Latest News

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകും; ചാന്‍സിലറുടെ അധികാരം ചുരുക്കുന്ന ബില്ല് ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കും

ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സര്‍വകലാശാലകളില്‍ ചാന്‍സിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകും; ചാന്‍സിലറുടെ അധികാരം ചുരുക്കുന്ന ബില്ല് ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കും
X

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ചാന്‍സിലറുടെ അധികാരം കുറക്കുന്ന ബില്ല് ബുധനാഴ്ച നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അന്ന് തന്നെ ലോകായുക്ത ബില്ലും സഭയില്‍ അവതരിപ്പിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമനം അന്വേഷിക്കാനുള്ള സമിതിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോകവെയാണ് സര്‍വകലാശാലകളില്‍ ചാന്‍സിലറുടെ അധികാരം കുറക്കുന്ന ബില്ല് നിയമസഭയില്‍ എത്തുന്നത്.

അതേസമയം, കണ്ണൂര്‍ വി.സിക്കെതിരായ നീക്കങ്ങള്‍ക്കിടെ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെയും ലക്ഷ്യമിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയമിക്കുന്നത് വഴി ഗവര്‍ണര്‍ ലക്ഷ്യമിടുന്നത് വി സിമാരെയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ കേരളത്തിലെത്തിയ ഉടന്‍ തന്നെ അന്വേഷണ സമിതി രൂപീകരിച്ചേക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനാണ് ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും, ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. നേരത്തെ എന്‍ കെ ജയകുമാര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷനും വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it