Latest News

ഗോവയില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ച് കോണ്‍ഗ്രസ്സും തൃണമൂലും; ബിജെപിയെ ഒതുക്കാന്‍ അത് മതിയോ?

ഗോവയില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം സ്ഥാപിച്ച് കോണ്‍ഗ്രസ്സും തൃണമൂലും; ബിജെപിയെ ഒതുക്കാന്‍ അത് മതിയോ?
X

ഗോവ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളെ കസ്റ്റഡിയില്‍ വച്ച് ബിജെപിയുമായി അങ്കം കുറിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ഗോവയുടെ രാഷ്ട്രീയത്തില്‍ കാര്യമായ നീക്കിയിരുപ്പുകളൊന്നുമില്ലെങ്കിലും ബംഗാളില്‍ ബിജെപിയെ നിലംതൊടീക്കാതെ പറപ്പിച്ച ശൗര്യവുമായെത്തുന്ന തൃണമൂലും ഇതേ ലക്ഷ്യവുമായാണ് സംസ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ട് കൂട്ടരും അതിനു കണ്ടെത്തിയത് ഓരോ പ്രാദേശിക പാര്‍ട്ടികളെയാണ്. രണ്ട് പാര്‍ട്ടികള്‍ക്കും ബിജെപിയുമായി ഒരു ബാന്ധവത്തിന്റെ കഥയുണ്ടെന്നതാണ് ഇതില്‍ രസകരമായ മറ്റൊരു കാര്യം.

കോണ്‍ഗ്രസ്സുമായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി സഖ്യം സ്ഥാപിച്ച കാര്യം ചിദംബരമാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രവാദി ഗൊമന്ദക് പാര്‍ട്ടിയുമായാണ് ത്രിണമൂല്‍ സഖ്യം സ്ഥാപിച്ചിരിക്കുന്നത്. ഈ സഖ്യം ബിജെപിയെ തകര്‍ക്കുകയെന്ന തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നാണ് ഇരുപാര്‍ട്ടിയുടെയും നേതാക്കളുടെ വിശ്വാസം.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും പുതിയ പാര്‍ട്ടിയാണ് ഗോവ ഫോര്‍വേഡ് ഫ്രന്റ്. 2017 തിരഞ്ഞെടുപ്പില്‍ 3 എംഎല്‍എമാരെയും അവര്‍ക്ക് കിട്ടി. അതില്‍ ഒരാള്‍ നാല് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നു.

സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും പാരമ്പര്യമുള്ള പാര്‍ട്ടിയാണ് മഹാരാഷ്ട്രവാദി ഗൊമന്ദക് പാര്‍ട്ടി. മൂന്ന് പതിറ്റാണ്ടായി രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന അവരുടെ പ്രതാപം കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളിലായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സീറ്റാണ് ആകെ ഇവര്‍ക്ക് ലഭിച്ചത്. സംസ്ഥാനത്ത് ആറ് നിയമസഭാമണ്ഡലങ്ങളില്‍ മാത്രമേ ഇപ്പോള്‍ സ്വാധീനമുള്ളൂ.

എംജിപിയുമായി സഖ്യം സ്ഥാപിച്ച് സംസ്ഥാന ഭരണം പിടിക്കാനാണ് ത്രിണമൂല്‍ ശ്രമം. നേരത്തെയും അവര്‍ ഗോവയില്‍ ചെറിയ കൈനോക്കിയിട്ടുണ്ടെങ്കിലും നേട്ടമുണ്ടായില്ല. കോണ്‍ഗ്രസ്സാവട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തരാണെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ച 17 എംഎല്‍എമാരില്‍ മൂന്നു പേര്‍ ഒഴിച്ച് എല്ലാവരും ബിജെപിയില്‍ ചേക്കേറി.

ഗോവന്‍ ഫോര്‍വേഡ് പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ്സിന്റെ സഖ്യം കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരെ ഉദ്ധരിച്ച് പലരും അഭിപ്രായപ്പെടുന്നത്. കാരണം ജിഎഫ്പിക്ക് ജയസാധ്യതയുളള രണ്ട് സീറ്റേയുള്ളൂ.

ത്രിണമൂലിന്റെ കാര്യത്തില്‍ എംജിപിയുമായുളള സഖ്യം അവര്‍ക്ക് ഗുണം ചെയ്യാന്‍ സാധ്യത കുറവാണ്. എംജിപിക്ക് മൂന്നാല് സീറ്റിനുള്ള സാധ്യതയാണ് ഉള്ളത്. അതാകട്ടെ ആ മണ്ഡലങ്ങളില്‍ മല്‍സിരിക്കുന്നവര്‍ക്കുള്ള ജനപിന്തുണയാണ്. അതേസമയം എംജിപിയ്ക്ക് ത്രിണമൂല്‍ സഖ്യം ഗുണം ചെയ്യും. കാരണം ത്രിണമൂലിന് വിഭവങ്ങളുണ്ട്. അതവര്‍ക്ക് ഇവിടെ ഉപയോഗിക്കാം. പക്ഷേ, അപ്പോഴും വിജയം അനുഗ്രഹിക്കുമോയെന്ന് കണ്ടറിയണം.

