Latest News

കോട്ടയത്ത് വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം; കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം

കോട്ടയത്ത് വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം; കൊന്ന് കുഴിച്ചുമൂടിയതെന്ന് സംശയം
X

കോട്ടയം: ചങ്ങനാശ്ശേരിയില്‍ വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയതായാണ് സംശയിക്കുന്നത്. ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍ തറ പൊളിച്ച് പോലിസ് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാറി (41) ന്റേതാണെന്നാണ് പോലിസിന്റെ സംശയം. എന്നാല്‍, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലിസ് പറഞ്ഞു.

ബിന്ദുകുമാറിനെ സുഹൃത്തായ മുത്തുകുമാര്‍ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്നും പിന്നീട് കോണ്‍ക്രീറ്റ് ചെയ്തതാണെന്നും പോലിസ് കരുതുന്നു. ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സപ്തംബര്‍ 26ാം തിയ്യതി മുതലാണ് ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ കാണാതായത്. 28ന് ബിന്ദുകുമാറിനെ കാണാനില്ലെന്ന പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലിസ് കേസെടുത്തു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് കോട്ടയം വാകത്താനത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചങ്ങനാശ്ശേരി ഭാഗത്തായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്നാണ് ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിനെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിയത്.

മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസ്സിലാക്കിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കാമെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് ആര്‍ഡിഒയുടെ അനുമതിയോടെ പോലിസ് വീട്ടിലെ തറ പൊളിച്ച് പരിശോധിക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. അതേസമയം, ഗൃഹനാഥനായ മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്നുദിവസമായി വീട്ടിലില്ലെന്ന് സമീപവാസികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it