Latest News

സുരേഷ് ഗോപിയിലൂടെ പുറത്തുവരുന്നത് ജാതി ബോധം: അന്‍സാരി ഏനാത്ത്

സുരേഷ് ഗോപിയിലൂടെ പുറത്തുവരുന്നത് ജാതി ബോധം: അന്‍സാരി ഏനാത്ത്
X

തിരുവനന്തപുരം: പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഉന്നത കുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും ജാതി ബോധമാണ് ഈ പരാമര്‍ശത്തിലൂടെ പുറത്തുവരുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ദലിതുകളും ആദിവാസികളും കഴിവുകെട്ടവരാണെന്ന വരേണ്യ ബോധമാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമായി ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കാന്‍ ഉന്നത കുലജാതര്‍ വേണമെന്ന വംശീയതയാണിത്. രാജ്യം സ്വതന്ത്രമാവുകയും ഉന്നതമായ ഭരണഘടന നിലവില്‍ വരികയും ചെയ്തെങ്കിലും അതൊന്നും അംഗീകരിക്കാന്‍ അവരുടെ ജാതിബോധം അനുവദിക്കുന്നില്ല. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മനുവാദമാണ് സുരേഷ് ഗോപി വിളിച്ചുകൂവുന്നത്. മാറ് മറയ്ക്കാനും മനുഷ്യനായി ജീവിക്കാനുമുള്ള അവകാശം പൊരുതി നേടിയതാണ്. അയ്യന്‍ കാളിയും ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ഉള്‍പ്പെടെയുള്ള മനുഷ്യ സ്നേഹികളുടെ നിതാന്ത പരിശ്രമങ്ങളാണ് ഹീനമായ ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായകരമായതെന്നും അന്‍സാരി ഏനാത്ത് വ്യക്തമാക്കി.

ഉച്ചനീചത്വങ്ങളില്ലാത്ത സാമൂഹിക സമത്വം ഉദ്ഘോഷിക്കുന്ന ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ജീര്‍ണതകളും മനുഷ്യത്വ വിരുദ്ധതയും ഹൃദയത്തില്‍ താലോലിക്കുന്ന സുരേഷ് ഗോപി ബിജെപിയും ആര്‍എസ്എസ്സും മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നത് നാം വിസ്മരിക്കരുത്. സംഘപരിവാര ഫാഷിസത്തിന് വിടുപണി ചെയ്യുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ ഇനിയെങ്കിലും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അന്‍സാരി ഏനാത്ത് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it