Latest News

ടോള്‍ ഫ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ജനുവരി ഒന്നു മുതല്‍

ടോള്‍ ഫ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ജനുവരി ഒന്നു മുതല്‍
X

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തില്‍ ബന്ധപ്പെടാന്‍ ഇനി മുതല്‍ 1076 എന്ന നാലക്ക ടോള്‍ ഫ്രീ നമ്പര്‍. 2022 ജനുവരി ഒന്നു മുതല്‍ പുതിയ നമ്പര്‍ പ്രബല്യത്തില്‍ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടാന്‍ നിലവില്‍ 1800 425 7211 എന്ന 11 അക്ക ടോള്‍ ഫ്രീ നമ്പറാണുള്ളത്. സംസ്ഥാനത്തിന് അകത്ത് ലാന്‍ഡ് ലൈനില്‍ നിന്നോ മൊബൈലില്‍ നിന്നോ വിളിക്കുന്നവര്‍ക്ക് 1076 ലേക്ക് നേരിട്ട് വിളിക്കാം.

സംസ്ഥാനത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0471 എന്ന കോഡും രാജ്യത്തിന് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 91 എന്ന കോഡും ചേര്‍ത്താണ് വിളിക്കേണ്ടത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം ഓഫിസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ പ്രവര്‍ത്തിക്കുന്നു. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിനങ്ങളിലും പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തല്‍സ്ഥിതി 1076 എന്ന നമ്പറിലൂടെ അറിയാന്‍ കഴിയും. പരാതികളില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ശ്രദ്ധയില്‍പ്പെട്ടാലും സ്വീകരിച്ച നടപടികളില്‍ അതൃപ്തി ഉണ്ടെങ്കിലും ഈ നമ്പറില്‍ അറിയിച്ചാല്‍ പരിഹാര നടപടി സ്വീകരിക്കും.

ടോള്‍ ഫ്രീ നമ്പറിലൂടെ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് ബന്ധപ്പെടുന്നവര്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സേവനം സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിളിച്ച നമ്പറിലേക്ക് പ്രതികരണം രേഖപ്പെടുത്താനുള്ള ലിങ്ക് സഹിതം എസ്.എം.എസ് ലഭിക്കും. ലിങ്ക് ഉപയോഗിച്ച് അഭിപ്രായവും റാങ്കിങ്ങും രേഖപ്പെടുത്താം.

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സ്‌ട്രെയിറ്റ് ഫോര്‍വേഡില്‍ നേരിട്ടെത്തിയും പരാതികള്‍ സമര്‍പ്പിക്കാനും തല്‍സ്ഥിതി അറിയാനും കഴിയും. നേരിട്ട് സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് അപ്പോള്‍തന്നെ രസീത് ലഭിക്കും.

Next Story

RELATED STORIES

Share it