Latest News

എളമരം കരീമിന്റെ ദുരാരോപണങ്ങളെ അപലപിച്ച് 'സിജി'

ഈ സ്ഥാപനത്തിന് ഭൂമി വാങ്ങിയത് എളമരം കരീം പ്രസ്താവിച്ചത് പോലെ ഏതെങ്കിലും മത സംഘടനയുടെ പേരിലല്ല. മറിച്ച് സിജിക്ക് വേണ്ടി അന്നത്തെ പ്രസിഡന്റ് ഡോ. കെ എം അബുബക്കറിന്റെ പേരിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

എളമരം കരീമിന്റെ ദുരാരോപണങ്ങളെ അപലപിച്ച് സിജി
X

കോഴിക്കോട്: രാജ്യസഭാ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ എളമരം കരീമിന്റെ ദുരാരോപണങ്ങളെ അപലപിച്ച് ചേവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി).ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററിന്റെ പേര് Cetnre for Information & Guidance India (CIGI) എന്നാണ്. 1996ല്‍ സ്ഥാപിക്കപ്പെട്ട സിജി, Societies Registration Act പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാറിതര സന്നദ്ധ സംഘമാണ്. മത ജാതി രാഷ്ടീയ ഭേദമന്യേ എല്ലാവര്‍ക്കും അംഗത്വം എടുക്കാവുന്ന ഈ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും സിജി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ സ്ഥാപനത്തിന്റെ ഭൂമി വാങ്ങിയത് എളമരം കരീം പ്രസ്താവിച്ചത് പോലെ ഏതെങ്കിലും മത സംഘടനയുടെ പേരിലല്ല. മറിച്ച് സിജിക്ക് വേണ്ടി അന്നത്തെ പ്രസിഡന്റ് ഡോ. കെ എം അബുബക്കറിന്റെ പേരിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

സിജിയുടെ സ്ഥാപക പ്രസിഡന്റ് ഡോ. കെ. എം അബൂബക്കര്‍ ഭാഭാ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ നിന്ന് വിരമിച്ച ഒരു ശാസ്ത്രജ്ഞന്‍ മാത്രമാണ്. അദ്ദേഹത്തിന് ഏതെങ്കിലും മത സംഘടനയില്‍ അംഗത്വമോ വിദൂര ബന്ധമോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അക്കാദമിക രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സിജി.

കേരളാ സര്‍വ്വകലാശാല മുന്‍ പിവിസിയും ഇടത് സഹയാത്രികനമായിരുന്ന ഡോ. എന്‍ എ കരിം, എഴുത്തുകാരനും ആര്‍ഇസി മുന്‍ പ്രിന്‍സിപ്പലുമായ ഡോ. കെ എം ബഹാവുദീന്‍ എന്നിവര്‍ സിജിയുടെ സോണല്‍ ഡയറക്ടര്‍മാരായിരുന്നു. ഡോ. കെ എം അബൂബക്കറിന് ശേഷം സിജിയുടെ പ്രസിഡന്റ് സ്ഥാനത്തിരുന്ന ജസ്റ്റിസ് പി കെ അബ്ദുല്‍ ഗഫൂര്‍ ഇടത് അനുഭാവിയായിരുന്നു.

യോഗ്യരായ കരിയര്‍ കൗണ്‍സലര്‍മാരെ ഉപയോഗിച്ച് തികച്ചും സൗജന്യമായിട്ടാണ് കഴിഞ്ഞ 24 വര്‍ഷ ക്കാലമായി സിജി കരിയര്‍ ഗൈഡന്‍സ് നല്‍കി വരുന്നത്. രാഷ്ട്രീയ മത ജാതി പ്രാദേശിക ഭേദമില്ലാതെ കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആധികാരികവും സമഗ്രവുമായ ഉപരിപഠന തൊഴില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശം നല്‍കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുടെ സേവനം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപെട്ടിട്ടുണ്ട്.

സ്വാഭാവികമായും ഇതിലൂടെ ഡല്‍ഹിയില്‍ പ്രവേശനം ലഭിക്കുന്ന മലയാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുമുണ്ട്. ഇത് മനസ്സിലാക്കിയിട്ട് ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലേക്കും മറ്റും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ് സിജി എന്ന തികച്ചും ബാലിശമായ അബദ്ധ പരാമര്‍ശമാണ് കരീം നടത്തിയിട്ടുള്ളത്.ഇത് തികച്ചും ഖേദകരമാണ്. സുതാര്യമായ പ്രവേശന പ്രക്രിയയിലൂടെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ അതിപ്രശസ്തമായ സര്‍വകലാശാലാ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് മറ്റാര്‍ക്കും സാധ്യമല്ലെന്ന് രാഷ്ട്രീയ നേതാക്കള്‍ മനസ്സിലാക്കണം.

ഗുണഭോക്താക്കളില്‍ നിന്ന് ഒരു ഫീസും ഈടാക്കാതെ സിജി നടത്തികൊണ്ടിരിക്കുന്ന കരിയര്‍ ഗൈഡന്‍സ് സേവനങ്ങളെ ഒന്നിലേറെ തവണ സിജിയില്‍ നേരിട്ട് വന്ന് മുക്തകണ്ഡം പ്രശംസിച്ച രാഷ്ട്രീയ നേതാവ് ഇത്തരത്തിലുള്ള ഒരു വിവാദത്തിലേക്ക് സിജിയെ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തെ വലിച്ചിഴച്ചത് തീര്‍ത്തും അപലപനീയമാണെന്നും സിജി പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് നടന്ന ഒരു ചടങ്ങില്‍ എളമരം കീരം സിജിക്കെതിരേ അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങളുന്നയിച്ചത്.

Next Story

RELATED STORIES

Share it