെയാണ് ഇത്തരത്തില്‍ ടാര്‍ജറ്റ് ചെയ്യപ്പെടുന്നത്. ഇത്തരം ക്രിമിനല്‍വല്‍ക്കരണത്തിന് പിന്നില്‍ പോലിസാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. സെന്‍സിറ്റീവ് ഏരിയയായി ഇത്തരം പ്രദേശങ്ങളെ മുദ്രകുത്തും. പൊതുവേ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളെയാണ് ഇത്തരത്തില്‍ മോശമാക്കി ചിത്രീകരിക്കുന്നത്.
പ്രശ്‌നങ്ങളെ അതിവൈകാരികമായി സമീപിക്കും, പെട്ടന്ന് പ്രകോപിതരാകും, ആയുധം പ്രയോഗിക്കാന്‍ മടിക്കില്ല. തുടങ്ങിയ മുന്‍വിധികളാണ് നിലനില്‍ക്കുന്നത്. ഇസ്‌ലാം പേടിയുടെ ആദ്യരൂപം ഇവിടെ നിന്നാകാം വികസിച്ചത്. യഥാര്‍ഥത്തില്‍ വൈകാരിക ചിന്തയില്‍ നിന്ന് വളരെ അകലെയാണ് ആ പ്രദേശത്തുകാര്‍. എന്നോ ആരോ പടച്ചുവിട്ട നുണക്കഥകളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇത്തരം പ്രചാരണങ്ങളാണ് മാലിക് പോലുള്ള സിനിമകളും ഏറ്റെടുത്തിട്ടുള്ളത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കൊ ആയുധപ്പുരകളാണെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നമെന്നുമുള്ള സങ്കല്‍പങ്ങളെ അരക്കിട്ടുറപ്പിക്കുന്നതാണ് മാലിക് സിനിമ. ഇതേ മുന്‍വിധികളാണ് വെടിവയ്പിലേക്ക് നയിച്ചതെന്ന് നിസംശയം പറയാം. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടികളുള്‍പ്പെടെയുള്ളവരെ ഒരു ഭീകര അക്രമിക്കൂട്ടമായി പോലിസ് കണ്ടതും അതുകൊണ്ടാണ്.
ബീമാപള്ളിക്കാരോട് മറ്റ് പ്രദേശത്തുള്ളവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ആയുധം, കള്ളക്കടത്ത്, കുറ്റവാളികളുടെ കേന്ദ്രം അങ്ങനെയൊക്കെയാണ് കാണാറുള്ളത്. എന്നാല്‍ തൊട്ടടുത്ത പൂന്തുറ സ്റ്റേഷനില്‍ അന്വേഷിച്ചാല്‍ അങ്ങനെയൊരു ക്രിമിനല്‍ പശ്ചാത്തലം ബീമാപള്ളിക്കില്ലെന്ന് അറിയാം. ബീമാപള്ളി വെടിവയ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ വലിയ ഗുണ്ടാ ആക്രമണമോ, വര്‍ഗ്ഗീയ കലാപമോ, കൊലപാതകമോ ബീമാപള്ളിയില്‍ നടന്നിട്ടില്ല.
ബീമാപള്ളി വെടിവയ്പ് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കും; അതിനാല്‍ പരമാവധി ആ വാര്‍ത്തയെ തമസ്‌കരിക്കാനും, ചര്‍ച്ചയാകാതിരിക്കാനും അക്കാലത്തെ തലസ്ഥാനത്തെ പല മാധ്യമകേന്ദ്രങ്ങളും സ്‌നേഹരൂപേണ നിര്‍ബന്ധിച്ചിരുന്നു.
രാമകൃഷ്ണന്‍ കമ്മിഷനും പോലിസിന്റെ വാദങ്ങളെയാണ് മുഖവിലക്കെടുത്തത്. അതുകൊണ്ടാണ് വര്‍ഗ്ഗീയ കലാപം തടയാന്‍ പോലിസിന് വെടിവയ്‌ക്കേണ്ടി വന്നു എന്നും പോലിസിനെതിരേ തിടുക്കപ്പെട്ട് അച്ചടക്ക നടപടിയെടുക്കരുതെന്നും ശുപാര്‍ശ ചെയ്യുന്നത്. കമ്മീഷന്റെ ഈ വാദങ്ങള്‍ക്കെതിരേ ബീമാപള്ളി മഹല്ല് സംയുക്ത ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം കലാപമോ പൂന്തുറ കലാപമോ ചൂണ്ടി ബീമാപള്ളിക്കാരെ സംശയമുനയില്‍ നിര്‍ത്താനാണ് ഭരണകൂടവും പോലിസും ശ്രമിച്ചത്.
