Latest News

ഗുജറാത്തിലേക്ക് വഴിവെട്ടുന്ന സിപിഎം

ഗുജറാത്തിലേക്ക് വഴിവെട്ടുന്ന സിപിഎം
X

സി എ റഊഫ്

ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ലക്ഷങ്ങള്‍ പങ്കെടുത്ത ജനമഹാ സമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യം വലിയ ചര്‍ച്ചയ്ക്കു വിധേയമായ സംഭവമാണ്. പ്രസ്തുത മുദ്രാവാക്യത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ കൊലവിളി നടത്തി എന്നാണ് പലരും പ്രചരിപ്പിച്ചത്. ഈ പ്രചാരണത്തിനു നേതൃത്വം നല്‍കിയത് ഹിന്ദുത്വ പ്രൊഫൈലുകളെക്കാള്‍ സിപിഎം പ്രൊഫൈലുകള്‍ ആയിരുന്നുവെന്നത് കൗതുകകരമാണ്. ആര്‍എസ്എസിനെതിരേ മുദ്രാവാക്യം വിളിച്ച പ്രസ്തുത സംഭവത്തെ ഇരു മതവിഭാഗങ്ങള്‍ക്കെതിരായ കൊലവിളിയായി ചിത്രീകരിച്ച ഇടതു പ്രൊഫൈലുകള്‍ ഒരു യാദൃച്ഛിക സംഭവമായിട്ടല്ല തോന്നിയത്.

സാമൂഹിക മാധ്യമരംഗത്തു സജീവമായവരുടെ ഒരു പരിപാടി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. സിപിഎമ്മിനും സവിശേഷമായി പിണറായി വിജയനും വേണ്ടി സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ഒരു പരിപാടിയായിരുന്നു അത്. നാട്ടിലും വിേദശത്തുമുള്ള പലരും അതില്‍ പങ്കെടുത്തു. ആലപ്പുഴ മുദ്രാവാക്യ വിഷയം തെറ്റായി വ്യാഖ്യാനിച്ചതില്‍ ഈ പ്രൊഫൈലുകള്‍ കാര്യമായ റോള്‍ വഹിച്ചിട്ടുണ്ട്. അതോടൊപ്പം ഇതിന്റെ മേല്‍ കാര്യമായി മാധ്യമ വിചാരണ നടത്തിയവരുടെയും പ്രൊഫൈല്‍ സിപിഎമ്മിലാണ് എത്തിനില്‍ക്കുന്നത്. മാത്രമല്ല, ഈ വിഷയത്തെ ഹൈലൈറ്റ് ചെയ്യാന്‍ സിപിഎം സൈബര്‍ ടീം ഒരു നിര്‍ദേശം പോലെ ആസൂത്രിതമായ പ്രചാരണവും നടത്തി. കേരളം കണ്ടിട്ടില്ലാത്ത വിധമുള്ള സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രചാരണങ്ങളാണ് അതിന്റെ ഭാഗമായി പിന്നീട് നടന്നത്.

വിദ്വേഷ പ്രചാരണങ്ങളുടെ ലക്ഷ്യം

വെറുപ്പും വിദ്വേഷവും വിതച്ചു ജനങ്ങളെ വിഭജിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ ഫാഷിസത്തിന്റെ കുടില ശ്രമങ്ങള്‍ വളരെ സജീവമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. എണ്‍പതുകളുടെ തുടക്കം വരെ അധികാര രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ആര്‍എസ്എസ് മതേതര കക്ഷികളുടെ അധികാരത്തിനു കീഴില്‍ നടത്തിയ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് അധികാരത്തിലെത്തിയത്.

അതേ തന്ത്രം തന്നെയാണ് കേരളത്തിലും അവര്‍ പരീക്ഷിക്കുന്നത്. കേരളത്തിലെ ജനസംഖ്യയുടെ സാമുദായിക ഘടന ഭൂരിപക്ഷത്തിന്റെ വര്‍ഗീയ ചിന്തയെ ഉദ്ദീപിപ്പിച്ചാല്‍ മാത്രം രാഷ്ട്രീയ നേട്ടം കൊയ്യാവുന്ന വിധത്തിലുള്ളതല്ല. മാത്രമല്ല, നിരവധി നവോത്ഥാന ശ്രമങ്ങളിലൂടെ കേരളം സ്വീകരിച്ച മതേതര പൊതുമനസ്സ് ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ ഭ്രാന്തിനോട് പൊരുത്തപ്പെട്ടു പോവുന്നതല്ല. കേരള രാഷ്ട്രീയത്തില്‍ ഏതെങ്കിലും നിലയ്ക്കുള്ള ഇടം ലഭ്യമാവണമെങ്കില്‍ ഹിന്ദു സമുദായത്തിനൊപ്പം തന്നെ ക്രിസ്ത്യന്‍ സമുദായത്തിനകത്തും ഭീതി ജനിപ്പിക്കണമെന്നത് ആര്‍എസ്എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അതിന്റെ സാധ്യതയെയാണ് പലവിധത്തില്‍ ആര്‍എസ്എസ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

