Latest News

മരണകാരണം ഹൃദയാഘാതം; വടകര കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലുണ്ട്

മരണകാരണം ഹൃദയാഘാതം; വടകര കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
X

കോഴിക്കോട്:വടകരയില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുള്ളത്. ഹൃദയാഘാതത്തിലേക്ക് നയിച്ച കാരണങ്ങളാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേടുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് വടകര പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം സര്‍ജ്ജന്റെ മൊഴിയെടുക്കും. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകില്‍ ചുവന്ന പാടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചങ്കിലും അന്വേഷണസംഘത്തിന്ന് മുന്‍പില്‍ ഹാജരായിരുന്നില്ല.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സസ്‌പെന്‍ഷനിലായ എസ്‌ഐ എം നിജേഷ്,എഎസ്‌ഐ അരുണ്‍കുമാര്‍, സിപിഒ ഗിരീഷ് എന്നിവരോടാണ് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ഇന്നും ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കില്‍ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങള്‍ ചോദിച്ചറിയാനാണ് നീക്കം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ച് പോലിസ് സജീവനെ കസ്റ്റഡിയിലെടുത്തത്.വ്യാഴാഴ്ച രാത്രി 11.30ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. ഒടുവില്‍ പോലിസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലും മദ്യപിച്ചെന്ന പേരില്‍ സജീവനെ സബ് ഇന്‍സ്‌പെകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. കസ്റ്റഡിയില്‍ വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട സജീവനെ ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞിട്ടും പോലിസ് സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

സ്‌റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയാക്കി പോലിസ് വിട്ടയച്ചതിന് പിന്നാലെ സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.പോലിസുകാര്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറായില്ലെന്നും, ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയിലെത്തിച്ചതെന്നും സജീവനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.



Next Story

RELATED STORIES

Share it