Big stories

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി
X

പെഗസസ് ചാര സോഫ്റ്റ് വെയര്‍ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതിനെതിരേ പാര്‍മെന്റില്‍ പ്രതിപക്ഷസമരം തുടരുകാണ്. പക്ഷേ, അതിനിടയിലും സര്‍ക്കാര്‍ പ്രധാനപ്പെട്ട ബില്ലുകള്‍ പാസ്സാക്കുന്നുണ്ട്. നടപടികള്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. വര്‍ഷകാല സമ്മേളനം തുടങ്ങി രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ അയഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

  • പാര്‍ലമെന്റ് നടപടികള്‍ രണ്ടാഴ്ചയായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതെപ്പോള്‍ അവസാനിക്കും?

ഉത്തരം: പാര്‍ലമെന്റ് നടത്തിക്കൊണ്ടുപോകേണ്ടത് സര്‍ക്കാരാണ്. അവര്‍ക്ക് ബില്ലുകള്‍ പാസ്സാക്കണം. പാര്‍ലമെന്റ് പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. കൂടാതെ ഇതില്‍ വിസമ്മതങ്ങള്‍ രേഖപ്പെടുത്തുക, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുക, ചര്‍ച്ചകളും സംവാദങ്ങളും രൂപപ്പെടുത്തുകയെന്നതും ഉള്‍പ്പെടും. സഭ നടത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റെതാണ്. ഒരു ചര്‍ച്ചയുമില്ലാതെ ബില്ലുകള്‍ പാസ്സാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കാഴ്ചപ്പാടുകള്‍ ബില്ലുകളില്‍ പ്രതിഫലിക്കുന്നില്ല. പാര്‍ലമെന്ററി നടപടിയെ അട്ടിമറിക്കുകയാണ്. ശരിയാണ് ഞങ്ങള്‍ ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അത് ഞങ്ങളുടെ അവകാശമാണ്. നിയമപരമായ ഉപാധിയിലൂടെയാണ് ഞങ്ങളത് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിയുടെയോ ആഭ്യന്തര മന്ത്രിയുടെയോ സാന്നിധ്യത്തില്‍ പെഗസസ് ഫോണ്‍ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യണമെന്നാണ് നിലവിലുള്ള രീതിയനുസരിച്ച് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

  • പാര്‍ലമെന്റ് നടപടികളില്‍ നിന്ന് പ്രതിപക്ഷം ഓടിയൊളിക്കുന്നുവെന്ന് സര്‍ക്കാര്‍ വിമര്‍ശിക്കുന്നു?

പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനും സഹകരിക്കാനും തയ്യാറാണെന്ന് ഞങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ വ്യക്തിമാക്കിയതാണ്. ഡല്‍ഹില്‍ കുത്തിയിരിക്കുന്ന മന്ത്രിമാരെപ്പോലെയല്ല ഞങ്ങള്‍. ഞങ്ങള്‍ രാജ്യത്തിന്റെ അതിവിദൂര ദേശങ്ങളില്‍ നിന്ന് വരുന്നവരാണ്. പാര്‍ലമെന്റിന്റെ അനുഭവത്തിനുവേണ്ടി അവിടെ പോകുന്നവരല്ല ഞങ്ങള്‍. ജനങ്ങളുടെപ്രശ്‌നം തിരിച്ചറിഞ്ഞ് അത് ഉന്നയിക്കാനാണ് പോകുന്നത്. കൂടാതെ സര്‍ക്കാരിന്റെ പോരായ്മകളും പ്രവര്‍ത്തനത്തിലെ പാളിച്ചകളും ഞങ്ങള്‍ എടുത്തുകാണിക്കും.

തെറ്റായ വഴിയിലൂടെ സര്‍ക്കാര്‍ നീങ്ങുമ്പോള്‍ മുന്നറിയിപ്പു നല്‍കുകയാണ് ഞങ്ങളുടെ ബാധ്യത. ഞങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ എങ്ങനെയാണ് പാര്‍ലമെന്റ് ഇത്രകാലം മുന്നോട്ട് പോയത്? അതും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയോടെ? ബില്ലുകള്‍ പാസ്സാക്കാന്‍ പാതിരാത്രി വരെ ഞങ്ങളും ഇരുന്നില്ലേ? ഇക്കാര്യം ഞങ്ങള്‍ സ്പീക്കറോടും സൂചിപ്പിച്ചിരുന്നു. 2019മുതല്‍ ഉല്‍പ്പാദനക്ഷമത കൂടിവന്നതിന് കാരണം പ്രതിപക്ഷത്തിന്റെ സഹകരണമാണ്. എന്നിട്ടും എങ്ങനെയാണ് പാര്‍ലമെന്റ് നടത്തിക്കൊണ്ടുപോകാന്‍ തയ്യാറല്ലാത്തവരാണെന്ന് ഞങ്ങളെ കുറ്റപ്പെടുത്താനാവുക?

  • പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നത് പ്രതിപക്ഷം നിസ്സാരകാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നാണ്?

ലോകം മുഴുവന്‍ ഇതാണ് ചര്‍ച്ച ചെയ്യുന്നത്. അതെങ്ങനെയാണ് കാര്യമല്ലാത്ത കാര്യമാവുന്നത്? പെഗസസ് സോഫ്റ്റ് വെയര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ദേശീയ സുരക്ഷാ യോഗം വിളിച്ചിരിക്കുന്നു. അദ്ദേഹം ഇസ്രായേല്‍ പ്രധാനമന്ത്രിയോട് സംസാരിക്കുകയും ചെയ്തു. ഹംഗറിയില്‍ മന്ത്രിമാരോട് രാജിവക്കാനാണ് ആവശ്യപ്പെടുന്നത്. എന്നിട്ടാണ് നമ്മുടെ സര്‍ക്കാര്‍ ഇതൊരു കാര്യമില്ലാത്ത കാര്യമാണെന്ന് പറയുന്നത്. നമ്മുടെ രാജ്യത്ത് മാത്രം എന്തുകൊണ്ടാണ് ഇത്ര മൗനം?

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നിശ്ശബ്ദത തന്നെ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ ഗൗരവമുള്ളതാണെന്നതിന് തെളിവാണ്. പെഗസസ് റിപോര്‍ട്ട് തെറ്റാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍- പെഗസസ് പദ്ധതി പുറത്തുകൊണ്ടുവന്ന 17 മാധ്യമങ്ങള്‍ക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ല? ട്വിറ്ററിനെ, വാട്‌സ്ആപ്പിനെ, ഫേസ്ബുക്കിനെ ഭീഷണിപ്പെടുത്തുന്നു. അവര്‍ക്കെതിരേ ഉത്തരവുകള്‍ പാസ്സാക്കുന്നു. കാരണം സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ക്കെതിരേ ചിലര്‍ ഈ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമെന്നതുകൊണ്ടാണ് ഇത്. സര്‍ക്കാരിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുന്നവരെ നിങ്ങള്‍ ദേശീയ സുരക്ഷാ നിയമത്തില്‍ കുടുക്കി അവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തുന്നു.

സര്‍ക്കാരിന് വിമര്‍ശനം സഹിക്കാറില്ല. എന്നിട്ടും 'പെഗസസ്' എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു. ഈ മാധ്യമങ്ങള്‍ക്കെതിരേ ഒരക്ഷരം മിണ്ടാത്തത് എന്തുകൊണ്ടാണ്? കാരണം ഈ റിപോര്‍ട്ട് സത്യമാണെന്ന് നിങ്ങള്‍ക്കറിയാം. പെഗസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടില്ലെന്ന് നിങ്ങള്‍ പറയാത്തത് എന്തുകൊണ്ടാണ്? ഈ പ്രശ്‌നം അവിടെ അവസാനിക്കുമായിരുന്നു. സര്‍ക്കാരാണ് ഞങ്ങളെ പ്രകോപിപ്പിക്കുന്നത്.

  • ഈ സങ്കീര്‍ണസ്ഥിതി കൊവിഡ് മാനേജ്‌മെന്റും കാര്‍ഷിക നിയമവും വിലക്കയറ്റവും പോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുള്ള അവസരമല്ലേ നഷ്ടപ്പെടുന്നത്?

വര്‍ഷകാല സമ്മേളനം ആരംഭിക്കും മുമ്പ് ഞങ്ങള്‍ കൊവിഡ് മാനേജ്‌മെന്റ് പ്രശ്‌നവും കാര്‍ഷികബില്ലും ഇന്ധനവില വര്‍ധനയും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ട് പ്രശ്‌നങ്ങള്‍ മാത്രമായി ചുരുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധവും കര്‍ഷകപ്രതിഷേധവുമാണ് ആ രണ്ടെണ്ണം. വിലവര്‍ധന ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ആ സമയത്താണ് പെഗസസ് വെളിപ്പെടുത്തല്‍ വന്നത്.

ഇന്ത്യയുടെ ദേശീയ സുരക്ഷ തന്നെ പ്രതിസന്ധിയിലായ സമയത്ത് ജനാധിപത്യം ഭീഷണിയിലായ സമയത്ത് ജനങ്ങളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന സമയത്ത്, ജുഡീഷ്യറി, സൈന്യം, രഹസ്യാന്വേഷണം, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹികപ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ ഒളിഞ്ഞുനോക്കുന്ന സമയത്ത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്തത്? അതും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് അവകാശപ്പെടുന്നവര്‍!