എങ്ങനെ വിദ്വേഷം ജനിപ്പിക്കാം എന്ന കാര്യത്തില്‍ ആര്‍എസ്എസ് ഗവേഷണം തന്നെ നടത്തിയിട്ടുണ്ട്. അതിനായി പ്രജ്ഞാപ്രവാഹ് എന്ന ഒരു ഘടകം തന്നെ ആര്‍എസ്എസിനുണ്ട്. ഗവേഷണ സ്ഥാപനത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും ആസൂത്രിതമായി നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംഘടന ആര്‍എസ്എസ് ആണ്. കേരളത്തിലെ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളെയും ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങളെയും ഒരുപോലെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ പ്രജ്ഞാപ്രവാഹ് സമയമെടുത്തു തയ്യാറാക്കിയതാണ്. ലൗജിഹാദ് ഉള്‍പ്പെടെയുള്ള നുണകള്‍ അതിന്റെ ഭാഗമായി ഉണ്ടായതാണ്. ലൗജിഹാദ് ഒരേസമയം ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്താന്‍ സമര്‍ഥമായി ആര്‍എസ്എസ് ഉപയോഗിച്ചു.

മുസ്‌ലിം വിദ്വേഷം എന്ന ഹിന്ദുത്വ പദ്ധതി

മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വര്‍ഗീയതയും വംശീയതയും ആര്‍എസ്എസ് പ്രകടിപ്പിക്കുന്നുണ്ട്. എത്ര ആസൂത്രിതമായാണ് ഇതു പ്രചരിപ്പിക്കുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഇക്കഴിഞ്ഞ മെയ് 25നാണ് കെഎസ്ആര്‍ടിസിയുടെ മാവേലിക്കര യൂനിറ്റിലുള്ള പി എച്ച് അഷ്‌റഫ് എന്ന മുസ്‌ലിം ഡ്രൈവര്‍ തൊപ്പി വച്ചതിനു വ്യാപകമായ വംശീയ അധിക്ഷേപം നേരിട്ടത്. വികാരജീവികളായ ഏതെങ്കിലും ആര്‍എസ്എസ് ക്രിമിനലുകള്‍ മാത്രമല്ല അതിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ അധ്യക്ഷ ശശികല തുടങ്ങിയ തീവ്ര ഹിന്ദുത്വത്തിന്റെ നേതാക്കളും ഈ വിദ്വേഷം പ്രചരിപ്പിച്ചു. മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും അതു പ്രചരിപ്പിച്ചതിലൂടെ ദേശീയ ശ്രദ്ധ നേടലായിരിക്കണം അവര്‍ ലക്ഷ്യംവച്ചത്.

ഈ സംഭവത്തിന്റെ പിറ്റേന്നാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണങ്ങള്‍ കണ്ടെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്ത സംഭവം ഉണ്ടാവുന്നത്. പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയ മുവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിനെതിരേയും സമാനമായ വംശീയ അധിക്ഷേപമാണ് ആര്‍എസ്എസ് പ്രൊഫൈലുകള്‍ നടത്തിയത്. ഇവിടെയും അഷ്‌റഫിന്റെ താടി തന്നെയാണ് വിദ്വേഷ പ്രചാരകര്‍ ഭീകരതയായി അവതരിപ്പിച്ചത്.

ഈ രണ്ടു വിഷയത്തിലും പോലിസില്‍ പരാതി ലഭിച്ചെങ്കിലും ഇതുവരെയും കേസ് എടുക്കാനോ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു വംശീയ അധിക്ഷേപമാണെന്നും താടിവച്ച ഡ്രൈവറുടെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നും കാണിച്ചു കെഎസ്ആര്‍ടിസി ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് വരെ ഇറക്കിയിട്ടും വര്‍ഗീയപ്രചാരണം നടത്തിയവര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാത്തത് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് ഭീകരതയ്ക്കു പൂര്‍ണമായും കീഴ്‌പ്പെട്ടു എന്നാണ് വ്യക്തമാക്കുന്നത്.

