Latest News

വഖഫ് നോട്ടീസിന്റെ പേരില്‍ കര്‍ഷകന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത; ബിജെപി എംപി തേജസ്വി സൂര്യക്കെതിരേ കേസ്

സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനാണ് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരേ കേസെടുത്തത്

വഖഫ് നോട്ടീസിന്റെ പേരില്‍ കര്‍ഷകന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത; ബിജെപി എംപി തേജസ്വി സൂര്യക്കെതിരേ കേസ്
X
ബെംഗളൂരു: വഖഫ് ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഹവേരിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു എന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി എംപി തേജസ്വി സൂര്യക്കെതിരേ കേസ്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനാണ് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കുമെതിരേ കേസെടുത്തത്.ഹവേരി ജില്ലയിലെ ഹരനാഗി ഗ്രാമത്തിലെ രുദ്രപ്പ എന്ന കര്‍ഷകന്‍ തന്റെ നാലേക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന് സംസ്ഥാന അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വഖഫ് ബോര്‍ഡിന്റെ പേരില്‍ നോട്ടീസ് നല്‍കിയതിനെതിരെ കര്‍ഷകര്‍ സമരം ചെയ്യുന്നതായും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു.


എന്നാല്‍ കാര്‍ഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. വഖഫ് ഭേദഗതി ബില്‍ 2024-ന്റെ 31 അംഗ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ഭാഗമായ ബാംഗ്ലൂര്‍ സൗത്ത് എംപി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സിഇഎന്‍ പോലീസ് ന്യൂസ് പോര്‍ട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പര്‍ എന്നിവയുടെ എഡിറ്റര്‍മാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 353(2) പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യല്‍ മീഡിയ മോണിറ്ററിങ് യൂണിറ്റിന്റെ ഭാഗമായ പൊലീസ് കോണ്‍സ്റ്റബിള്‍ സുനില്‍ ഹുചനവറിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.

Next Story

RELATED STORIES

Share it