Latest News

ചുണ്ടേല്‍ അപകടം: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന

ചുണ്ടേല്‍ അപകടം: ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍
X

വയനാട്: ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറായ ചുണ്ടേല്‍ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കല്‍ അബ്ദുല്‍ നവാസിന്റേത് കൊലപാതകമെന്ന് കണ്ടെത്തല്‍. ആസൂത്രിതമായാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും കണ്ടെത്തി. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിനെയും ഇയാളുടെ സഹോദരനെയും പോലിസ് കസ്റ്റഡിയിലെടുത്തു. സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ അമ്മാറ-ആനോത്ത് റോഡില്‍ ചുണ്ടേല്‍ എസ്റ്റേറ്റ് ഫാക്ടറിക്കുസമീപമായിരുന്നു അപകടം. ചുണ്ടേല്‍ എസ്റ്റേറ്റ് ഭാഗത്തേക്കുപോവുകയായിരുന്ന നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിരേവരികയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പൊതുവെ വാഹനത്തിരക്ക് കുറവായ റോഡില്‍ എങ്ങനെയാണ് അപകടമുണ്ടായത് എന്ന സംശയം നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സംശയത്തില്‍ നിന്നുമാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. കൂടാതെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ പിതൃസഹോദരന്‍ കെ പി റഷീദ് ആണ് വൈത്തിരി പോലിസില്‍ പരാതി നല്‍കി.

അടി മുടി ദുരൂഹത. സംഭവം ഇങ്ങനെ....

മുഖ്യപ്രതിയായ സുമില്‍ ഷാദ് സംഭവത്തിന് മുമ്പ് ചുണ്ടേല്‍ എസ്റ്റേറ്റ് പള്ളിക്ക് സമീപം ഒരുമണിക്കൂറോളം ജീപ്പുമായി നവാസിനെ കാത്ത് റോഡില്‍ നില്‍ക്കുന്നു. നവാസ് ഓട്ടോയില്‍ വരുന്നതായുള്ള ഫോണ്‍കോള്‍ ലഭിച്ച സുമില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. തുടര്‍ന്ന് എതിരെവരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും മുങ്ങി.

അപകടത്തിനിടയാക്കിയ ജീപ്പ് ചുണ്ടേല്‍ എസ്റ്റേറ്റ് പള്ളിക്കുസമീപം തിങ്കളാഴ്ച രാവിലെ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. അവിടെനിന്നുപോയ ജീപ്പാണ് നവാസിന്റെ ഓട്ടോറിക്ഷയിലിടിച്ചതെന്ന് ചുണ്ടേലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ബേബി പറയുന്നു.

തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയിലിരുന്ന് ബേബി പത്രം വായിക്കുമ്പോഴാണ് പള്ളിക്കുമുന്‍പില്‍നിന്ന് ജീപ്പ് പോയത്. തൊട്ടുപിന്നാലെ യാത്രക്കാരുമായി ബേബിയും അതേറൂട്ടില്‍ പോയി. അറുന്നൂറോളം മീറ്റര്‍ കഴിഞ്ഞപ്പോഴേക്കും അപകടം നടന്നിരുന്നുവെന്നും ബേബി പറഞ്ഞു. തുടര്‍ന്ന് പോലിസ് പ്രദേശത്തെ സിസിടിവി പരിശോധിച്ചു. പള്ളിക്ക് സമീപം നവാസിനെ കാത്ത് ഒരുമണിക്കൂറോളം ജീപ്പ് സ്ഥലത്ത് നില്‍ക്കുന്നതായി കാണാം. ഇതിനെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലിസ് ഒടുക്കം പ്രതികളെ അറസ്റ്റ് ചെയ്തു.





Next Story

RELATED STORIES

Share it