ഹിന്ദുത്വ അക്രമങ്ങളെ സാധൂകരിക്കുന്ന സര്‍ക്കാര്‍ നടപടികള്‍

ഹിന്ദുത്വ കേന്ദ്രങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍, ആയുധ പരിശീലനങ്ങള്‍, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്നു കണ്ടെടുത്ത ആയുധ സ്‌ഫോടകവസ്തു ശേഖരങ്ങള്‍ തുടങ്ങിയവയില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്ന അന്വേഷണം, കേരളത്തെ ഗുജറാത്താക്കാന്‍ സിപിഎം ഭരണം ചെയ്തുകൊടുക്കുന്ന മൗനാനുവാദങ്ങളുടെ അതിഭീകരമായ യാഥാര്‍ഥ്യങ്ങളിലാണ് ചെന്നെത്തുക.

1. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ ആര്‍എസ്എസ് നടത്തിയ 'പ്രഥമ വര്‍ഷ സംഘ ശിക്ഷാ വര്‍ഗി'ല്‍ ആയുധങ്ങളുമായി പരിശീലനം നല്‍കുന്നതിന്റെ ഒളികാമറാ ദൃശ്യങ്ങള്‍ സിപിഎം നിയന്ത്രണത്തിലുള്ള 'കൈരളി' ടിവി തന്നെയാണ് പുറത്തുവിട്ടത്. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പോലിസില്‍ പരാതിയും നല്‍കി. പക്ഷേ, ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

2. കണ്ണൂര്‍ ജില്ലയില്‍ മലബാര്‍ ദേവസ്വത്തിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സായുധ പരിശീലനം നടത്തുന്നുണ്ടെന്ന റിപോര്‍ട്ട് പുറത്തുവിട്ടത് 2016 ഒക്ടോബര്‍ 28ലെ 'ദേശാഭിമാനി' പത്രമാണ്. ശാഖയെന്ന പേരില്‍ ആയുധപരിശീലനം നടത്തുന്ന 25 ക്ഷേത്രങ്ങളില്‍ കൊട്ടിയൂര്‍ പെരുമാള്‍ മഹാക്ഷേത്രം ഉള്‍പ്പെടെ ദേവസ്വം ഉടമസ്ഥതയിലാണെന്നാണ് റിപോര്‍ട്ട് പറയുന്നത്. കുന്നരു മൊട്ടക്കുന്ന് ഭഗവതി ക്ഷേത്രം, ചിറ്റടി പുതിയ ഭഗവതി ക്ഷേത്രം, ധര്‍മടം ആശാരിക്കാവ്, കോട്ടയം സൗത്തിലെ കോലാക്കാവ്, പടുവിലായി കാവ്, തലശ്ശേരി ദൈവത്താര്‍ മഠം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, മണോളിക്കാവ്, പാനൂര്‍ പത്താലംപുറത്ത് ക്ഷേത്രം, പുത്തൂര്‍ കുനുമ്മല്‍ ശ്രീനാരായണമഠം, കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രം, പേരാവൂര്‍ തെരു വൈരീഘാതക ക്ഷേത്രം, ആലച്ചേരി ചോല മുഴപ്പിലശ്ശേരി ക്ഷേത്രം, പാലപ്പള്ളി അയ്യപ്പഭജനമഠം, പന്നിയൂര്‍ ചെറുകര വരാഹമൂര്‍ത്തി ക്ഷേത്രം, കൂനം അയ്യപ്പക്ഷേത്രം, മഴൂര്‍ ബാലരാമ ക്ഷേത്രം, മീത്തലെ പുന്നാട് ചെലവൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഉളിക്കല്‍ വയത്തൂര്‍ അമ്പലം, തന്നോട് ചേങ്കുന്ന് ശിവക്ഷേത്രം, നുച്യാട് ചുഴലി ഭഗവതി ക്ഷേത്രം, ബര്‍ണശ്ശേരി കാനത്തൂര്‍ കാവ്, തായത്തെരു വലിയ വളപ്പ് കാവ് എന്നിവയാണ് ശാഖയും ആയുധപരിശീലനവും നടക്കുന്ന ക്ഷേത്രങ്ങളെന്നു വിശദാംശങ്ങള്‍ സഹിതം 'ദേശാഭിമാനി' ഇതേ റിപോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.