നാട്ടിലെ സ്ഥിരം കുറ്റവാളിയായ കൊമ്പ് ഷിബുവിനെ ഇളക്കിവിട്ടത് ആരാണ്, കൊമ്പു ഷിബു, അനുജന്‍ മണിക്കുട്ടന്‍, മാതാവ് എന്നിവര്‍ നിരവധി തവണ കഞ്ചാവ് കേസില്‍ പ്രതികളായിട്ടുണ്ട്. കൊമ്പ് ഷിബുവും അനുജനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പോലിസും കൊമ്പ് ഷിബുവുമായി എന്തെങ്കിലും ധാരണയുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മെയ് 16ന് ബീമാപള്ളിക്കാരുടെ രണ്ട് വള്ളങ്ങള്‍ കൊമ്പ് ഷിബു കത്തിച്ചു. ഉറൂസിന് 9ദിവസം മാത്രം ശേഷിക്കേ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയത് ആരാണ്. ഈ സംഭവത്തോടനുബന്ധിച്ച് കൊമ്പ് ഷിബുവിനും സംഘത്തിനും നേരത്തേ വിരോധമുണ്ടായിരുന്ന പ്രദേശത്തെ ഗിരീഷിന്റെ ഹോട്ടലും വാഹനവും തകര്‍ത്തു. തിരക്കുള്ള ആ വൈകുന്നേരം പരസ്പരം കല്ലേറുണ്ടായപ്പോഴും പോലിസ് സാന്നിധ്യമുണ്ടായിരുന്നു. ബൈക്കുകള്‍ തകര്‍ത്തു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ആ സംഘര്‍ഷം അവിടെ അവസാനിച്ചു. പക്ഷേ ഈ സംഭവത്തില്‍ പോലിസ് കാര്യമായി ഇടപെട്ടില്ല.
അപ്പോഴൊക്കൊയും മൗനം പാലിച്ച പോലിസ്, പിറ്റേ ദിവസം ചെറിയതുറ ഭാഗത്ത് നിന്ന് ബീമാപള്ളിയിലേക്ക് കല്ലേറുണ്ടായപ്പോള്‍, ബീമാപള്ളിക്കാര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു.
നിയോജല്‍ 90 അന്വേഷണം
ഉഗ്രസ്‌ഫോടക ശേഷിയുള്ള നിയോജല്‍-90 ചെറിയതുറ ഭാഗത്ത് കണ്ടെത്തിയിരുന്നു. പോലിസാണ് നിയോജല്‍ കണ്ടെത്തുന്നത്. ഇത് ആര് അവിടെ കൊണ്ടിട്ടു എന്നത് ദുരൂഹമാണ്. സാധാരണ കേരളത്തില്‍ കാണാത്ത അതീവ സ്‌ഫോടക ശേഷിയുള്ള നിയോജല്‍ ബീമാപള്ളി പ്രദേശത്ത്് എങ്ങനെയാണ് കാണപ്പെട്ടത്. ഇതേക്കുറിച്ച്് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ആ അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. ബീമാപള്ളിക്കാരെ കൊടും ഭീകരരാക്കി ചിത്രീകരിക്കാന്‍ അന്ന് ഇത് ധാരാളമായിരുന്നു. ജുഡിഷ്വല്‍ അന്വേഷണം വഴിതിരിച്ച് വിടാനും ഇത് ഇടയാക്കിയതായി സംശയിക്കുന്നു.
ഇതിന് പുറമെ, രാമകൃഷ്ണന്‍ കമ്മിഷന് മുന്‍പാകെ മല്‍സ്യത്തൊഴിലാളി സ്ത്രീ നിയോജല്‍ 90 സ്‌ഫോടക വസ്തു ഉപയോഗിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. എങ്ങനെ, എവിടെ നിന്നാണ് ആ മല്‍സ്യത്തൊഴിലാളി സ്ത്രീക്ക് നിയോജല്‍ എന്ന പേര് കിട്ടുന്നത്. ഉയര്‍ന്ന വിദ്യ നേടിയവര്‍ക്ക് പോലും പരിചയമില്ലാത്ത പേര് ഒരു സാധാരണ മല്‍സ്യത്തൊഴിലാളി സ്ത്രീ പറയുന്നുവെങ്കില്‍ അതിന് പിന്നില്‍ മറ്റാരോ ഉണ്ട് എന്നാണ് കരുതാനാവുക.
