Latest News

കൊവിഡ് മുന്‍കരുതല്‍: പത്തനംതിട്ട ജില്ലാ കളക്ടറും എസ്പിയും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

കൊവിഡ് മുന്‍കരുതല്‍: പത്തനംതിട്ട ജില്ലാ  കളക്ടറും എസ്പിയും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
X

പത്തനംതിട്ട: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതു കണക്കിലെടുത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലിസ് മേധാവി ആര്‍.നിശാന്തിനി എന്നിവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട കണ്ണങ്കര വലഞ്ചുഴി മേഖലയിലെ തൊഴിലാളി ക്യാമ്പുകളാണു വ്യാഴാഴ്ച്ച രാവിലെ 6.30ന് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കൂടാതെ കളക്ടറും എസ്പിയും പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജോലിക്കായി എത്തിയ തൊഴിലാളുമായും നിലവിലെ സ്ഥിതിഗതികള്‍ സംസാരിച്ചു.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിനായി ഹിന്ദി, ബംഗാളി ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധത്തിനു സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ ലഘുലേഖകള്‍ തൊഴിലാളികളുടെ താമസ സ്ഥലത്തും ജോലി ഇടങ്ങളിലുമാണു വിതരണം ചെയ്യുക. തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കു ബന്ധപ്പെടാന്‍ തൊഴില്‍ വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിലെ നമ്പരുകള്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലേബര്‍ വകുപ്പ് നടത്തും. കൊവിഡ് സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും. 45 വയസിന് മുകളിലുള്ള അതിഥി തൊഴിലാളികള്‍ക്കു കൊവിഡ് വാക്സിന്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും തൊഴില്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുകയാണു ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

കൊവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികളെ പ്രത്യേക ഡൊമിസിലിയറി കെയര്‍ സെന്ററുകളിലേക്കും സി.എഫ്.എല്‍.ടി.സികളിലേക്കും മാറ്റുന്നുണ്ട്. ഇതുമൂലം ഇവര്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകുന്നത് ഇല്ലാതാക്കാന്‍ സാധിക്കും. ലേബര്‍ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കുന്നുണ്ട്. തഹസില്‍ദാര്‍മാരും പോലിസ് ഉദ്യോഗസ്ഥരും അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിക്കണമെന്നു നിര്‍ദേശം നല്‍കിയതായും കോണ്‍ട്രാക്ടര്‍മാരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it