Latest News

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കള്ളവോട്ട് ആരോപണത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം

പി എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കള്ളവോട്ട് ആരോപണത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം
X

കോഴിക്കോട്: കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും പരസ്പരം ഏറ്റുമുട്ടുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. പി എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം. വരി നിന്ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് തന്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞതെന്നും താന്‍ സ്ഥിരമായി കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളാണെന്നും ജയപ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മിലും വാക്കേറ്റമുണ്ടായി. പോലീസും കള്ള വോട്ടിന് കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം.തുടര്‍ന്ന് വോട്ട് ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. നൂറുകോടി ആസ്തിയുള്ള ബാങ്കില്‍ മുപ്പത്തി ആറായിരത്തോളം മെമ്പര്‍മാരാണുള്ളത്. കനത്ത പൊലിസ് സുരക്ഷയിലാണ് പറയഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

കോണ്‍ഗ്രസ് പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഎം പിന്തുണയോടെ മത്സരിക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു. പോളിങ്ങിന്റെ ആദ്യമണിക്കൂറില്‍ തന്നെ കള്ളവോട്ട് ആരോപണമായി ഇരുവിഭാഗവും രംഗത്തെത്തി. പിന്നാലെയായിരുന്നു സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം.

Next Story

RELATED STORIES

Share it