Latest News

പ്രവാചകനിന്ദ: പ്രതിഷേധകരെ വേട്ടയാടുന്ന ഹിന്ദുത്വ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പ്രവാചകനിന്ദ: പ്രതിഷേധകരെ വേട്ടയാടുന്ന ഹിന്ദുത്വ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: പ്രവാചകനെ നിന്ദിച്ച നൂപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു തെരുവിലിറങ്ങിയ മുസ് ലിം സമുദായത്തെ വെടിവച്ചുകൊന്നും ജയിലിലടച്ചും വേട്ടയാടുന്ന ഹിന്ദുത്വ സര്‍ക്കാറിനെതിരെ ബഹുജനമുന്നേറ്റങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു.

ബി ജെ പി നേതാക്കളായ നുപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആഗോളതലത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിം സമുദായത്തിന്റെ നേതൃത്വത്തില്‍ സമാനമായ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. എന്നാല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധിച്ച രണ്ടു പേരെ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുകയാണ് പോലിസ്. റാഞ്ചിയിലെ വെടിവെപ്പില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കാനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി പ്രതിഷേധക്കാര്‍ക്കു നേരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടും വ്യാപകമായ അറസ്റ്റുകള്‍ നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് സംഘ് പരിവാര്‍ ഭരണകൂടങ്ങള്‍. ഉത്തര്‍പ്രദേശില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെ നൂറിലധികം പേരെ അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ അഫ്രീന്‍ ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ജാവേദ് മുഹമ്മദിനെതിരേ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപെടുത്തുകയും ചെയ്ത മുഴുവന്‍ ആളുകളെയും വിട്ടയക്കണമെന്നും പ്രവാചകനെ നിന്ദിച്ച നൂപുര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ കൈക്കൊണ്ട പ്രതികാരനടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it