Latest News

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭാ കൗൺസിലറെ സി പി എമ്മില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്.

വാര്‍ത്തയ്ക്ക് പിന്നാലെ സി പി എം നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. നഗരസഭാ ചെയര്‍മാന്‍ അടക്കം മൂന്ന് അംഗങ്ങളെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടിയുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സുജിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചതും വാര്‍ത്താക്കുറിപ്പ് ഇറക്കിയതും. നഗരസഭാ കൗണ്‍സിലിന് ഒരു ബന്ധവുമില്ലാത്ത സംഭവത്തില്‍ യു ഡി എഫും ബി ജെ പി യും നടത്തുന്ന സമരങ്ങളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും സി പി എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വാര്‍ത്തയ്ക്ക് പിന്നാലെ യു ഡി എഫും ബി ജെ പി യും നഗരസഭയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

തനിച്ച് താമസിക്കുന്ന വൃദ്ധയായ ബേബിയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിനാണ് നെയ്യാറ്റിൻകര നഗരസഭയിലെ സി പി എം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും എതിരെ പൊലീസ് കേസെടുത്തത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വൃദ്ധയുടെ വീട്ടില്‍ താമസിച്ചാണ് തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.

Next Story

RELATED STORIES

Share it