Latest News

ബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും

ബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും
X

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ പരിധിയില്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും. സംസ്ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യത പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സുപ്രിംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.

പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രിംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോദ്ധ്യപ്പെടുത്തും. ഈ വിവരം സുപ്രിംകോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു.

വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്. യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it