Latest News

കേരളത്തിലും എഎപി സര്‍ക്കാര്‍ വരും; ട്വന്റി- 20യുമായി സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

കേരളത്തിലും എഎപി സര്‍ക്കാര്‍ വരും; ട്വന്റി- 20യുമായി സഖ്യം പ്രഖ്യാപിച്ച് കെജ്‌രിവാള്‍
X

കൊച്ചി: ട്വന്റി- 20യുമായി സഖ്യപ്രഖ്യാപനം നടത്തി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് മുന്നണി. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ട്വന്റി- 20യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി- 20ക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. കിഴക്കമ്പലത്ത് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടിലെ നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി- 20യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റും.

കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാവും. ആപ്പും ട്വന്റി- 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കും. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാവും നാലാം മുന്നണിയുടെ പ്രവര്‍ത്തനം. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഞങ്ങളുടെ സഖ്യം ജനക്ഷേമ സഖ്യം എന്നറിയപ്പെടുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. കേരളത്തില്‍ എഎപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ഡല്‍ഹി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഓരോന്നായി നിരത്തിയായിരുന്നു മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാളിന്റെ പ്രസംഗം. അഴിമതി തുടച്ചുനീക്കിയെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം കൊണ്ടാണ് ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. രാജ്യത്ത് ആം ആദ്മി പാര്‍ട്ടി വളരുന്നത് അതിവേഗമാണ്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാവും. 10 വര്‍ഷം മുമ്പ് അരവിന്ദ് കെജ്‌രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ഡല്‍ഹിയില്‍ ആദ്യം ചെയ്തത്. ഡല്‍ഹിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടെ, അഴിമതി ഇല്ലാതാക്കണ്ടേ... കെജ്‌രിവാള്‍ ചോദിച്ചു. ആദ്യം ഡല്‍ഹി, പിന്നെ പഞ്ചാബ്, അടുത്തത് കേരളമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ട്വന്റി- 20 കോ-ഓഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങളെ കെജ്‌രിവാള്‍ അഭിനന്ദിച്ചു. കിഴക്കമ്പലത്തെ ട്വന്റി- 20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്‌രിവാള്‍ സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it