അവരോടൊപ്പമുള്ള മുന്നണി അത്ഭുതം സൃഷ്ടിക്കുമെന്നാണ് ത്രിണമൂല്‍ എംപിയും ഗോവയുടെ ഇന്‍ചാര്‍ജുമായ മഹ് വ മൊയ്ത്ര പറയുന്നത്. ബിജെപിക്ക് ഒരു ബദല്‍ വേണം. ജനങ്ങള്‍ അതാവശ്യപ്പെടുന്നു. അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. എംജിപിയുടെ ജനസ്വാധീനവും ത്രിണമൂലിന്റെ മൂലധനവും- അതാണ് തന്ത്രം.

ബിജെപിയുടെ രാഷ്ട്രീയതന്ത്രത്തിന്റെ ഒരു മാതൃകയാണ് എംജിപിയുടെ ചരിത്രമെന്ന് പൊതുവെ പറയാം.

1963ല്‍ ഗോവ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ശേഷം എംജിപി അധികാരത്തിലെത്തി. മഹാരാഷ്ട്രയുമായി സംയോജിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് പക്ഷേ, ആ ആവശ്യത്തിന് അധികം പിന്തുണ ലഭിച്ചില്ല. എങ്കിലും 1979 വരെ എംജിപി ഭരിച്ചു. അവിടന്നങ്ങോട്ട് കോണ്‍ഗ്രസ്സായിരുന്നു ഭരിച്ചത്.

1990 മുതലാണ് എംജിപിയുടെ തകര്‍ച്ച ആരംഭിക്കുന്നത്. 1994ല്‍ അവര്‍ ബിജെപിയുമായി സഖ്യം സ്ഥാപിച്ചു. കോണ്‍ഗ്രസ്സിനെ ഒതുക്കലായിരുന്നു ലക്ഷ്യം. പാവപ്പെട്ട ഹിന്ദുക്കളുടെ പാര്‍ട്ടിയെന്നാണ് എംജിപിയെ രാഷ്ട്രീയനിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. പതുക്കെപ്പതുക്കെയാണെങ്കിലും താമസിയാതെ ബിജെപി ആ സ്ഥാനമേറ്റെടുത്തു. കുറേയറെ എംജിപി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി. പ്രാദേശിക പാര്‍ട്ടിയെ ദേശീയ പാര്‍ട്ടി വിഴുങ്ങി.

1994ല്‍ നിയമസഭയില്‍ എംജിപിക്ക് 12 സീറ്റുണ്ടായിരുന്നു. അവരുമായി സഖ്യമുണ്ടായിരുന്ന ബിജെപിക്ക് അത്ര തന്നെ സീറ്റ് ലഭിച്ചു.

2002ല്‍ ബിജെപി ഗോവയിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയായി. ആ വര്‍ഷം ബിജെപിയുടെ സീറ്റുകള്‍ 17 ആയിവര്‍ധിച്ചു. എംജിപിക്ക് 2 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2007ലും രണ്ട് സീറ്റ് ലഭിച്ചു. 2012ലും രണ്ട് സീറ്റ് ലഭിച്ചു.

2017ല്‍ മൂന്ന് സീറ്റ് ലഭിച്ചു. 17 ഇടത്ത് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. വോട്ട് ഷെയറും ഇടിഞ്ഞു. തുടര്‍ന്ന് ഇവരുടെ പിന്തുണയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ആ വര്‍ഷം 17സീറ്റുണ്ടായിട്ടും കോണ്‍ഗ്രസ്സിന് സര്‍ക്കാര്‍ രൂപീകരിക്കാനായില്ല.

2019ല്‍ എംജിപിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു എംഎല്‍എയാണ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നത്. ത്രിണമൂലുമായി ചേര്‍ന്നുകൊണ്ട് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് ഇനിയുള്ള ശ്രമം.

ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി 2016ലാണ് രൂപീകരിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വിമതന്‍ വിജയ് സര്‍ദേശായിയാണ് പാര്‍ട്ടിയെ നയിക്കുന്നത്. 2017ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടു. അവര്‍ ആ വര്‍ഷം മൂന്ന് സീറ്റ് നേടി. പക്ഷേ, ഏറെ താമസിയാതെ സര്‍ദേശായി ബിജെപിയുമായ കൈകോര്‍ത്തു. ഉപമുഖ്യമന്ത്രിവരെയായി. പക്ഷേ, വേണ്ടവിധം പരിഗമിക്കാതായതോടെ സഖ്യം വിട്ടു. കഴിഞ്ഞ ആഴ്ച അവരുടെ ഒരു എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് പേര്‍ അവശേഷിക്കുന്നു. കഴിഞ്ഞ മാസം വര്‍ക്കിങ് പ്രസിഡന്റ് ത്രിണമൂലില്‍ ചേര്‍ന്നു. ഇവര്‍ക്കൊപ്പം നിന്ന് പടപൊരുതാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ രണ്ട് സഖ്യങ്ങള്‍ക്ക് ബിജെപിയെ ഒതുക്കാനാവുമോ? കണ്ടറിയണം.

Next Story

RELATED STORIES

Share it