Latest News

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി;കുഞ്ഞില മാസിലാമണിക്കെതിരേ കേസ്

താന്‍ പിണറായി വിജയനും സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചത് കൊണ്ടാണ് തനിക്കെതിരെ പോലിസ് നടപടി ഉണ്ടാകുന്നതെന്ന് മാസിലാമണി ഇതിനെക്കുറിച്ച് പ്രതികരിച്ചു

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി;കുഞ്ഞില മാസിലാമണിക്കെതിരേ കേസ്
X
കോഴിക്കോട്: ഹിന്ദു ദൈവങ്ങളെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ സംവിധായിക കുഞ്ഞിലാ മാസിലാമണിക്കെതിരെ കേസ്.ഒറ്റപ്പാലം പോലിസാണ് കേസെടുത്തത്.ഹിന്ദു ദൈവമായ ശിവനെ അപമാനിച്ചുവെന്ന് പറഞ്ഞ് നാളുകള്‍ക്ക് മുമ്പ് ഇവര്‍ ഇട്ട പോസ്റ്റിന്റെ പേരിലാണ് കേസ്.ഐപിസി 153 പ്രകാരം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച്ചക്കകം ഒറ്റപ്പാലം പോലിസ് സ്‌റ്റേഷനില്‍ ഹാജരാകണം എന്നും നിര്‍ദേശമുണ്ട്.

നേരത്തെ വനിതാ ചലച്ചിത്രമേളക്കിടെ പ്രതിഷേധിച്ചതിന് കുഞ്ഞിലയെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മേളയില്‍ നിന്ന് തന്റെ ചിത്രം മനപൂര്‍വം ഒഴിവാക്കിയെന്നും, ചിത്രം തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം അക്കാദമി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതിനിടെ വടകര എംഎല്‍എയായ കെ കെ രമയ്‌ക്കെതിരായ എംഎം മണിയുടെ അധിക്ഷേപത്തിനെതിരെയും മാസിലമണി പ്രതിഷേധിച്ചിരുന്നു. 'പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്യു, കെ കെ രമ സിന്ദാബാദ് ' എന്ന് കുഞ്ഞില മാസിലമണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

താന്‍ പിണറായി വിജയനും സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചത് കൊണ്ടാണ് തനിക്കെതിരെ പോലിസ് നടപടി ഉണ്ടാകുന്നതെന്ന് മാസിലാമണി ഇതിനെക്കുറിച്ച് പ്രതികരിച്ചു.കെ കെ രമയെ പരസ്യമായി പിന്തുണച്ചത് കൊണ്ടാണ് തനിക്കെതിരെ സര്‍ക്കാര്‍ പ്രതികാരപൂര്‍വ്വം പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു.

കഴിഞ്ഞ കുറെനാളുകളായി മാസിലാമണി ഫേസ് ബൂക്കിലൂടെ പിണറായി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് തന്റെ ചിത്രം കോഴിക്കോട് മേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.അപ്പോഴാണ് ശിവനെ അപമാനിച്ചുവെന്ന് പറഞ്ഞ് നാളുകള്‍ക്ക് മുമ്പ് ഇവര്‍ ഇട്ട പോസ്റ്റിന്റെ പേരില്‍ പരാതി വരികയും, കുഞ്ഞിലക്കെതിരെ കേസെടുക്കുകയും ചെയ്തത്.

Next Story

RELATED STORIES

Share it