Latest News

സര്‍ക്കാരുമായുള്ള പോര് രൂക്ഷമാവുന്നു; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍

സര്‍ക്കാരുമായുള്ള പോര് രൂക്ഷമാവുന്നു; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഗവര്‍ണര്‍
X

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തിങ്കളാഴ്ച രാവിലെ 11.45ന് വാര്‍ത്താസമ്മേളനം വിളിച്ചു. രാജ്ഭവനില്‍വച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. 2019ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ ആരോപണത്തില്‍ തെളിവ് പുറത്തുവിടുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് വിവരം. കൂടാതെ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തുകളും പുറത്തുവിട്ടേക്കുമെന്നാണ് സൂചന.

സര്‍ക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത് പുതിയ വിവാദത്തിന് വഴിവച്ചു. ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഎം നേതാക്കളായ എം വി ജയരാജനും എ കെ ബാലനും രംഗത്തുവന്നു. ഗവര്‍ണര്‍ ആര്‍എസ്എസ്സുകാരനാണെന്നാണ് ഇരുവരും ആരോപിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യം വഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു 2019 ഡിസംബര്‍ 28ന് ഉയര്‍ന്നത്.

പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് ചരിത്രകാരന്‍മാരും വിദ്യാര്‍ഥി സംഘടനകളും നേര്‍ക്കുനേര്‍ വന്നു. പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവര്‍ണര്‍ക്കുനേരേ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ചിലര്‍ പ്ലക്കാര്‍ഡുയര്‍ത്തുകയും ചെയ്തു. ഗവര്‍ണറും സദസ്സില്‍ ഉള്ളവരും തമ്മില്‍ വാക്‌പോരുണ്ടായി. വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ അടുത്തെത്തി ശബ്ദമുയര്‍ത്തി സംസാരിച്ചു.

ഇര്‍ഫാന്‍ ഹബീബ് പിന്നീട് വേദിയില്‍നിന്ന് ഇറങ്ങിപ്പോവാന്‍ ശ്രമിച്ചു. വിസിയും എംപിയായിരുന്ന കെ കെ രാഗേഷുമാണ് ഇര്‍ഫാന്‍ ഹബീബിനെ അനുനയിപ്പിച്ച് സീറ്റിലിരുത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ചുരുക്കി ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു. ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാ വീഴ്ചയുടെ പേരില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it