Latest News

ഒരു കോടിയില്‍ തിളങ്ങാന്‍ നാട്ട്യന്‍ചിറ കോളനി; മന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന യോഗം

ഒരു കോടിയില്‍ തിളങ്ങാന്‍ നാട്ട്യന്‍ചിറ കോളനി; മന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന യോഗം
X

തൃശൂര്‍: അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമാകാന്‍ ചേലക്കര ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ നാട്ട്യന്‍ചിറ കോളനിയും. 202122 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ വിവിധ പ്രവര്‍ത്തനങ്ങളാണ് കോളനിയില്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് ചേര്‍ന്ന ആലോചന യോഗം പട്ടികജാതിപട്ടികവര്‍ഗപിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും താല്‍പര്യങ്ങള്‍ അനുസരിച്ചും വേണം പദ്ധതികള്‍ നടപ്പിലാക്കാനെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കോളനിയില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ വിശദീകരണം, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, കോളനി നിവാസികളുടെ ആവശ്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നവീകരണത്തിന്റെ ഭാഗമായി കോളനിയിലേയ്ക്കുള്ള റോഡ്, ഇതിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി, കുടിവെള്ള പദ്ധതി, ഭവന പുനരുദ്ധാരണം, അങ്കണവാടി പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നത്. സാംസ്‌കാരിക നിലയം വേണമെന്ന കോളനിവാസികളുടെ ആവശ്യം സ്ഥല ലഭ്യത കൂടി ഉറപ്പുവരുത്തി പരിഗണിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 48 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

സ്ഥലം എം എല്‍ എ ചെയര്‍മാനായും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറായും വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍/സങ്കേത പ്രതിനിധികള്‍, പട്ടികജാതി പ്രൊമോട്ടര്‍, ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായുള്ള മോണിറ്ററിംഗ് കമ്മിറ്റിയെ യോഗത്തില്‍ തിരഞ്ഞെടുത്തു.

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശേരി വിശ്വനാഥന്‍, വാര്‍ഡ് അംഗം എ കെ അഷറഫ്, നിര്‍മ്മിതി കേന്ദ്രം എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ സതീദേവി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ലിസ ജെ മങ്ങാട്ട്, എസ്.സി.ഡി.ഒ. പ്രബിത വി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it