Latest News

ജാതി ഹിന്ദുക്കള്‍ ശ്മശാനത്തിലേക്കുള്ള പ്രവേശനം തടഞ്ഞു; സോളാപൂരില്‍ ദലിതന്റെ മൃതദേഹം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സംസ്‌കരിച്ചു

ജാതി ഹിന്ദുക്കള്‍ ശ്മശാനത്തിലേക്കുള്ള പ്രവേശനം തടഞ്ഞു; സോളാപൂരില്‍ ദലിതന്റെ മൃതദേഹം പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സംസ്‌കരിച്ചു
X

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ മലേവാഡിയില്‍ ജാതി ഹിന്ദുക്കള്‍ ശ്മശാനത്തിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ദലിതന്റെ മൃതദേഹം സംസ്‌കരിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും മുന്നിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ദലിത് കുടുംബത്തിലെ ഒരാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ശ്രമമാണ് ജാതി ഹിന്ദുക്കള്‍ തടഞ്ഞത്. പ്രതിഷേധ സൂചകമായി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ മൃതദേഹം അടക്കി.

ഭിന്നശേഷിക്കാരനായ 74കാരന്‍ ധനഞ്ജയ് സാത്തെ ആഗസ്ത് 20നാണ് മരിച്ചത്. പട്ടികജാതി വിഭാഗത്തിലെ മാതാങ് ജാതിയില്‍പെടുന്നവരാണ് കുടുംബം. ഗ്രാമത്തിലെ സര്‍പഞ്ച് കൂടിയായ സഹോദരന്‍ ദഷ്‌റത്ത് സാത്തേയും മറ്റ് കുടുംബാഗങ്ങളും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പിന്നാക്കക്കാരായ മാലി സമുദായക്കാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല.

പതിനെട്ട് മണിക്കൂറോളം ചര്‍ച്ചയും സമ്മര്‍ദ്ദവുമായി ശ്രമിച്ചിട്ടും അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സംസ്‌കരിക്കാന്‍ കുടുംബം തീരുമാനിച്ചത്.

1,100 കുടുംബങ്ങളുള്ള ഗ്രാമത്തില്‍ രണ്ട് ദലിത് കുടുംബങ്ങള്‍ മാത്രമേയുള്ളൂ. 90 ശതമാനവും പിന്നാക്ക മാലി സമുദായക്കാരാണ്. കുറച്ച്് പേര്‍ മറ്റ് പിന്നാക്ക ജാതിയിലും ഉള്‍പ്പെടുന്നു.

മുന്‍കാലത്തും ഗ്രാമവാസികളില്‍ നിന്ന് പല തരം വിവേചനങ്ങള്‍ കുടുംബത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.

ഏപ്രില്‍-ആഗസ്ത് മാസത്തിനിടയില്‍ ഇത്തരത്തിനുള്ള മൂന്നാമത്തെ അനുഭവമാണെന്ന് ധനഞ്ജയ് സാത്തെയുടെ മരുമകന്‍ സുമന്‍ സാത്തെ പറഞ്ഞു.

ദഷ്‌റത്ത് സാത്തെ ഗ്രാമത്തിലെ സര്‍പഞ്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഉയര്‍ന്ന ജാതിക്കാരുടെ താല്‍പര്യങ്ങള്‍ അനുസരിച്ചായിരിക്കും ദഷ്‌റത്ത് പ്രവര്‍ത്തിക്കുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം അത്തരക്കാരനായിരുന്നില്ല. അതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഗ്രാമവാസികള്‍ കുടുംബത്തിനെതിരേ ഭീഷണി അടക്കമുള്ളവ പ്രയോഗിച്ചു. തെറിവിളിച്ചു. വയലുകളിലേക്ക് കടക്കാനനുവദിച്ചില്ല. മര്‍ദ്ദിക്കുകയും ചെയ്തു.

പുലര്‍ച്ചെ 2 മണിക്കാണ് ധനഞ്ജയ് മരിച്ചത്. അദ്ദേഹത്തെ പത്തുമണിയോടെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്മശാനത്തിലെത്തിച്ചപ്പോഴാണ് ജാതിഹിന്ദുക്കള്‍ തടഞ്ഞത്.

പ്രശ്‌നം വഷളായപ്പോള്‍ പോലിസ് സ്ഥലത്തെത്തി. അവര്‍ ജാതിഹിന്ദുക്കളുമായി ഒത്തുകളിച്ചു. പോലിസ് എല്ലാ സംഭവങ്ങള്‍ക്കു മൂകസാക്ഷിയായി നിന്നു. അവര്‍ മൃതദേഹത്തെ അനുഗമിക്കാന്‍ പോലും തയ്യാറായില്ല. വാഹനം ബ്രേക്ക് ഡൗണ്‍ ആയെന്നായിരുന്നു പോലിസിന്റെ അവകാശവാദം. മുഴുവന്‍ സംഭവങ്ങളും സുമന്‍ വീഡിയോയില്‍ പകര്‍ത്തി.

സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം പോലിസില്‍ പരാതി നല്‍കിയെങ്കിലും ബാഹ്യസമ്മര്‍ദ്ദത്താല്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ദലിത് കുടുംബത്തിനെതിരേ കേസെടുക്കുകയും ചെയ്തു.

കൊവിഡ് കാലത്ത് കൂട്ടംകൂടി, പോലിസിനെ വീഡിയോയില്‍ ചിത്രീകരിച്ചു എന്നിവയാണ് ആരോപിച്ചിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട്് വഞ്ചിത് ബഹുജന്‍ അഗാഢി പ്രവര്‍ത്തകര്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it