Latest News

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാലു പേര്‍ക്ക് രോഗമുക്തി

പോസിറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്.

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാലു പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും രണ്ട് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. പോസിറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്.

എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കുറ്റ്യാടി കാവിലുംപാറ സ്വദേശി (37), മണിയൂര്‍ സ്വദേശിനി (28 വയസ്സ്), കോട്ടൂളി സ്വദേശി (84), വയനാട് തലപ്പുഴ സ്വദേശി (55) എന്നിവരാണ് രോഗമുക്തി നേടിയത്.

ഇന്ന് പോസിറ്റീവ് ആയവര്‍:

1. വടകര സ്വദേശി (59 വയസ്സ്) - ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നു ട്രാവലറില്‍ വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

2. ഓര്‍ക്കാട്ടേരി സ്വദേശി (48) മെയ് 27ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗം വീട്ടീലെത്തി നിരീക്ഷണത്തിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

3. കല്ലാച്ചി സ്വദേശി (39) മെയ് 30ന് ദുബയ്-കരിപ്പൂര്‍ I X 1344 വിമാനത്തില്‍ എത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്എല്‍ടിസിയില്‍ ചികില്‍സയിലാണ്.

4. ചേളന്നൂര്‍ സ്വദേശി (31) മെയ് 28ന് ദുബയ്-കരിപ്പൂര്‍ വിമാനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. എഫ്എല്‍ടിസിയില്‍ ചികില്‍സയിലാണ്.

5. വളയം സ്വദേശി (24) ഹൈദരാബാദില്‍ നിന്നും ജൂണ്‍ 6ന് വിമാന മാര്‍ഗം കൊച്ചിയില്‍ എത്തി. അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കണ്ണൂരിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

6. ഓമശ്ശേരി വെളിമണ്ണ സ്വദേശി (57) ജൂണ്‍ അഞ്ചിന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി ലക്ഷണങ്ങളെ തുടര്‍ന്ന് നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികില്‍സയിലാണ്.

7. വാണിമേല്‍ സ്വദേശി (36) മെയ് 31 ന് ദുബയ്-കരിപ്പൂര്‍ I X 1344 വിമാനത്തില്‍ കോഴിക്കോട്ടെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ എഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 122ഉം രോഗമുക്തി നേടിയവര്‍ 47ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 74 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 19 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 50 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ മൂന്ന് വയനാട് സ്വദേശികളും രണ്ട് വീതം കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് ആശുപത്രികളില്‍ ചികില്‍സയിലുണ്ട്.

ഇന്ന് 158 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7305 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7275 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7126 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 30 പേരുടെ ഫലം ലഭിക്കാനുണ്ട്.

Next Story

RELATED STORIES

Share it