മെയ് 17ന് പോലിസിനെ നേരെ ഒരു തരത്തിലുള്ള ആക്രമണവുണ്ടായിട്ടില്ല. പോലിസിന് നേരെ ബോംബേറുണ്ടായി, കല്ലേറുണ്ടായി എന്നത് കളവാണ്. ബീമാപള്ളി-ചെറിയതുറ പാതയിലായിരുന്നു പോലിസ് കാംപ്് ചെയ്തിരുന്നു. ഉച്ചയ്ക്ക് ചെറിയതുറ കടപ്പുറം ഭാഗത്ത് നിന്ന് കൊമ്പ് ഷിബുവും 20 ഓളം വരുന്ന സംഘവുമാണ് കല്ലേറ് തുടങ്ങിയത്. കല്ലേറിന് പിന്നാലെ പെട്രോള്‍ ബോംബും ബീമാപള്ളി ഭാഗത്തേക്ക് എറിഞ്ഞു. ഈ ശബ്ദം കേട്ടാണ് കൂടുതല്‍ പേര്‍ കടപ്പുറത്തേക്ക് വരാന്‍ തുടങ്ങിയത്.
അന്ന് ഞായറാഴ്ച അവധി ദിവസമായിരുന്നതിനാല്‍, കടപ്പുറം മുറ്റമായി കാണുന്ന പ്രായം ചെന്നവര്‍, വിവിധ കളികളില്‍ ഏര്‍പ്പെട്ടവര്‍, എന്നിവര്‍ പെട്ടന്ന് തടിച്ച് കൂടി. കടപ്പുറത്ത് അടുത്തടുത്താണ് വീടുകള്‍. അതുകൊണ്ട് തന്നെ പെട്ടന്ന് ആളുകള്‍ കൂട്ടമായി പുറത്തേക്ക് ഇറങ്ങി.
ഉടനെ പ്രധാന റോഡില്‍ നിന്ന് പോലിസ് സംഘം ബീമാപള്ളി ഭാഗത്തേക്ക് ഇരച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ് മുന്നറിയിപ്പില്ല, ആകാശത്തേക്ക് വെടിവയ്ക്കലില്ല- ഏകപക്ഷീയമായി വെടിവയ്പ്്. വള്ളത്തില്‍ ചാരി അരമയക്കത്തിലായിരുന്ന അഹമദ് കണ്ണ്, ഉള്‍പ്പെടെ രണ്ട് പേര്‍ അപ്പോള്‍ തന്നെ വെടിയേറ്റു വീണു. ആളുകള്‍ പരക്കം പായാന്‍ തുടങ്ങി. പുറകിലുള്ളവര്‍ക്ക് എന്താ സംഭവിക്കുന്നതെന്ന് അറിയുന്നില്ല. വീടുകളില്‍ നിന്ന് ഓടിവരുന്നവര്‍ക്ക് വെടിയേല്‍ക്കുന്നു. നാലു പേര്‍ അപ്പോള്‍ തന്നെ മരിക്കുന്നു. പിന്നീട് രണ്ടു പേര്‍ കൂടി മരിച്ചു. അടികൊണ്ട് മരിച്ചു എന്നു പോലിസ് പറയുന്നയാള്‍ക്ക് അടികൊള്ളാന്‍ അവിടെ യാതൊരു സാഹചര്യവുമില്ല. കാരണം ആദ്യം വെടിയേറ്റ ആളുകളില്‍ ഒരാള്‍ക്കാണ് അടിയേറ്റെന്ന് പറയുന്നത്. പോലിസില്‍ നിന്നും അക്രമികളില്‍ നിന്ന് 50 മീറ്ററിലധികം ദൂരെയാണ് ഇവരുണ്ടായിരുന്നത്. വെടിവയ്പിനിടെ പരിഭ്രാന്തരായവരാണ് വീടുകള്‍ക്ക് കല്ലേറ് നടത്തിയത്.