  • പക്ഷേ, മറ്റ് വിഷയങ്ങളുടെ കാര്യത്തിലോ?

അവര്‍ പെഗസസ് വിഷയത്തെ കുറച്ചുകാണിക്കാന്‍ ശ്രമിക്കുകയാണ്. അതിന് മറ്റ് വിഷയങ്ങളുമായി അതിനെ ചേര്‍ത്തുവയ്ക്കുന്നു. ഇന്ത്യയുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യ തന്നെ ആക്രമിക്കപ്പെട്ടിരിക്കുന്നു. അതാണ് ഏറ്റവും പ്രധാന പ്രശ്‌നം. മറ്റെല്ലാ വിഷയങ്ങളും പ്രധാനമാണ്. എന്നാല്‍ ഈ പ്രശ്‌നം ഏറ്റവും ആദ്യം ചര്‍ച്ച ചെയ്യണമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

പെഗസസില്‍ നിന്ന് തുടങ്ങുക. എങ്ങനെയാണ് സര്‍ക്കാരിന് പ്രതിപക്ഷത്തെ അവഗണിക്കാന്‍ കഴിയുക? ഈ സര്‍ക്കാരിന് ജനാധിപത്യപുണ്യവാളന്മാരായി അഭിനയിക്കാന്‍ കഴിയുക? അവര്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ എങ്ങനെയാണ് പെരുമാറിയത്? പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതുതന്നെ ജനാധിപത്യഅവകാശത്തിന്റെ ഭാഗമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്. ബിജെപി നേതാക്കള്‍ ഇതൊക്കെ മറന്നു.

  • പക്ഷേ ബില്ലുകള്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതിഷേധം സര്‍ക്കാരിന്റെ അജണ്ടകളെ ബാധിക്കുന്നില്ല?

ശരിയാണ്. അവര്‍ അട്ടിമറിച്ചിരിക്കുന്നു. അതാണ് സര്‍ക്കാരിന്റെ ഉള്ളിലിരുപ്പ്. അവര്‍ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്.

  • പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തെപ്പറ്റിയോ... പേപ്പര്‍ കീറിയെറിയുന്നതും മറ്റും?

ശരിയാണ്. അതുണ്ടായി. എല്ലാ പ്രതിപക്ഷ കക്ഷികളും നടുത്തളത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പക്ഷേ, അത് കണ്ടില്ലെന്ന് നടിച്ചു. ബഹളത്തിനിടയിലും നടപടികള്‍ സാധാരണ പോലെ നടന്നുകൊണ്ടിരുന്നു. സ്പീക്കര്‍ കുറച്ചുകഴിഞ്ഞപ്പോള്‍ സ്ഥലം വിട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സഭ വീണ്ടും ചേര്‍ന്നു. ഞങ്ങളുടെ എംപിമാര്‍ അക്ഷമരായി. അത് പാടില്ലായിരുന്നു. പക്ഷേ, അത് സംഭവിച്ചു, ഒരു പ്രത്യേക ദിവസം മാത്രം. സ്പീക്കര്‍ ഞങ്ങളെ കേള്‍ക്കുന്നേയില്ല. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞങ്ങള്‍ അക്കാര്യത്തെക്കുറിച്ച് സ്പീക്കറോട് സംസാരിച്ചിരുന്നു. അത് സംഭവിച്ചതില്‍ ഖേദമുണ്ട്. പക്ഷേ, പ്രതിപക്ഷത്തിന്റെ ശബ്ദം അവഗണിച്ചുകൊണ്ട് സഭ നടത്തിക്കൊണ്ടുപോകാമോ എന്ന വലിയ ചോദ്യമുണ്ട്.

  • ഐടി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗത്തില്‍ മൂന്ന് മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെ എങ്ങന കാണുന്നു?

അത് ഇതുവരെയുണ്ടാവാത്ത, അതിരുകടന്ന ഒന്നാണ്. ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുന്നതാണ്. സ്റ്റാന്റിങ് കമ്മിറ്റിയെന്നത് ഒരു മിനി പാര്‍ലമെന്റാണ്. പ്രതിപക്ഷ എംപി യിക്കുന്ന സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത് ഭരിക്കുന്നവരാണ്. ഇത് ജനാധിപത്യ സംവിധാനത്തിന്റെ അടിവേര് മാന്തുന്ന നടപടിയാണ്. പ്രതിപക്ഷ എംപിമാരുടെ പാര്‍മെന്ററി ഉത്തരവാദിത്തം നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല.

  • ഇതെങ്ങനെ പരിഹരിക്കും?

എല്ലാം സര്‍ക്കാരിന്റെ കയ്യിലാണ്. ഞങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് തയ്യാറാണ്. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായിട്ടില്ല.

Next Story

RELATED STORIES

Share it