Latest News

കഞ്ചാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോയും പണവും കവര്‍ന്ന സംഘം പിടിയില്‍

കഞ്ചാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓട്ടോയും പണവും കവര്‍ന്ന സംഘം പിടിയില്‍
X

പരപ്പനങ്ങാടി: കഞ്ചാവാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നല്‍കി പണം തട്ടിയ ആളില്‍ നിന്നും ഓട്ടോറിക്ഷ കവര്‍ന്ന അഞ്ചംഗ സംഘത്തെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എ ആര്‍ നഗര്‍ സ്വദേശികളായ എന്‍ വിനോദ് കുമാര്‍, സന്തോഷ്, മണ്ണില്‍തൊടി ഹൗസില്‍ ഗോപിനാഥന്‍, കൊളത്തറ മജീദ്, കുതിരവട്ടം സ്വദേശി ദിനേശന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ:

ഇന്നലെയാണ് ചിറമംഗലം ജങ്ഷനില്‍ നിന്ന് ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷ ചിറമംഗലത്തുള്ള റഷീദ് എന്ന വ്യക്തി ഓട്ടം വിളിച്ച് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള തലപ്പാറ എന്ന ഭാഗത്ത് കൊണ്ടുപോയി കബളിപ്പിച്ച് വാഹനവും പണവും കവര്‍ന്നത്. അവിടെ വച്ച് മുമ്പ് കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനോദ് കുമാര്‍ എന്നയാളുടെ സുഹൃത്തുക്കളായ കോഴിക്കോട് സ്വദേശികളായ ദിനേശന്‍, മജീദ് എന്നിവര്‍ക്ക് വേണ്ടി ചിറമംഗലം സ്വദേശി റഷീദിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പറഞ്ഞ് ഉറപ്പിച്ചിരുന്നതായിരുന്നു. എന്നാല്‍, കഞ്ചാവ് ലഭ്യത കുറഞ്ഞതിനാല്‍ റഷീദ് കഞ്ചാവിന് പകരമായി ഉണങ്ങിയ പുല്ല് പാക്കറ്റിലാക്കി വിനോദ് കുമാറിന് നല്‍കി.

പിന്നീട് റഷീദ് 20,000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ കയറിപ്പോയ റഷീദിന്റെ വെപ്രാളം കണ്ട് സംശയം തോന്നിയ വിനോദ് കുമാര്‍ കവര്‍ പരിശോധിച്ചു നോക്കിയപ്പോഴാണ് കഞ്ചാവിന് പകരം ഉണങ്ങിയ പുല്ലാണെന്ന് വ്യക്തമായത്. ഉടന്‍ ഓട്ടോയെ പിന്തുടര്‍ന്ന് വിനോദ് കുമാറും ഇയാളുടെ കൂട്ടാളികളും സ്ഥലത്തെത്തിയെങ്കിലും റഷീദ് രക്ഷപ്പെട്ടു. റഷീദ് സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി സംഘം ഓട്ടോയുമായി കടന്നുകളയുകയും ചെയ്തു.

തുടര്‍ന്ന് പരാതിയുമായി ഓട്ടോ ഡ്രൈവര്‍ പരപ്പനങ്ങാടി പോലിസിനെ സമീപിച്ചതോടെയാണ് കഞ്ചാവ് കേസിലെ കണ്ണികള്‍ കുടുങ്ങിയത്. കൂടുതല്‍ പ്രതികളെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. പിടികൂടിയ പോലിസ് സംഘത്തില്‍ എസ്‌ഐ അജീഷ് കെ ജോണ്‍, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അനില്‍കുമാര്‍, സിപിഒമാരായ മഹേഷ്, ലത്തീഫ്, രഞ്ജിത്ത്, രമേഷ്, വിബീഷ് എന്നിവരുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it