Latest News

എട്ടു നിലയില്‍ പൊട്ടിയ കുട്ടിക്കടത്ത്: കേസില്‍ ചീറ്റിപ്പോയത് ശ്രീജിത് ഐപിഎസ്സിന്റെ തിരക്കഥ

എട്ടു നിലയില്‍ പൊട്ടിയ കുട്ടിക്കടത്ത്: കേസില്‍ ചീറ്റിപ്പോയത് ശ്രീജിത് ഐപിഎസ്സിന്റെ തിരക്കഥ
X

പി സി അബ്ദുല്ല

പാലക്കാട്: കേരളത്തിലെ യത്തീംഖാന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പോലിസും സംഘപരിവാരവും ചില മാധ്യമങ്ങളും സംഘടിതമായി നടത്തിയ അതിക്രമങ്ങള്‍ക്ക് ഒടുവില്‍ കനത്ത തിരിച്ചടി തന്നെയാണ് കാലം കരുതിവച്ചത്.

തെളിവില്ലെന്ന് കാണിച്ച് കേസ് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ അവസാനിപ്പിച്ചതോടെ ഒട്ടേറെ ഇടങ്ങളില്‍ ഒരേസമയം രചിക്കപ്പെട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തിരക്കഥകളാണ് ആവിയായത്.

കേരളത്തിലെ യത്തീംഖാനകള്‍ക്കെതിരായ മനുഷ്യക്കടത്ത് ആരോപണത്തില്‍ ആറു വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് സിബിഐ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. ഇതോടെ എറണാകുളം സിബിഐ കോടതി കേസ് അവസാനിപ്പിച്ചു.

മനുഷ്യാവക കമ്മീഷനില്‍ ഡിഐജിയായിരിക്കെ എസ് ശ്രീജിത് കേന്ദ്ര മനുഷ്യക്കടത്ത് വിരുദ്ധ നിയമം ദുരുപയോഗം ചെയ്ത് കുട്ടിക്കടത്തു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതാണ് 2014 ല്‍ കേരളത്തിലെ യത്തീംഖാനകളെ വേട്ടയാടാന്‍ സംഘ പരിവാരത്തിനും പോലിസിനും മാധ്യമങ്ങള്‍ക്കും അവസരമൊരുക്കിയത്. മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സര്‍ക്കാരിന്റെ കാലത്ത്, എം കെ മുനീര്‍ സാമൂഹിക ക്ഷേമ മന്ത്രിയായിരിക്കെ കുട്ടിക്കടത്ത് ആരോപണത്തിന്റെ പേരില്‍ സമാനതകളില്ലാത്ത പോലിസ് പീഡനങ്ങളും മാധ്യമ വിചാരണയും സംഘപരിവാര വിദ്വേഷ പ്രചാരണങ്ങളുമാണ് കേരളത്തിലെ യത്തീംഖാനകള്‍ക്കെതിരെ അരങ്ങേറിയത്.

ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്തര്‍ സംസ്ഥാന ബന്ധവും തീവ്രവാദ ബന്ധവും ആരോപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആഴ്ചകളോളം ഡല്‍ഹിയില്‍ തമ്പടിച്ച് കേസില്‍ സിബിഐ അന്വേഷണത്തിന് കരുക്കള്‍ നീക്കി. അതിനിടെ സംഘപരിവാര്‍ പിന്തുണയോടെ കേരള ഹൈക്കോടതിയിലെത്തിയ ഹരജിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഇതിനിടെ സുപ്രിം കോടതിയിലേക്കും നിയമപോരാട്ടം നീണ്ടു. സുപ്രിം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അപര്‍ണ ഭട്ട് സമര്‍പ്പിച്ച റിപോര്‍ട്ട് ആര്‍എസ്എസ് ആരോപണങ്ങളെ ശരിവച്ചുകൊണ്ടായിരുന്നു. എന്നാല്‍, എതിര്‍ സത്യവാങ്മൂലത്തില്‍ അമികസ്‌ക്യൂരിയുടെ റിപോര്‍ട്ട് ദുര്‍ബലമായി. സുപ്രിംകോടതി ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബഞ്ച് കേരളത്തിന്റെ നിലപാട് തേടി. ഓര്‍ഫനേജ് കണ്‍ട്രോള്‍ നിയമത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനാഥാലയങ്ങള്‍ കേന്ദ്ര ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് 2010ല്‍ സംസ്ഥാനം നിയമഭേദഗതി കൊണ്ടുവന്നു. ഇത് ഹൈക്കോടതി ശരിവെച്ചത് സുപ്രിം കോടതിയും അംഗീകരിച്ചു.

ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിംഖാനകളിലേക്ക് വന്ന അനാഥ കുട്ടികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നുവെന്നായിരുന്നു കേസ്. പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ബിജെപി നേതാക്കളും ഉന്നയിച്ച ആരോപണങ്ങളില്‍ 2013ലെ മനുഷ്യക്കടത്ത് വിരുദ്ധനിയമം 370ാം വകുപ്പനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത് അന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിഐജി എസ് ശ്രീജിത്ത് ആയിരുന്നു. നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ കേസായിരുന്നു അത്. പോലിസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ യത്തീംഖാനകളുടെ മറവില്‍ മനുഷ്യക്കടത്ത് നടക്കുന്നതായി ഡിഐജി ശ്രീജിത് അന്ന് മാധ്യമങ്ങളോട് പരസ്യമായി പറയുകയും ചെയ്തു.

സംസ്ഥാനത്തിന്റെ സാമൂഹിക മേഖലയെ പിടിച്ചുലച്ച വിവാദമായിരുന്നു യത്തീംഖാനകളുമായി ബന്ധപ്പെട്ട് ചിലര്‍ പടച്ചുവിട്ട കുട്ടിക്കടത്ത് കേസ്. കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ സാമൂഹിക മുന്നേറ്റത്തില്‍ നിര്‍ണായകമായ നിരവധി സംഭാവനകള്‍ നല്‍കിയ യത്തീംഖാനകളെ കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉയര്‍ത്തി. യത്തീംഖാനകള്‍ വാണിഭ ഇടങ്ങളായും ഭീകര റിക്രൂട്ടിംങ് കേന്ദ്രങ്ങളായും മുദ്ര കുത്തപ്പെട്ടു.

2015 മെയ് 24 ന് രണ്ട് മണിക്കാണ് 226 ആണ്‍കുട്ടികളും 229 പെണ്‍കുട്ടികളുമടങ്ങുന്ന 455 വിദ്യാര്‍ഥികളെ നാല് പേര്‍ക്കൊപ്പം പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ റെയില്‍വേ പൊലിസ് കണ്ടെത്തിയെന്നായിരുന്നു എഫ്‌ഐആര്‍.

യാത്രയില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും കുടുംബക്കാരുമായി 39 പേര്‍ കൂടിയുണ്ടായിരുന്നു. മതിയായ രേഖകളില്ല എന്ന കാരണത്താല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുക്കം യത്തീംഖാനയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലിസിന്റെ ഹാളിലും പിന്നീട് ബാലാവകാശ കമ്മിഷന്റെ കീഴിലുള്ള പാലക്കാട് ജ്യോതിനിലയം സ്‌കൂളിലും പാര്‍പ്പിച്ചു.

പീന്നീട് മുക്കം യത്തീംഖാനയുടെ തിരിച്ചറിയല്‍ രേഖയുള്ള വിദ്യാര്‍ഥികളെ കോഴിക്കോട്ടേക്കും മതിയായ രേഖകളോടെ രക്ഷിതാക്കള്‍ സമീപിച്ച വിദ്യാര്‍ഥികളെ രക്ഷിതാക്കളോടു കൂടെയും പറഞ്ഞയച്ചു. ബാക്കിയുള്ള 119 ജാര്‍ഖണ്ഡ് സ്വദേശികളായ വിദ്യാര്‍ഥികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഗോഡയിലുള്ള കേന്ദ്രത്തിലേക്കും ബിഹാര്‍ സ്വദേശികളായ 39 പേരെ പാറ്റ്‌നയിലുള്ള കേന്ദ്രത്തിലേക്കും മടക്കി അയച്ചു.

പാലക്കാട് റെയില്‍വേ പൊലിസ് സ്‌റ്റേഷനില്‍ ഐ.പി.സി 370(5) പ്രകാരം കുട്ടിക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയതു. ഐ.പി.സി 420/465/468 പ്രകാരം വഞ്ചനാ കുറ്റം, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം െ്രെകംബ്രാഞ്ച് മുക്കം യത്തീംഖാനക്കെതിരെയും കേസ്സെടുത്തു.

2015 ജൂണ്‍ ആറിന് ന് കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 370(5)(കുട്ടിക്കടത്ത്) പ്രകാരം എടുത്ത കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

സൊസൈറ്റി ആക്ട് പ്രകാരം 1956ല്‍ സ്ഥാപിതമായ കേരള വഖ്ഫ് ബോര്‍ഡിലും കേരള ഓര്‍ഫനേജ് ബോര്‍ഡിലും മുക്കം മുസ്‌ലിം ഓര്‍ഫനേജ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് മുക്കം യത്തീംഖാനയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടാണ് മുക്കം അടക്കമുള്ള യത്തീംഖാനകള്‍ പ്രവര്‍ത്തക്കുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അന്വേഷണം അവസാനിപ്പിച്ചുള്ള റിപോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കി.

സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കേസ് അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it