Latest News

'പഞ്ചാബിലേക്ക് വരൂ, സര്‍ദാര്‍മാര്‍ നിങ്ങളെ സംരക്ഷിക്കും': ബില്‍ക്കിസ് ബാനുവിനെ പഞ്ചാബിലേക്ക് ക്ഷണിച്ച് ഗായകന്‍ റാബി ഷെര്‍ഗില്‍

പഞ്ചാബിലേക്ക് വരൂ, സര്‍ദാര്‍മാര്‍ നിങ്ങളെ സംരക്ഷിക്കും: ബില്‍ക്കിസ് ബാനുവിനെ പഞ്ചാബിലേക്ക് ക്ഷണിച്ച് ഗായകന്‍ റാബി ഷെര്‍ഗില്‍
X

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തില്‍ ഹിന്ദുത്വര്‍ ബലാല്‍സംഗത്തിനിരയാക്കിയ ബില്‍ക്കിസ് ബാനുവിന് സുരക്ഷയൊരുക്കാമെന്ന് വാഗ്ദാനവുമായി പഞ്ചാബിലേക്ക് ക്ഷണിച്ച് സംഗീതജ്ഞന്‍ റാബി ഷെര്‍ഗില്‍. പഞ്ചാബിലെ സര്‍ദാര്‍മാര്‍ ബില്‍ക്കിസിന് പരിരക്ഷനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടബലാല്‍സംഗത്തിനെതിരേ പ്രതികരിച്ചുകൊണ്ടും അതിജീവിത ബില്‍ക്കിസിന് പിന്തുണ പ്രഖ്യാപിച്ചും റാബി തയ്യാറാക്കിയ 'ബില്‍ക്കിസ്' എന്ന ഗാനം വ്യാപകമായ പ്രചാരം നേടിയിരുന്നു.

ബലാല്‍സംഗക്കേസില്‍ തടവ്ശിക്ഷ അനുഭവിക്കുന്ന 11 പേരെ സ്വാതന്ത്ര്യദിനത്തില്‍ തടവുകാരെ വിട്ടയക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.

'പഞ്ചാബിലേക്ക് വരൂ, ഞങ്ങളുടെ അവസാന തുള്ളി രക്തം കൊണ്ട് ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കുമെന്ന എനിക്ക് ബില്‍ക്കിസിനോട് പറയണം. സര്‍ദാര്‍മാര്‍ നിങ്ങളെ രക്ഷിക്കും. ഇത് എന്റെ സമൂഹത്തിന്റെ മാത്രം കാര്യമല്ല. അവരെ കെട്ടിപ്പിടിച്ച് അത് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ വേദന ഞങ്ങളുടെ വേദനയാണ്, അവര്‍ തനിച്ചല്ല, 'ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

'ഇത് എല്ലാവര്‍ക്കുമായുള്ള എന്റെ സന്ദേശമാണ്. ദയവുചെയ്ത് നീതിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങാം. കാരണം നമ്മള്‍ അത് ചെയ്തില്ലെങ്കില്‍, നമ്മുടെ സമൂഹത്തെ അത് ശൂന്യമാക്കും. നമുക്ക് നായകന്മാരില്ല. നമ്മുടെ അടുത്ത തലമുറ അത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു'- ഷെര്‍ഗില്‍ പറഞ്ഞു.

'നമ്മുടെ രാജ്യത്ത് ധാര്‍മ്മിക പ്രതിസന്ധിയുണ്ട്. നേതൃത്വത്തിന്റെ പ്രതിസന്ധിയുമുണ്ട്. എന്റെ തലമുറയും മാധ്യമങ്ങളും ആ ഒരു നിലയിലേക്ക് മുന്നേറണം. ജുഡീഷ്യറിയും രാഷ്ട്രീയക്കാരും ഞങ്ങളെ ഉപേക്ഷിച്ചു. നമുക്ക് നാം മാത്രമേയുള്ളൂ'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002 മാര്‍ച്ച് 3 നാണ് മാരകായുധങ്ങളുമായി 20-30 പേരടങ്ങുന്ന ഹിന്ദുത്വര്‍ ബില്‍ക്കിസ് ബാനുവിനേയും അവരുടെ പിഞ്ചുകുഞ്ഞും മകളെയും മറ്റ് 15 കുടുംബാംഗങ്ങളെയും ആക്രമിച്ചത്. ബല്‍ക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ആറ് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ചെയ്തു.

അഹമ്മദാബാദില്‍ വിചാരണ ആരംഭിച്ചെങ്കിലും പിന്നീട് സാക്ഷികളിലും തെളിവുകളിലും കൃത്രിമം നടന്നുവെന്ന സംശയത്തെത്തുടര്‍ന്ന് കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 2008ല്‍ സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും 2018ല്‍ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it