Latest News

യൂസ്ഡ് വാഹന വില്‍പ്പന വിപണിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തകർക്കുന്നു: പി അബ്ദുൽ ഹമീദ്

തിരുവനന്തപുരം: യൂസ്ഡ് വാഹന വില്‍പന സ്ഥാപനങ്ങള്‍ ഗുരുതരമായ പ്രതിസന്ധികൾ നേരിടുകയാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗം പ്രതിസന്ധിയിലാകുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ സമീപനമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മാർച്ച് 31ന് മുമ്പ് 25,000 രൂപ ഈടാക്കി രജിസ്ട്രേഷൻ എടുക്കണമെന്ന ഉത്തരവ് ആശങ്കയോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കാണുന്നത്. രജിസ്ട്രേഷൻ എടുക്കുന്നതിനായി പഞ്ചായത്ത് ലൈസന്‍സ്, ജിഎസ്ടി രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍ പഞ്ചായത്ത് ലൈസന്‍സും ജിഎസ്ടി രജിസ്ട്രേഷനും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തുകയോ തിയ്യതി നീട്ടി നല്‍കുകയോ ആണ് പരിഹാരമാര്‍ഗം. കൂടാതെ അഞ്ചുവർഷത്തേക്ക് 25,000 രൂപയാണ് ലൈസന്‍സ് ഫീസ്. ഇരു ചക്ര വാഹനങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ വരെ വില്‍ക്കുന്ന പല റേഞ്ചിലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. എല്ലാവര്‍ക്കും ഒരു പോലെ ലൈസന്‍സ് ഫീസ് ഈടാക്കുന്നത് അശാസ്ത്രീയവും അനീതിയുമാണ്. സ്ഥാപനങ്ങളുടെ ആസ്തിയും ഇടപാടും അനുസരിച്ച് ഗ്രേഡ് തിരിച്ച് ലൈസന്‍സ് ഫീ ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വലിയ മുതല്‍മുടക്കില്ലാതെ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ മേല്‍ ഇത്ര വലിയ തുക അടിച്ചേല്‍പ്പിക്കരുത്. വാഹനം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും സഹായകരമാകുന്നു എന്നതിലേക്കാളുപരി ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണിത്. അഞ്ചുവർഷത്തേക്കുള്ള 25000 രൂപ രജിസ്ട്രേഷൻ ഒറ്റ തവണ ഈടാക്കണം എന്നതിൽ ഇളവ് വരുത്തി രണ്ടു വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഫീസ് ഇടാക്കിയാൽ സ്ഥാപന ഉടമകൾക്ക് സൗകര്യപ്രദമാകും.

ഇതിനുപുറമെ, പഴയ വാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം വര്‍ധിപ്പിച്ചതും യൂസ്ഡ് വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടി വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത് ഈ മേഖലയെ ഗുരുതരമായി ബാധിക്കും. അന്യായ നികുതി-ഫീസ് വര്‍ധനയില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വാങ്ങണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) ബുക്കുകൾ സമയബന്ധിതമായി ലഭ്യമാകാത്തതും ഈ മേഖല അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധിയാണ്. ആയിരക്കണക്കിന് ആർ.സി ബുക്കുകളാണ് പ്രിന്റ് ചെയ്യാതെ കെട്ടികിടക്കുന്നത്.

വാഹനങ്ങളുടെ ആർസി മാറുന്നതിന് 200 രൂപ പ്ലാസ്‌റ്റിക് കാർഡ് ഫീസും 45 രൂപ പോസ്റ്റൽ ഫീസുമുൾപ്പടെ വാഹന ഉടമയിൽ നിന്ന് 245 രൂപ മോട്ടോർ വാഹന വകുപ്പ് അഡ്വാൻസ് ആയി വാങ്ങുന്നുണ്ട്. ആർസി പ്രിന്റ് ചെയ്യുന്നതിന് മോട്ടോർ വാഹന വകുപ്പിന് ഫീസിന്റെ 30% മാത്രമേ ചിലവ് വരുന്നുള്ളൂ. എന്നിട്ടും പ്രിന്റിംഗ് പ്രസിൽ കോടികളാണ് കൊടുക്കാനുള്ളത്.

ഇത് മൂലമാണ് ആർസി പ്രിന്റിംഗ് നടക്കാത്തത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുകയും സ്ഥാപനങ്ങള്‍ നടത്തുന്നവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it