Latest News

യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 65 ശതമാനവും 21നും 60നുമിടയില്‍ പ്രായമുള്ളവര്‍

യുപിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 65 ശതമാനവും 21നും 60നുമിടയില്‍ പ്രായമുള്ളവര്‍
X

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട പലതരം വിശ്വാസങ്ങള്‍ നിലവിലുണ്ട്. അവയില്‍ പലതും പൊളിഞ്ഞുപോയിട്ടുമുണ്ട്. കുട്ടികളെയും പ്രായമായവരെയുമാണ് രോഗം മാരകമായി പിടികൂടുകയെന്നതാണ് ലോകമാസകലം നിലനില്‍ക്കുന്ന രോഗവുമായി ബന്ധപ്പെട്ട ഒരു വിശ്വാസം. ആ വിശ്വാസത്തെ തകര്‍ക്കുന്ന കണക്കുകളാണ് ഇപ്പോള്‍ യുപിയില്‍ നിന്ന് വരുന്നത്. ഉത്തര്‍പ്രദേശില്‍ കൊവിഡ് വന്ന് മരിച്ചവരില്‍ 65 ശതമാനവും 21 നും 60 നുമിടയില്‍ പ്രത്യേകിച്ച് വേറെ അസുഖങ്ങളൊന്നുമില്ലാവരായിരുന്നു. യുവാക്കള്‍ കൊവിഡ് മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്ന വിശ്വാസത്തെ തകര്‍ക്കുന്നതാണ് പുതിയ കണക്കുകള്‍.

കഴിഞ്ഞ ബുധനാഴ്ച വരെ റിപോര്‍ട്ട് ചെയ്യപ്പെട്ട 321 മരണങ്ങളില്‍ 209 എണ്ണവും 21നും 60നും ഇടയിലായിരുന്നു. ഇത് മൊത്തം മരണങ്ങളുടെ 65 ശതമാനം വരും. ബാക്കി വരുന്ന 31.5 ശതമാനത്തില്‍ അതായത് 101 കേസില്‍ മരിച്ചവര്‍ 60 വയസ്സിനു മുകളിലായിരുന്നു. 11 എണ്ണം അതായത് 3.5 ശതമാനം 20വയസ്സിനു താഴെയായിരുന്നു. ഇന്നലെ വരെ യുപിയില്‍ 365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഈയടുത്തുണ്ടായ 20-25 ശതമാനം മരിച്ചവരും പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാതിരുന്ന യുവാക്കളാണ്.

''സാഹചര്യം മാറുകയാണ്, സംസ്ഥാനത്ത് മരിച്ചവരില്‍ പലരും പ്രായമാവാത്തവരും വേറെ അസുഖങ്ങള്‍ ഇല്ലാത്തവരുമാണ്. കൃത്യമായ കണക്കുകളില്ലെങ്കിലും ദിനംപ്രതി സംഭവിക്കുന്ന 10-12 മരണങ്ങളില്‍ രണ്ടോ മൂന്നോ എണ്ണം പ്രത്യേകിച്ച് അസുഖമൊന്നുമില്ലാത്ത യുവാക്കളുടേതാണ്''-ആരോഗ്യവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതൊക്കെയാണെങ്കിലു 60 വയസ്സിനു മുകളിലുള്ളവര്‍ കൂടുതല്‍ അപകടസാധ്യതയുള്ള വിഭാഗം തന്നെയാണ്.

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനം തകരുന്നതിന്റെ ഭാഗമായാണ് മരണങ്ങള്‍ സംഭവിക്കുന്നതെന്ന് ലഖ്‌നോ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഡി ഹിമാന്‍ഷു പറയുന്നു.

ഒരാള്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ ഉടന്‍ അയാളുടെ ശരീരത്തില്‍ നിലനില്‍ക്കുന്ന മറ്റ് അണുബാധകള്‍ സജീവമാവും. പ്രത്യേകിച്ച് ബാക്റ്റീരിയാ ബാധ. രോഗിയുടെ അവസ്ഥ ഗുരുതരമാക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. ചിലരില്‍ കാണപ്പെടുന്ന ജന്മനാ തന്നെയുള്ള രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍ കൊവിഡ് വൈറസ് ബാധയുണ്ടാകുന്നതോടെ അധികരിക്കും. ചിലരില്‍ ഇത്തരം തകരാറുകള്‍ പലപ്പോഴും ഒളിഞ്ഞിരിക്കുകയായിരിക്കും. വൈറസ് ബാധയേല്‍ക്കുന്നതോടെ ആ തകരാറ് പുറത്തുവരും. രോഗം മൂര്‍ച്ഛിക്കും-ഹിമാന്‍ഷു പറയുന്നു.

Next Story

RELATED STORIES

Share it