ക്ഷേത്രങ്ങള്‍ക്കു പുറമെ വിവിധ സ്‌കൂളുകളിലും ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നു സിപിഎമ്മിന്റെ പത്രമായ 'ദേശാഭിമാനി' തന്നെ പറയുന്നു. ചില സ്‌കൂളുകളുടെ പേരുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്നൂര്‍ ആര്‍ഷ വിദ്യാലയം, പെരിങ്ങോം വ്യാസനികേതന്‍, ചേലേരി സന്ദീപിനി, ചിറക്കല്‍ അരയമ്പേത്ത് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍, പുതിയതെരു രാമഗുരു യുപി സ്‌കൂള്‍, കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി, കോര്‍ജാന്‍ എയ്ഡഡ് യുപി, അഴീക്കോട് സൗത്ത് യുപി, കാവുംഭാഗം ഗവ. ഹൈസ്‌കൂള്‍, പാറാല്‍ കോമത്തുപാറ എയ്ഡഡ് എല്‍പി, പൊന്ന്യം എയ്ഡഡ് യുപി, കാവുംഭാഗം യുപി, വേറ്റുമ്മല്‍ വേദവ്യാസ സ്‌കൂള്‍, ഈസ്റ്റ് എലാങ്കോട് എല്‍പി, പാലക്കൂല്‍ യുപി സ്‌കൂള്‍, പത്തൂര്‍ ഗുരുചൈതന്യ, കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയിലും ശാഖ നടക്കുന്നു. പയ്യന്നൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍, അന്നൂര്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പരിപാടികള്‍ നടക്കുന്നതത്.

ഇതിനുപുറമെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലും ആയുധപരിശീലനം നടക്കുന്നുണ്ടെന്നും റിപോര്‍ട്ടിലുണ്ട്. താണ മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്‌സ്, മരക്കാര്‍കണ്ടി സ്‌റ്റേഡിയം, പയ്യാമ്പലം കടപ്പുറം, മണല്‍ കേളോത്ത് വയല്‍, ചിറക്കല്‍ അമ്പാടി വയല്‍, കളരിവാതുക്കല്‍ ക്ഷേത്രത്തിനു മുന്‍വശമുള്ള പൊതുസ്ഥലം, കടപ്പുറം തുരുത്ത്, വെള്ളൊഴുക്ക് അങ്കണവാടി പരിസരം, ബോട്ടുജെട്ടി കടപ്പുറം, ആലക്കണ്ടി ബസാര്‍,തലായി അഴീക്കല്‍ ബീച്ച്, ഏച്ചൂര്‍ കട്ടന്‍കവറിലെ പഴശ്ശി ഇറിഗേഷന്‍ ഭൂമി, കറ്റിയാട് റവന്യൂ ഭൂമി എന്നിവയാണ് ആര്‍എസ്എസ് പരിപാടി നടക്കുന്ന പൊതുസ്ഥലങ്ങള്‍ എന്നാണ് റിപോര്‍ട്ട്.

ഒരു ജില്ലയില്‍ മാത്രം ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങളാണിത്. ഇതുതന്നെ അപൂര്‍ണമാണെന്നു റിപോര്‍ട്ടില്‍ പറയുന്നു. ഇത്രയും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും അതില്‍ എന്തു നടപടിയെടുത്തുവെന്നു ചോദിക്കുമ്പോള്‍ കണ്ണുപൊത്തി കളിക്കുകയാണ് ആഭ്യന്തര വകുപ്പ്. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം സംബന്ധിച്ചു നിയമസഭയില്‍ 2017ല്‍ തൃത്താല എംഎല്‍എ വി ടി ബല്‍റാം നല്‍കിയ ചോദ്യത്തിന് ആര്‍എസ്എസ് ആയുധ പരിശീലനത്തെ കണ്ടില്ലെന്നു നടിക്കുന്ന ഉത്തരമാണ് ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.

3. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 12 കേന്ദ്രങ്ങളില്‍ നിന്നാണ് ബോംബ്, ആയുധങ്ങള്‍, തോക്ക് എന്നിവ കണ്ടെടുത്തത്. ബോംബ് നിര്‍മാണത്തിനിടെ ദീക്ഷിത് എന്ന ആര്‍എസ്എസ് ക്രിമിനല്‍ കൊല്ലപ്പെട്ടതും വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കുട്ടിക്ക് പരിക്കേറ്റതും പിണറായി സര്‍ക്കാരിന്റെ ഭരണ കാലത്താണ്്. ഈ സംഭവങ്ങള്‍ക്കെതിരേ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനും കേരളാ പോലിസിന് ഉത്തരമില്ല.

അറസ്റ്റും നടപടികളും മതം നോക്കി മാത്രം

വിദ്വേഷ പ്രചാരണങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല നാടുനീളെ നടന്നു വര്‍ഗീയത പ്രസംഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വിവിധ സംഘടനകളും ആക്ടിവിസ്റ്റുകളും ശശികലയ്‌ക്കെതിരേ പരാതി നല്‍കിയെങ്കിലും കേസെടുത്തു നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. പരാതിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ 153എ പ്രകാരം കേസ് എടുത്തെങ്കിലും നടപടികള്‍ അതോടെ അവസാനിപ്പിച്ചു.

