Latest News

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സിയാല്‍ മോഡലില്‍ കമ്പനി

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സിയാല്‍ മോഡലില്‍ കമ്പനി
X

തൃശൂര്‍: കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സിയാല്‍ മോഡലില്‍ കാബ്‌കോ (കേരള അഗ്രികള്‍ച്ചറല്‍ ബിസിനസ് കമ്പനി) എന്ന കമ്പനി രൂപീകരിക്കുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച 'മൂല്യവര്‍ധിത കര്‍ഷക മിഷന്‍' സജ്ജമായെന്നും അത് നടപ്പില്‍ വരുത്തുന്നതിനായി ഒരു മാസത്തിനകം കാബ്‌കോ കമ്പനി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ ലഭ്യമാകുന്ന നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നഴ്‌സറി ആക്ട് അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയെയും കൃഷിവകുപ്പിനെയും കര്‍ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനായി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്ന 'കൃഷിദര്‍ശന്‍' പരിപാടി അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തോടൊപ്പം വളരാന്‍ കേരളത്തെ പ്രാപ്തമാക്കിയ മുഖ്യമന്ത്രിയാണ് അച്യുതമേനോന്‍. കേരളത്തിന്റെ ആദ്യ ധന -കൃഷി മന്ത്രി ആയപ്പോള്‍ തന്നെ കാര്‍ഷിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന ധാരണ അച്യുതമേനോനു ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളം കണ്ട ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിയും നവകേരള നിര്‍മാണം സാധ്യമാക്കി ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയുമായിരുന്നു അച്യുതമേനോന്‍ എന്ന് റവന്യുമന്ത്രി കെ രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്രമുഖ ശില്പി പ്രേംജി നിര്‍മ്മിച്ച സി അച്യുതമേനോന്റെ അര്‍ദ്ധകായ പ്രതിമ സര്‍വകലാശാല ഭരണകേന്ദ്രത്തിന് മുമ്പിലാണ് സ്ഥാപിച്ചിട്ടുള്ളത്.

മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ചടങ്ങില്‍ പങ്കെടുത്തു. ശില്‍പി പ്രേംജിയെ ചടങ്ങില്‍ മന്ത്രി പി പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിനി കൈലാസ്, ഗ്രാമപഞ്ചായത്ത് അംഗം എം എസ് സിനോജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ചന്ദ്രബാബു സ്വാഗതവും രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it