Latest News

32 മദ്‌റസ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ വച്ചത് 14 മണിക്കുറുകളോളം (വിഡിയോ)

32 മദ്‌റസ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ വച്ചത് 14 മണിക്കുറുകളോളം (വിഡിയോ)
X

ബീഹാര്‍: ബീഹാറിലെ മൈദ ബഭന്‍ഗമ ഗ്രാമത്തിലെ 32 മദ്‌റസാ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫ്. ഗുജറാത്തിലെ സൂറത്തിലെ ജാമിയ സക്കറിയ മദ്‌റസയില്‍ ഇസ് ലാമിക വിദ്യാഭ്യാസം നേടുന്നതിനായി പോയ കുട്ടികളെയാണ് ആര്‍പിഎഫ് ഏകദേശം 14 മണിക്കൂറോളം ജയില്‍ തടങ്കലില്‍ വച്ചത്. ആളുകള്‍ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് കുട്ടികളെ പുറത്തിറക്കിയത്.

വിദ്യാര്‍ഥികളുടെ വസ്ത്രധാരണമാണ് സംഭവത്തിലേക്ക് നയിച്ചതിനു കാരണമെന്ന് ദൃക്സാക്ഷികളും കുടുംബാംഗങ്ങളും പറഞ്ഞു. പരമ്പരാഗത കുര്‍ത്തയും പൈജാമയും തൊപ്പിയും ധരിച്ച കുട്ടികളെ, ബാലവേലയ്ക്കായി കടത്തുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് ആര്‍പിഎഫ് മാറ്റി നിര്‍ത്തിയതെന്നാണ് അധികൃതരുടെ ഭാഷ്യം.

എന്നാല്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും അധികാരികള്‍ കേള്‍ക്കാന്‍ വിസമ്മതിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വിദ്യാര്‍ഥികളില്‍ ഒരു രക്ഷിതാവിനെയും കസ്റ്റഡിയിലെടുത്തതായി റിപോര്‍ട്ടുണ്ട്.

'കുട്ടികള്‍ കുടുംബത്തോടൊപ്പം ഈദ് ആഘോഷിച്ച ശേഷം സൂറത്തിലേക്ക് മടങ്ങുകയായിരുന്നു. എല്ലാ രേഖകളും കാണിച്ചിട്ടും, ആര്‍പിഎഫ് വിദ്യാര്‍ഥികളോ രക്ഷിതാവോ പറയുന്നത് മുഖവിലക്കെടുത്തില്ല, അവരെ ബലമായി കസ്റ്റഡിയിലെടുത്തു,' മൈദ ബഭന്‍ഗമയില്‍ നിന്നുള്ള ഒരു പ്രദേശവാസിയായ കൈസര്‍ റെഹാന്‍ പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. വീഡിയോയില്‍, കുട്ടികള്‍ കസ്റ്റഡിയില്‍ ഇരിക്കുന്നത് വ്യക്തമായി കാണാം, പുറത്തുനിന്നുള്ള ആരെയും കാണാന്‍ അവരെ അനുവദിച്ചിരുന്നില്ല, ഭക്ഷണം പോലും നല്‍കിയില്ല എന്നാണ് റിപോര്‍ട്ടുകള്‍. ''കുട്ടികള്‍ കരയുകയായിരുന്നു, അവര്‍ ഒന്നും കഴിച്ചിരുന്നില്ല, അവര്‍ ഭയന്നിരുന്നു,'' ഒരു പ്രദേശവാസി പറഞ്ഞു

സ്ഥിതിഗതികള്‍ അറിഞ്ഞ് പോലിസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയ മറ്റൊരു നാട്ടുകാരനായ അമീന്‍, പോലിസിനോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞു. ഞങ്ങളോട് പോകാന്‍ പറഞ്ഞു, അല്ലെങ്കില്‍ ഞങ്ങളെ പട്‌നയിലേക്ക് കൊണ്ടുപോകുകയോ ജയിലിലടയ്ക്കുകയോ ചെയ്യുമെന്നാണ് പോലിസ് പറഞ്ഞതെന്ന് അമീന്‍ പറയുന്നു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍, ഏറെ വൈകിയാണ് കുട്ടികളെ വിട്ടയച്ചത്. എന്നാല്‍ കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന നടപടിയാണിതെന്നും വസ്്രതത്തിന്റെ പേരില്‍ ആക്രമണം അഴിച്ചു വിടുന്നത് ന്യൂനപക്ഷങ്ങളോടുള്ള വിരോധമാണ് വെളിപെടുത്തുന്നതെന്നും നിരവധി പേര്‍ പറഞ്ഞു.

ശരിയായ അന്വേഷണമില്ലാതെ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ആര്‍പിഎഫ് മറുപടി നല്‍കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു. അതേസമയം,ആര്‍പിഎഫോ ലോക്കല്‍ പോലിസോ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

Next Story

RELATED STORIES

Share it