- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് കോടി വിലയുള്ള വാച്ചിന് പിന്നിലുണ്ട് രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കഥ
ഗവേഷകര്‍ ഏറെ പരിശോധനകള്‍ നടത്തിയെങ്കിലും ഈ സങ്കീര്‍ണമായ കുഞ്ഞന്‍ ഉപകരണം എന്താണ് എന്ന് കണ്ടെത്താനായില്ല
കോഴിക്കോട്: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിലൊന്നാണ് പ്രസിദ്ധ സ്വിസ്സ് വാച്ചു നിര്‍മ്മാതാക്കളായ യുബ്ലോ (Hub-lot) യുടെ സണ്‍മൂണ്‍ കിങ് ഗോള്‍ഡ് ( MP-08 Antikythera SunMoon King Gold) എന്ന വാച്ച്. ഉദ്ദേശം 19202702 രൂപ (263070 ഡോളര്‍ ) ആണ് ഇതിന്റെ വില. ഈ വാച്ച് നിര്‍മിക്കാന്‍ കാരണമായത് 2000 വര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു അത്ഭുതകരമായ ഉപകരണമാണ്. ലോകത്തെ ആദ്യ കമ്പ്യൂട്ടറിനെക്കാളും സങ്കീര്‍ണമായതും അതേസമയം 20 സെ.മീ മാത്രം വലിപ്പമുള്ള ഒരു ഉപകരണം. അനലോഗ് കംപ്യൂട്ടര്‍ പോലുള്ള ഈ ഉപകരണം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന് ഉപയോഗിച്ചിരുന്നു എന്നത് ഗവേഷകര്‍ക്കു മുന്നില്‍ ഇന്നും ഒരു വിസ്മയമായി നില്‍ക്കുകയാണ്. ഏതന്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെടുന്ന ആന്റ്റിക്കത്തെറ മെക്കാനിസം ആണ് പുരാതന ഗ്രീക്കുകാര്‍ നിര്‍മിച്ച ഈ ഉപകരണം. ഒട്ടേറെ സങ്കീര്‍ണ്ണമായ ജ്യോതിശാസ്ത്ര അറിവുകള്‍, അവ കൃത്യതയോടെ ഒരു ചെറിയ യന്ത്രത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനുള്ള വൈദഗ്ധ്യം, ലോഹ സംസ്കരണത്തെക്കുറിച്ചുള്ള അറിവുകള്‍ എല്ലാം കൂടിച്ചേര്‍ന്നപ്പോഴാണ് ഈ അതുല്യമായ ഉപകരണം പിറവിയെടുത്തത്.
ഏഷ്യാ മൈനറില്‍ നിന്നും ഇറ്റലിയിലേക്കുള്ള കപ്പല്‍ പാതയില്‍ പെലോപ്പൊനീസിനും ക്രീറ്റിനും ഇടയിലുള്ള സമുദ്ര ഇടനാഴിയില്‍ നിന്നാണ് ആന്റ്റിക്കത്തെറ മെക്കാനിസം ലഭിച്ചത്. 1900ല്‍ ഇവിടെ കടലില്‍ നിന്ന് സ്പോഞ്ചു വാരാന്‍ ഇറങ്ങിയ ഗ്രീസില്‍ നിന്നുള്ള മുങ്ങല്‍ ജോലിക്കാരാണ് കടലിനടിയില്‍ നിന്നും ഒരു മാര്‍ബിള്‍ പ്രതിമയുടെ ഒടിഞ്ഞുപോയ കൈ കണ്ടെത്തുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കൊടുവില്‍ തകര്‍ന്നുപോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കടലിനടിയിലുണ്ടെന്ന് അവര്‍ കണ്ടെത്തി. ഈ വിവരം അവര്‍ ഗ്രീക്ക് അധികാരികളെ അറിയിച്ചു. തുടര്‍ന്ന് ഗ്രീക്ക് നാവികസേന നടത്തിയ വിശദമായ തിരച്ചിലില്‍ മാര്‍ബിളില്‍ തീര്‍ത്ത കുതിരയുടെ പ്രതിമ, മനുഷ്യപ്രതിമകള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍, ചില്ലുപാത്രങ്ങള്‍ തുടങ്ങി ഇരുന്നൂറിലേറെ അമൂല്യനിധികള്‍ കടല്‍ത്തട്ടില്‍ നിന്നും അവര്‍ വീണ്ടെടുത്തു. ഏഷ്യാ മൈനറിലേക്കുള്ള യാത്രക്കിടെ മുങ്ങിപ്പോയി എന്നു കരുതപ്പെടുന്ന ആ റോമന്‍ വാണിജ്യകപ്പലിലെ ഒരു മരപ്പെട്ടിയില്‍ അമൂല്യമായ ഒരു വസ്തു കൂടി ഉണ്ടായിരുന്നു. ഏതാണ്ട് 2100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട.കേവലം 20 സെന്റ്റിമീറ്ററുകള് മാത്രം ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത ഒരു ഉപകരണം.
ഗവേഷകര്‍ ഏറെ പരിശോധനകള്‍ നടത്തിയെങ്കിലും ഈ സങ്കീര്‍ണമായ കുഞ്ഞന്‍ ഉപകരണം എന്താണ് എന്ന് കണ്ടെത്താനായില്ല. പിന്നീട് ഏതന്‍സിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ നൂറിലേറെ വര്‍ഷങ്ങള്‍ ഈ കുഞ്ഞന്‍ ഉപകരണം അധികം ഗവേഷണങ്ങള്‍ക്ക് വിധേയമാകാതെ രഹസ്യത്തിന്റെ മൂടുപടമണിഞ്ഞു കിടന്നു. അമൂല്യമായ ഈ ചരിത്രവസ്തുവിന് ഒരു കേടുപാടും വരുത്താതെ അതിനുള്ളില്‍ എന്താണെന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണം വീണ്ടും ആരംഭിച്ചു. അതിനായി ആധുനിക സ്കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചു. നൂറ്റാണ്ടുകളോളം കടലിന്റെ അടിത്തട്ടില്‍ കിടന്നതിനാല്‍ ദ്രവിച്ചു തുടങ്ങിയ ഈ വെങ്കല ഉപകരണത്തിനുള്ളില്‍ എന്താണെന്ന് കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏക സ്കാനര്‍, ജപ്പാനിലെ നിക്കോണ്‍ കോര്‍പറേഷന്റെ 8 ടണ്‍ ഭാരമുള്ള X-Tek എന്ന Microfocus X-ray Computed Tomography ഉപകരണമാണ്. ആതന്‍സിലെ മ്യൂസിയത്തില്‍ നിന്നും പഴക്കമേറെയുള്ള പുരാവസ്തു പരിശോധനക്കായി പുറത്തെത്തിക്കാവുന്ന പരുവത്തിലായിരുന്നില്ല.ഇതുപരിഹരിക്കാന് വലിയ എക്സ് റേ ഉപകരണം കപ്പലില്‍ ഏതന്‍സിലെ മ്യൂസിയത്തിലേക്ക് എത്തിച്ചു.
അവിടെ നടത്തിയ പരീക്ഷണം ഗവേഷകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2005ല്‍ ആതന്സിലെത്തിച്ച ആ സ്കാനര്‍ കൊണ്ടു നടത്തിയ വിശദമായ പരിശോധനയില്‍ സങ്കീര്‍ണ്ണമായ ഒരു ക്ലോക്ക് പോലുള്ള ഉപകരണമാണ് ഇതെന്നു മനസ്സിലായി. വെങ്കലത്തില്‍ നിര്‍മ്മിച്ച, വലുപ്പത്തിലും ആകൃതിയിലും പല്ലുകളുടെ എണ്ണത്തിലും വ്യത്യാസമുള്ള 30 പല്‍ച്ചക്രങ്ങള്‍ അടങ്ങിയ ഒരു സംവിധാനം. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ചട്ടക്കൂടിനുള്ളില്‍ അതീവ വൈദഗ്ദ്ധ്യത്തോടെ ക്രമീകരിച്ചിരിക്കുന്ന പല്‍ച്ചക്രങ്ങള്‍. അവ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് വിശദമായി അതിന്റെ വശങ്ങളില് രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടു വശങ്ങളിലുമായി നാലു ഡയലുകള്‍. മുന്‍വശത്ത് വലുപ്പമേറിയ ഡയലില്‍ ഈജിപ്തിലെ സൗരകലണ്ടര്‍ പ്രകാരമുള്ള വര്‍ഷത്തിലെ 365 ദിവസങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. . ആ വലിയ ഡയലിനുള്ളിലെ ഒരു ചെറിയ ഡയലില്‍ രാശിചക്രത്തിലെ 12 ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ ചട്ടക്കൂടിന്റെ വശത്തുള്ള പിടി തിരിക്കുമ്പോള്‍ ഈ രണ്ടു ഡയലുകളിലേയും സൂചികള്‍ തിരിയുന്നു. അങ്ങനെ വര്‍ഷത്തിലെ ഓരോ ദിവസത്തിലും സൂര്യ ചന്ദ്രന്മാരുടെ കൃത്യമായ സ്ഥാനം നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു. മറുവശത്തുള്ള ഡയലില്‍ 235 ചാന്ദ്രമാസങ്ങളെ അടിസ്ഥാനമാക്കിയുള്ള 19 വര്‍ഷങ്ങളുടെ ഒരു ഡയലുണ്ട്. കൂടാതെ അതിനു താഴെ,യുള്ള മറ്റൊരു ഡയലില്‍ ഡയലില്‍ സൂര്യ ചന്ദ്ര ഗ്രഹണ ദിവസങ്ങള്‍ കൃത്യമായി കാണിച്ചുതരുന്നു. അടുത്ത ഗ്രഹണം ഏതു ദിവസമാണെന്നറിയാന്‍ ഇതിന്റെ ഹാന്‍ഡിലില്‍ ഒന്നു തിരിച്ചാല്‍ മതി. സൂര്യ ചന്ദ്രന്മാരുടെ സ്ഥാനം മാത്രമല്ല, ബുധന്‍, ശുക്രന്, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ നിലയും ഇതുവഴി കൃത്യമായി കണ്ടുപിടിക്കാം. കൂടാതെ, നാലുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന ഒളിംപിക്സ് പോലുള്ള ഗ്രീസിലെ കായിക മഹോത്സവവും, വിളകള്‍ ഇറക്കേണ്ട കൃത്യമായ സമയങ്ങളുമെല്ലാം ഇതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
ആദ്യത്തെ യാന്ത്രിക ഘടികാരം നിര്‍മ്മിച്ചത് പതിനാലാം നൂറ്റാണ്ടിലാണ്. പക്ഷെ, അതിന്റെ വലുപ്പം ഇന്നത്തെ ഒരു ചെറു കാറിനോളം വരുമായിരുന്നു. എന്നാല്‍, അതിനേക്കാള്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടാക്കിയ ഒരു ഉപകരണം അതിനേക്കാള്‍ വളരെ ചെറുതും, സങ്കീര്‍ണവും, സൂക്ഷ്മമായതും, വളരെ കാര്യക്ഷമതയുള്ളതും ആയിരുന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി.
ലോകപ്രസിദ്ധ സ്വിസ്സ് വാച്ചു നിര്‍മ്മാതാക്കളായ യുബ്ലോ (Hublot) യുടെ ഗവേഷണവിഭാഗം തലവനായ മതിയാസ് ബുട്ടെ (Mathias Buttet) ഇത് തങ്ങളുടെ വാച്ചില്‍ പുനഃരാവിഷ്കരിക്കാന്‍ ഒരു ശ്രമം നടത്തി. ഗ്രീസില്‍ നിലവിലിരുന്ന ഉപകരണത്തിന് 20 സെന്റിമീറ്റര്‍ ആയിരുന്നു വലുപ്പം. അത് കയ്യില്‍ ധരിക്കാന്‍ പറ്റുന്ന തരത്തില്‍ നിര്‍മ്മിക്കാനായിരുന്നു ശ്രമം. അങ്ങനെ 2013ല്‍ ആന്റ്റിക്കത്തെറ മെക്കാനിസം ഭാഗീകമായി ഉള്‍ക്കൊള്ളിച്ച് യുബ്ലോ നിര്‍മ്മിച്ച വച്ചാണ് MP-08 Antikythera SunMoon King Gold വാച്ച്. കേവലം 20 വാച്ചുകള്‍ മാത്രമേ കമ്പനി ഈ മോഡലില്‍ നിര്‍മ്മിച്ചിട്ടുള്ളൂ. https://www.swissluxury.com എന്ന വെബ്സൈറ്റില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ഇത്തരത്തിലെ ഒരു വാച്ചിന്റെ വില ഏതാണ്ട് 1 കോടി 93 ലക്ഷം രൂപയാണ്.
ഇന്നത്തെ കാലത്ത് ലഭ്യമായ എല്ലാ ഉപകരണങ്ങളുടെയും സഹായമുണ്ടായിട്ടുപോലും പുരാതന ഗ്രീക്കുകാര്‍ നിര്‍മിച്ച ആന്റ്റിക്കത്തെറ മെക്കാനിസം പുനര്‍ നിര്‍മിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. സ്വിസ്സ് വാച്ച് കമ്പനിക്കു പോലും ഇതിന്റെ ഭാഗികമായ രൂപമാണ് നിര്‍മിക്കാന്‍ സാധിച്ചത്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT