Latest News

ഇന്ധന സെസിന് കാരണം കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങള്‍; നികുതി വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ഇന്ധന സെസിന് കാരണം കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങള്‍; നികുതി വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞെരുക്കി തോല്‍പ്പിച്ചുകളയാമെന്ന കേന്ദ്ര നയത്തിനു കുടപിടിക്കുന്ന പണിയാണ് യുഡിഎഫ് ചെയ്യുന്നത്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2015ല്‍ ഇതിന്റെ പകുതിവില ഇല്ലാത്ത കാലത്ത് യുഡിഎഫ് ഒരുരൂപ സെസ് ഏര്‍പ്പെടുത്തി. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോണ്‍ഗ്രസ്. എണ്ണവില നിര്‍ണയിക്കാന്‍ കമ്പനികളെ അനുവദിച്ചവരാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര നയത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനത്ത് ആശ്വാസ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറിപ്പോവരുത് എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നിര്‍ബന്ധം. സംസ്ഥാനത്തിന് മുന്നോട്ടുപോവണമെങ്കില്‍ ചില നികുതി പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നത് ആരുടെ നന്‍മയ്ക്കു വേണ്ടിയാണ്? ഈ നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയല്ല. ഇത്രയും ഇവിടെ പറയേണ്ടിവന്നത്, ബജറ്റില്‍ കൊണ്ടുവന്ന പുതിയ നിര്‍ദേശങ്ങളെ നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്ന പ്രതിപക്ഷ സമീപനം തുടരുന്നതുകൊണ്ടാണ്.

എതിര്‍പ്പിന് വേണ്ടിയുള്ള ഇത്തരം സമീപനം പ്രതിപക്ഷം ഒഴിവാക്കണം. നാടിനുവേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തയാറാകണം എന്നാണു ഈ ഘട്ടത്തില്‍ അഭ്യര്‍ഥിക്കാനുള്ളത്. ഇന്ത്യയിലെ നിയന്ത്രിത ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതമാണ്. സംസ്ഥാനങ്ങളുടെ ഫിസ്‌കല്‍ സ്‌പേസ് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ വീണ്ടും ചുരുങ്ങിയിട്ടുണ്ട്. ഇതിന് കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെ കണ്ണടച്ച് എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്സും ബിജെപിയും. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം പക്ഷെ കേരളത്തിലെ ജനങ്ങള്‍ തിരസ്‌കരിക്കുന്ന രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it