ആറു പേര്‍ അപ്പോഴും പിന്നീട് രണ്ട് പേര്‍ ചികില്‍സിലും മരിച്ചു. വെടിവയ്പില്‍ 52പേര്‍ക്ക് പരിക്കേറ്റു. അക്രമം നടത്താന്‍ തയ്യാറെടുത്ത് എത്തിയവരല്ല ബീമാപള്ളിക്കാര്‍. ബീമാപള്ളി പോലൊരു പ്രദേശത്ത് ആളുകള്‍ തടിച്ച് കൂടാന്‍ നിമിഷങ്ങള്‍ മതി. അത്രക്ക് അടുത്തടുത്താണ് വീടുകള്‍. ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന പോലിസ് മുന്നറിയിപ്പ്, വെടിവയ്പിന് ശേഷമാണുണ്ടായത്.
ബീമാപള്ളി-ചെറിയതുറ ഭാഗത്തും അന്നും ഇന്നും ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങള്‍ സംഘര്‍ഷത്തിലല്ല കഴിയുന്നത്. പരസ്പര സഹകരണത്തില്‍ തന്നെയാണ്. ഒരുമിച്ചിരുന്ന സൊറ പറയുന്നത് ബീമാപള്ളിയിലെത്തുന്ന ആര്‍ക്കും ഇന്ന് കാണാന്‍ കഴിയും. അന്നും ഇന്നും ചെറിയതുറ ഭാഗത്തേക്ക് ബീമാപള്ളിക്കാര്‍ക്കോ, ബീമാപള്ളിക്കാര്‍ക്ക് ചെറിയ തുറയിലേക്കോ പോകുന്നതിന് യാതൊരു തടസ്സവുമില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പേര്‍ വരുന്ന ബീമാപള്ളി പോലുള്ള സ്ഥലങ്ങളില്‍ 'നോമാന്‍സ് ലാന്റ്' സൃഷ്ടിക്കാനുള്ള ശ്രമം പോലിസിന്റേത് മാത്രമാണ്.
അന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ എവി ജോര്‍ജ്ജിനായിരുന്നു സിറ്റി പോലിസ് കമ്മിഷണറുടെ ചുമതല. ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പോലിസ് ഓഫിസറാണ് എവി ജോര്‍ജ്ജ്്. ശംഖുമുഖം ഡിസിആര്‍ബി എസി ഷറഫുദ്ദീനാണ് അന്ന് വെടിവയ്പ് സമയത്ത് ബീമാപള്ളിയിലുണ്ടായിരുന്നത്. ആരുടെ ഉത്തരവിലാണ് വെടിവച്ചത് എന്നത് ഇന്നും ദുരൂഹമാണ്. ഈ ദുരൂഹതയാണ് തിരഞ്ഞെടുപ്പ് കാലത്ത് സിറ്റി പോലിസ് കമ്മിഷണറുടെ ചുമതലക്കാരനായി എത്തിയ എവി ജോര്‍ജ്ജില്‍ തട്ടി നില്‍ക്കുന്നത്. രാമകൃഷ്ണന്‍ കമ്മിഷന്‍ ഇത്തരം കാര്യങ്ങളൊന്നും അന്വേഷിച്ചിട്ടില്ല. എന്നു മാത്രമല്ല, അന്ന് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന എസി പിജി സുരേഷ് കുമാറിനെ എന്തിനാണ് വെടിവയ്പ് പറഞ്ഞ് സസ്‌പെന്റ് ചെയ്തതെന്നും വ്യക്തമാക്കുന്നില്ല.
നിയോജലിന്റെ ഉറവിടത്തെ കുറിച്ചോ, പോലിസ് വെടിവയ്പിന് ആരാണ് ഉത്തവിട്ടത്, വെടിവയ്പിന് മുന്‍പ് സ്വീകരിക്കേണ്ട് പ്രോട്ടോകോള്‍ എന്ത് കൊണ്ട് പാലിച്ചില്ല എന്നതിനെക്കുറിച്ചോ അന്വേഷണ റിപോര്‍ട്ടില്‍ പരാമര്‍ശമില്ല. ചുരുക്കത്തില്‍ തലേ ദിവസത്തെ കല്ലേറിനെ കുറിച്ച് മാതമാണ് കമ്മിഷന്‍ അന്വേഷിച്ച് കാണുന്നത്. ഏറെ ദുരൂഹതകളുള്ള വെടിവയ്പിനെ കുറിച്ച് അന്വേഷിച്ചില്ലെന്ന് സാരം.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT