Latest News

സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു; ഒരു മരണം; രണ്ടു പേർ കസ്റ്റഡിയിൽ

സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു; ഒരു മരണം; രണ്ടു പേർ കസ്റ്റഡിയിൽ
X

കരുനാഗപ്പള്ളി: സ്കൂട്ടറിൽ കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിൽസയിലായിരുന്ന യാത്രക്കാരി മരണപ്പെട്ടു. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയിൽ ഇന്നലെ വൈകിട്ട് ആറു മണിക്കു മുമ്പാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോൾ (45) ആണ് ചികിൽസയിലിരിക്കേ മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയക്കും പരിക്കേറ്റു.

സംഭവത്തിൽ രണ്ടു പേരെ ശാസ്താംകോട്ട പോലിസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറും അജ്മൽ എന്നയാളുമാണ് പിടിയിലായത്. ഇവർ രണ്ടുപേരുമാണ് കാറിലുണ്ടായിരുന്നത്. ഇടക്കുളങ്ങര സ്വദേശിയായ മറ്റൊരു യുവതിയാണ് കാറിൻ്റെ ഉടമ. വനിതാ ഡോക്ടറെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അപകട ശേഷം ഒളിവിൽ പോയ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെ പിന്നീടാണ് പിടികൂടിയത്. അജ്മൽ മദ്യലഹരിയിലായിരുന്നുവെന്നും സൂചനയുണ്ട്.

സ്കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയ ശേഷം പിന്നോട്ടെടുത്ത് മുന്നോട്ടെടുത്ത കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. അപകടം നടന്നയുടൻ കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ കാർ നിർത്തിയില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു.

ദിശ മാറിയാണ് കാർ വന്നതെന്ന് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നു. ഇടിച്ചയുടൻ സ്കൂട്ടറിലുണ്ടായിരുന്നവർ റോഡിലേക്ക് വീണു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയ റോഡിനരികിലും കുഞ്ഞുമോൾ റോഡിനു നടുവിലേക്കുമാണ് വീണത്. നാട്ടുകാർ നിർത്താനാവശ്യപ്പെട്ടപ്പോൾ കാർ നിർത്തിയിരുന്നെങ്കിൽ കുഞ്ഞുമോളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Next Story

RELATED STORIES

Share it