Latest News

കൊവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.

കൊവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.

ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഫസ്റ്റ് ലൈന്‍ കെയര്‍ സെന്റര്‍, കോവിഡ് കെയര്‍ സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിക്കും.

38 ഡോക്ടര്‍മാര്‍, 15 സ്‌പെഷ്യലിസ്റ്റുകള്‍, 20 ഡെന്റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്‌സുമാര്‍, 169 നഴ്‌സിങ് അസിസ്റ്റന്റുമാര്‍, 1259 ജെഎച്ച്‌ഐമാര്‍, 741 ജെപിഎച്ച്എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് തുടങ്ങി 21ഓളം തസ്തികളാണ് സൃഷ്ടിച്ചത്.

യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്‌ക്കിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പോലിസ് ഇപ്പോള്‍ നടത്തിവരുന്ന കാംപയ്‌നിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരേയും സമൂഹം ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരേ ബോധവല്‍കരണം നടത്തുന്നതിന് സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്‍കി.

മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരേ കേസ് എടുത്തു. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കലക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്റുമാര്‍ ഭവനസന്ദര്‍ശനം നടത്താന്‍ പാടില്ല.

ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്‌സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.

സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസന്‍സിക്കായിരിക്കും. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് കത്തയച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനം

പ്രകൃതിക്ഷോഭംമൂലം ജോലി നഷ്ടപ്പെട്ട ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുകോടി രൂപ അനുവദിച്ചു. സംസ്ഥാന പോലിസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്റെ കാലാവധി മെയ് 31 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയായ സംസ്ഥാന ആരോഗ്യ ഏജന്‍സിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ മന്ത്രിസഭ അംഗീകരിച്ചു.

Next Story

RELATED STORIES

Share it