Latest News

റോഡിലെയും കമ്പോളങ്ങളിലെയും തിരക്ക് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി

പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ ഇടപെടണം.

റോഡിലെയും കമ്പോളങ്ങളിലെയും തിരക്ക് ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി കാണാന്‍ കഴിയുന്ന ഒരു പ്രധാന പ്രശ്‌നം റോഡിലെയും കമ്പോളങ്ങളിലെയും തിരക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നല്ല തിരക്കും വാഹനത്തിരക്കും അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസും ജില്ലാ ഭരണസംവിധാനങ്ങളും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന നിലയുണ്ടാകണം.

ഇതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാനില്യസംസ്‌കരണം നടക്കുന്നുണ്ട്. കുമിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതിഗതികളുടെ ഗൗരവം ഉള്‍ക്കൊണ്ട് നടപടികള്‍ സ്വീകരിക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇത് നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ അതിഥി തൊഴിലാളികളെയടക്കം ഉപയോഗിക്കാമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. തൊഴിലില്ലാത്ത ഒരു ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് അവര്‍ക്കും സഹായകമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗൗരവബോധത്തോടെ ഇതില്‍ ഇടപെടണം.

ഇടുക്കി ജില്ലാ അതിര്‍ത്തികളില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ലോറികള്‍ പരിശോധനയില്ലാതെ കടത്തിവിടുന്നു എന്ന പ്രശ്‌നം ശ്രദ്ധയില്‍ വന്നു. ആളുകളും ഒളിച്ചുവരുന്നു. തടയുന്നതിന് പോലിസും വനം-റവന്യു വകുപ്പുകളും യോജിച്ച് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കണം.

കടകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാന്‍ പാടില്ല. റെഡ്‌സോണിലും അല്ലാത്തിടത്തും ഏതൊക്കെ കടകള്‍ ഏതു സമയത്ത് തുറക്കണം എന്ന കാര്യത്തില്‍ കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. അതിനുവിരുദ്ധമായ രീതികള്‍ ഇല്ല എന്നും ഉറപ്പുവരുത്തണം.

Next Story

RELATED STORIES

Share it