Latest News

വികസന നേട്ടമായി കൊട്ടിഘോഷിക്കാന്‍ തട്ടിക്കൂട്ട് നിര്‍മാണം; ആഴ്ചകള്‍ക്കിടെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു, പൊളിച്ച് വീണ്ടും നിര്‍മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു, വിവാദം

നിര്‍മാണത്തിനു പിന്നാലെ തകര്‍ന്ന പരപ്പനങ്ങാടി നഗരസഭയിലെ 18ാം ഡിവിഷനില്‍ എരന്തപെട്ടി റോഡ് പൊളിച്ച് നീക്കി പുനര്‍നിര്‍മിക്കാനുള്ള നീക്കമാണ് വിവാദമായത്.

വികസന നേട്ടമായി കൊട്ടിഘോഷിക്കാന്‍ തട്ടിക്കൂട്ട് നിര്‍മാണം;  ആഴ്ചകള്‍ക്കിടെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു, പൊളിച്ച് വീണ്ടും നിര്‍മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു, വിവാദം
X

പരപ്പനങ്ങാടി: കരാറുകാരന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വികസന നേട്ടമായി കൊട്ടിഘോഷിക്കാനും മാസം മുന്നെ നിര്‍മിച്ച റോഡ് തകര്‍ന്നതിനു പിന്നാലെ പൊളിച്ച് നീക്കി വീണ്ടും നിര്‍മിക്കാനുള്ള നീക്കം തര്‍ക്കത്തിന് കാരണമായി. നിര്‍മാണത്തിനു പിന്നാലെ തകര്‍ന്ന പരപ്പനങ്ങാടി നഗരസഭയിലെ 18ാം ഡിവിഷനില്‍ എരന്തപെട്ടി റോഡ് പൊളിച്ച് നീക്കി പുനര്‍നിര്‍മിക്കാനുള്ള നീക്കമാണ് വിവാദമായത്. നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും ആരോപിപ്പിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.

25 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്ത റോഡ് ദിവസങ്ങള്‍ക്കകം തകര്‍ന്നതോടെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. 2.5ലക്ഷം രൂപ ചെലവിട്ട് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെട്ട് മുന്‍ ലീഗ് കൗണ്‍സിലര്‍ വികസന നേട്ടമായി അവതരിപ്പിച്ച് തിരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു.

ഒരു മാസം മുന്നെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് പൊടിഞ്ഞ് വന്നതോടെ നാട്ടുകാര്‍ കരാറുകാരനെതിരേ തിരിഞ്ഞതോടെയാണ് റോഡിന് ചെലവഴിച്ചത് കേവലം 80,000 രൂപ മാത്രമാണെന്ന് വെളിവായത്. ഇതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഇതിനിടെ, കരാറുകാരന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് കൗണ്‍സിലറാവുകയും ചെയ്തു.


നാട്ടുകാരുടെ പ്രതിഷേധവും കരാര്‍ പൂര്‍ത്തീകരിച്ചെന്ന് കളവായി തിരഞ്ഞടുപ്പില്‍ സത്യവാങ്മൂലം നല്‍കിയത് വിനയാവുമെന്ന ഘട്ടത്തിലാണ് മാസം മുന്നെ നിര്‍മിച്ച റോഡ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഇതിനെതിരേ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെ, കൗണ്‍സിലറും ഉദ്യോഗസ്ഥരും വെട്ടിലാകുമെന്ന തിരിച്ചറിവില്‍ വീണ്ടും റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും തടഞ്ഞു. പഴയ എസ്റ്റിമേറ്റ് പ്രകാരം റോഡ് നിര്‍മാണം നടത്തണമെന്ന ആവശ്യം കരാറുകാരന്‍ നിരസിച്ചത് തര്‍ക്കത്തിനിടയാക്കി.

ജനങ്ങളുടെ എതിര്‍പ്പിന് മുന്നില്‍ അധികൃതര്‍ക്ക് നിര്‍മാണ പ്രവര്‍ത്തി നടത്താന്‍ കഴിഞ്ഞില്ല. നാട്ടുകാര്‍ പരാതിയുമായി എത്തിയില്ലായിരുന്നെങ്കില്‍ കേവലം 80,000 രൂപ മാത്രം ചിലവിട്ട് നിര്‍മ്മിച്ച റോഡിന്റെ യഥാര്‍ത്ഥ തുകയായ 2.5ലക്ഷം രൂപ അന്യായമായി കൈവശപെടുത്തുമായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എസ്ഡിപിഐയും, പിഡിഎഫും തുടക്കത്തില്‍ തന്നെ അഴിമതി ആരോപിച്ചു രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ സിപിഎമ്മും രംഗത്തെത്തിയതോടെ കരാറുകാരനും മുസ്‌ലിം ലീഗും കടുത്ത അങ്കലാപ്പിലാണ്.

21ാം ഡിവിഷനിലെ കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ നിസാര്‍ അഹമ്മദ് ആയിരുന്നു ഈ റോഡിന്റെ കരാറുകാരന്‍. മുനിസിപ്പല്‍ ഇലക്ഷനില്‍ വോട്ട് നേടുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന്റെയും ഭാഗമായി 18ാം ഡിവിഷനിലെ മുന്‍ കൗണ്‍സിലറും ചില ഉദ്യോഗസ്ഥന്മാരും കരാറുകാരനും ചേര്‍ന്ന് നടത്തിയ അഴിമതിയും ക്രമക്കേടും കാരണമാണ് ഒരുമാസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നത്.

എസ്റ്റിമേറ്റില്‍ ഉള്ളതുപോലെ നിര്‍മ്മാണം നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇന്ന് നടത്താനിരുന്ന കോണ്‍ക്രീറ്റ് നിര്‍മ്മാണം തടയുകയും ചെയ്തു. സിപിഎം നെടുവ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എ പി മുജീബ്, കെ അഫ്താബ് വി പി മൊയ്തീന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് എസ്റ്റിമേറ്റില്‍ പറയുന്നത് പ്രകാരമുള്ള കോണ്‍ക്രീറ്റ് റോഡ് ഒരാഴ്ചക്കുള്ളില്‍ നിര്‍മ്മാണം നടത്താന്‍ തീരുമാനമായി.

Next Story

RELATED STORIES

Share it