Latest News

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കേസ് (വീഡിയോ)

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കേസ് (വീഡിയോ)
X

ബംഗളൂരു: ബൈക്ക് യാത്രക്കാരനെ ആക്രമിച്ചതിന് വ്യോമസേനാ ഉദ്യോഗസ്ഥനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ബൈക്കുകാരന്‍ തന്നെയും ഭാര്യ മധുമിതയേയും ആക്രമിച്ചുവെന്ന വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആദിത്യബോസിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലിസ് നടപടി. ഇന്നലെ രാവിലെ ടിന്‍ ഫാക്ടറി ജങ്ഷനിലാണ് ആക്രമണമുണ്ടായത്. പ്രതിയായ സൈനിക ഉദ്യോഗസ്ഥന്‍ നിലവില്‍ കൊല്‍ക്കത്തയിലാണെന്നും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുമെന്നും ബ്യാപ്പനഹള്ളി പോലിസ് അറിയിച്ചു. സൈനികന്റെ ആക്രമണത്തില്‍ പരിക്കേറ്റ കോള്‍ സെന്റര്‍ ജീവനക്കാരന്‍ വികാസ് കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

സിവി രാമന്‍ നഗറിലെ ഡിആര്‍ഡിഒ കോളനിയില്‍ നിന്നും കെമ്പഗൗഡ വിമാനത്താവളത്തിലേക്ക് പോവുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭാര്യയെ കന്നഡയില്‍ തെറി വിളിച്ചെന്നാണ് ആദിത്യബോസ് പറയുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങിയപ്പോള്‍ ബൈക്കുകാരന്‍ താക്കോല്‍ കണ്ട് തലയില്‍ കുത്തി. കാറില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ കണ്ടതോടെ ബൈക്കുകാരന്‍ കൂടുതല്‍ അക്രമം കാണിച്ചുവെന്നും ആദിത്യബോസ് ആരോപിച്ചിരുന്നു. സ്ഥലത്തു കൂടെ നടന്നുപോവുകയായിരുന്നവര്‍ കല്ലുമായി തന്നെ ആക്രമിക്കാന്‍ വന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോസ് ആരോപിച്ചിരുന്നു.

എന്നാല്‍, ഇതെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കന്നഡ ഭാഷയുമായി യാതൊരു ബന്ധവും ഈ സംഭവത്തിനില്ലെന്ന് ബംഗളൂരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു. തെറ്റായ രീതിയില്‍ വികാസ് കുമാര്‍ ബൈക്ക് ഓടിക്കുന്ന രീതിയെ സൈനിക ഉദ്യോഗസ്ഥ കൂടിയായ മധുമിത കുറ്റപ്പെടുത്തിയതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണം. സാധാരണ ബംഗളൂരുവിലെ റോഡുകളിലുണ്ടാവുന്ന വാക്കുതര്‍ക്കമാണ് ഇതും. പക്ഷേ, ആദിത്യബോസ് വികാസ് കുമാറിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഡിസിപി വിശദീകരിച്ചു.സംഭവത്തെ ഹിന്ദി വിരുദ്ധ ആക്രമണമാക്കാന്‍ ഹിന്ദുത്വര്‍ നടത്തിയ ശ്രമങ്ങളും പുതിയ സംഭവ വികാസങ്ങളോടെ പൊളിഞ്ഞു.

Next Story

RELATED STORIES

Share it