Latest News

എയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ

എയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ
X

മുംബൈ: എയര്‍ ഇന്ത്യക്ക് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ എന്‍സിപി നേതാവും ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗവുമായ പ്രഫുല്‍ പട്ടേലിന് സിബിഐയുടെ ക്ലീന്‍ ചിറ്റ്. കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് 2024 മാര്‍ച്ചില്‍ സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സിബിഐയുടെ നീക്കം.

യുപിഎ സര്‍ക്കാരിന്റെ കീഴില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ പദവി ദുരുപയോഗം ചെയ്ത് എയര്‍ ഇന്ത്യക്ക് വലിയ വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയെന്നായിരുന്നു ആരോപണം. ഏഴുവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്. പ്രഫുല്‍ പട്ടേലിനും അന്നത്തെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി.

2017 മേയില്‍ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ചാണ് എയര്‍ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്തു.

പട്ടേലിനെ കേസിലെ പ്രധാന പ്രതികളില്‍ ഒരാളെന്ന നിലയില്‍ സിബിഐയും ഇഡിയും ചോദ്യം ചെയ്തിരുന്നു. 2008-09 കാലത്ത് എയര്‍ഇന്ത്യയുടെ ലാഭം കൊയ്യുന്ന റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനായി ഇടനിലക്കാരനായി നിന്ന ദീപക് തല്‍വാറിന്റെ അടുത്ത സുഹൃത്താണ് പ്രഫുല്‍ പട്ടേല്‍ എന്ന് ഇഡി 2019 മേയില്‍ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എന്‍സിപി നേതാവ് ശരദ് പവാറിനൊപ്പം പട്‌നയില്‍ നടന്ന പ്രതിപക്ഷ സഖ്യ യോഗത്തില്‍ പട്ടേല്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത മാസം തന്നെ പ്രഫുല്‍ പട്ടേലും അജിത് പവാറിനും ഛഗന്‍ ഭുജ്ബല്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങള്‍ക്കുമൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it