Latest News

കാര്‍ഷിക നിയമം സൂക്ഷമമായി പരിശോധിക്കാന്‍ കമ്മിറ്റി: അടുത്ത യോഗത്തില്‍ തീരുമാനമറിയിക്കുമെന്ന് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമം സൂക്ഷമമായി പരിശോധിക്കാന്‍ കമ്മിറ്റി: അടുത്ത യോഗത്തില്‍ തീരുമാനമറിയിക്കുമെന്ന് കര്‍ഷക സംഘടനകള്‍
X

ന്യൂഡല്‍ഹി: കര്‍ഷകപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന പരിശോധനാ സമിതി രൂപീകരിക്കണമെന്ന നിര്‍ദേശത്തെ കുറിച്ച് അടുത്ത അനുരഞ്ജന യോഗത്തില്‍ പ്രതികരിക്കുമെന്ന് കര്‍ഷക സംഘടനകള്‍. നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവയ്ക്കാനും വിവാദമായ കാര്‍ഷിക നിയമത്തിന്റെ ക്ലോസ്സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കര്‍ഷകപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കാമെന്നുമാണ് ഇന്ന് നടന്ന പത്താം വട്ട അനുരജ്ഞന ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തെക്കുറിച്ച് വ്യാഴാഴ്ച സമരസമിതി ചര്‍ച്ച ചെയ്യുമെന്ന് കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. ജനുവരി 22നാണ് അടുത്ത ചര്‍ച്ച.

കാര്‍ഷിക നിയമം ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കുകയില്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കാമെന്നും നിയമത്തെക്കുറിച്ചും താങ്ങുവിലയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ ബുധനാഴ്ചയിലെ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ആ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. അടുത്ത ദിവസം ഈ നിര്‍ദേശത്തെ കുറിച്ച് കര്‍ഷക സംഘടനകളുടെ സമരസമിതി ചര്‍ച്ച ചെയ്യുന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല അറിയിച്ചു.

കര്‍ഷകര്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിശോധിച്ചതിനുശേഷം നടപടിയെടുക്കാമെന്നും അറിയിച്ചു.

വിവാദമായ കാര്‍ഷിക നിയമത്തെക്കുറിച്ചുള്ള പത്താം വട്ട അനുരഞ്ജന ചര്‍ച്ച ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്നതിനിടയിലാണ് മന്ത്രി കമ്മിറ്റി രൂപീകരിക്കാമെന്ന പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. പത്താം വട്ട ചര്‍ച്ച ജനുവരി 19നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ജനുവരി 20ലേക്ക് മാറ്റുകയായിരുന്നു. ജനുവരി 15ാം തിയ്യതി നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ജനുവരി 20ന് വീണ്ടും യോഗം ചേര്‍ന്നത്. യോഗത്തില്‍ കൃഷിമന്ത്രി തൊമറിനു പുറമെ പിശൂഷ് ഗോയലും സന്നിഹിതരായിരുന്നു.

ജനുവരി 12ന് സുപ്രിംകോടതി കാര്‍ഷിക നിയമം പരിശോധിക്കുന്നതിനുവേണ്ടി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ സമിതിയോട് റിപോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. പക്ഷേ, സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സുപ്രിംകോടതി സമിതി ബഹിഷ്‌കരിച്ചു. സമിതിയിലുള്ളവര്‍ കാര്‍ഷിക നിയമത്തിന് അനുകൂല നിലപാടുള്ളവരാണെന്നായിരുന്നു സംഘടനകള്‍ പറഞ്ഞ കാരണം. രണ്ട് ദിവസത്തിനുള്ളില്‍ ഭാരതീയ കിസാന്‍ യൂനിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

സുപ്രിംകോടതി നിര്‍ദേശിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച ചേര്‍ന്നതായി കാര്‍ഷികമന്ത്രാലയം അറിയിച്ചു.

2020 നവംബര്‍ 26ന് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുളള സമരം രാജ്യത്ത് വലിയ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിയമം പൂര്‍ണമായും പിന്‍വലിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ ഏതാനും തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാണെന്നാണ് സര്‍ക്കാരിന്റെ വാദം.

Next Story

RELATED STORIES

Share it