Latest News

രക്തദാനം സമൂഹത്തിനു ചെയ്യുന്ന മഹത്തായ കാരുണ്യം: ഡോ. മാഹ ബദവി

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് പാര്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാംപ് സംഘടിപ്പിച്ചത്

രക്തദാനം സമൂഹത്തിനു ചെയ്യുന്ന മഹത്തായ കാരുണ്യം: ഡോ. മാഹ ബദവി
X

ജിദ്ദ: രക്തദാനം ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരി സമൂഹത്തിനു ചെയ്യുന്ന മഹത്തായ കാരുണ്യമാണെന്ന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. മാഹ ബദവി പറഞ്ഞു. സൗദി അറേബ്യയുടെ 91ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാനക്യാംപില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മാഹ ബദവി.


ഡോ. ഹുസൈന്‍ മണിയാര്‍ (കര്‍ണ്ണാടക) ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ സര്‍വ്വതോന്മുഖമായ വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സേവനം വിസ്മരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ മെഡിക്കല്‍ രംഗത്തെ സേവനത്തില്‍ ദശാബ്ദങ്ങളുടെ അനുഭവസമ്പത്തുള്ള തനിക്ക് രാജ്യം നേടിയിട്ടുള്ള ഉയര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ടെന്നും കോവിഡ് പ്രതിരോധമടക്കം പല രംഗത്തും സൗദി അറേബ്യ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാമെന്നും ഡോ. ഹുസൈന്‍ മണിയാര്‍ കൂട്ടിച്ചേര്‍ത്തു.


ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് പാര്‍ക്ക് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് രക്ത ദാന ക്യാംപ് സംഘടിപ്പിച്ചത്. ബ്ലഡ് ഡോണേഴ്‌സ് പാര്‍ക്ക് എന്ന സംവിധാനത്തിലൂടെ 2018 മുതല്‍ സ്ഥിരമായി രക്തദാനം നടത്തുന്ന വ്യക്തികളെ ചടങ്ങില്‍ ആദരിക്കുകയും ഉപഹാര വിതരണവും നടന്നു. മുഹമ്മദ് ഷാഹിദ് (കര്‍ണ്ണാടക), ഗ്ലെന്‍ ഗോമസ് (തമിഴ്‌നാട്), ഡോ. അഹമ്മദ് ബാഷ (തമിഴ്‌നാട്), മുസ്തഫ കമാല്‍ (കര്‍ണ്ണാടക) എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി.


ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം, മിക്‌സ് അക്കാദമി ചെയര്‍മാന്‍ അബ്ദുല്‍ ഗനി മലപ്പുറം, ബ്ലഡ് ഡോണേഴ്‌സ് പാര്‍ക്ക് കണ്‍വീനറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ അല്‍ അമാന്‍ നാഗര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ പത്തു മണി മുതല്‍ മൂന്നു മണി വരെ നടന്ന രക്തദാന ക്യാംപില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വളണ്ടിയര്‍മാര്‍ രക്തം ദാനം ചെയ്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ മൊഹിയിദ്ദീന്‍ ചെന്നൈ, കോയിസ്സന്‍ ബീരാന്‍കുട്ടി, തമീമുല്‍ അന്‍സാരി, ആസിഫ് ഗഞ്ചിമൊട്ട, ഷാഹുല്‍ ഹമീദ് എം എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it