തെരുവുകള്‍ തോറും കലാപം നടത്തണമെന്നു പരസ്യമായി പ്രസംഗിച്ച ടി ജി മോഹന്‍ദാസിനെതിരേ വിവിധയിടങ്ങളില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുപെരുകുന്നതു പോലെ പെരുകുകയാണെന്നത് ഉള്‍പ്പെടെ വിദ്വേഷം പ്രസംഗിച്ച എന്‍ ഗോപാലകൃഷ്ണനെതിരേയും നടപടി സ്വീകരിച്ചില്ല. മുസ്‌ലിം സ്ത്രീകള്‍ പന്നി പെറുന്നതുപോലെ പെറുകയാണെന്നും അതു നിയന്ത്രിക്കാന്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തണമെന്നും പറഞ്ഞ ആകാശവാണി ജീവനക്കാരി കെ ആര്‍ ഇന്ദിരയ്‌ക്കെതിരേ നല്‍കിയ പരാതിയില്‍ രണ്ടു വര്‍ഷം കഴിഞ്ഞ് അന്വേഷിച്ചപ്പോഴും പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചുവരുകയാണെന്നാണ് പോലിസ് നല്‍കുന്ന മറുപടി. മുസ്‌ലിം വിദ്വേഷം പറഞ്ഞതിന് ആര്‍ വി ബാബു, ടി പി സെന്‍കുമാര്‍, ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയ വര്‍ഗീയവാദികള്‍ക്കെതിരേ കേസ് എടുത്തെങ്കിലും അവരെ ഒരു ദിവസമെങ്കിലും ജയിലിലടയ്ക്കാന്‍ പോലിസിനായിട്ടില്ല എന്നതു സിപിഎം ഭരണം ഈ വിദ്വേഷ പ്രചാരകര്‍ക്കു നല്‍കുന്ന സൗകര്യങ്ങളുടെ ആഴം വ്യക്തമാവും.

നാര്‍ക്കോട്ടിക് ജിഹാദ് എന്നപേരില്‍ മുസ്‌ലിംകളെ ആക്ഷേപിച്ച പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ പരാതി നല്‍കിയെങ്കിലും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതിക്കാര്‍ കോടതിയെ സമീപിക്കുകയും കോടതി കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തതോടെയാണ് നിര്‍ബന്ധിത സാഹചര്യത്തില്‍ 153എ പ്രകാരം കേസെടുത്തത്. പക്ഷേ, ആറുമാസമായിട്ടും അയാളെ ഒന്ന് ചോദ്യം ചെയ്യാന്‍പോലും പോലിസ് തയ്യാറായിട്ടില്ല.


പി സി ജോര്‍ജ് എന്ന വിഷബോംബ്

വിദ്വേഷ പ്രസംഗത്തിലെ മിന്നും താരമാണ് മുന്‍ എംഎല്‍എ പി സി ജോര്‍ജ്. ഈരാറ്റുപേട്ട മുനിസിപാലിറ്റിയില്‍ തന്റെ രാഷ്ട്രീയ വിലപേശലിനു നിന്നുകൊടുക്കാത്തതു കാരണം തുടങ്ങിവച്ച മുസ്‌ലിംകള്‍ക്കെതിരായ വിഷം തുപ്പല്‍ സകല സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം വിദ്വേഷം ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കുത്തിനിറയ്ക്കാനുള്ള സ്റ്റാര്‍ കാംപയിനര്‍ ആയി ആര്‍എസ്എസും ബിജെപിയും പി സി ജോര്‍ജിനെ കൊണ്ടുനടക്കുന്നുമുണ്ട്.

തിരുവനന്തപുരത്ത് സംഘപരിവാരം സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ പ്രസംഗം മാത്രമല്ല; അയാള്‍ പല ഘട്ടങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുഴുവനും അങ്ങേയറ്റം വിഷം വമിപ്പിക്കുന്നതാണ്. ഹിന്ദുവായ യുവതിയെ ജോര്‍ജിന്റെ മകന്‍ പ്രണയിച്ചപ്പോള്‍ വിവാഹം കഴിക്കണമെങ്കില്‍ ക്രിസ്ത്യാനിയാവണമെന്നു നിര്‍ബന്ധം പിടിക്കുകയും പെണ്‍കുട്ടിയെ മതംമാറ്റുകയും ചെയ്ത ജോര്‍ജ് നാടുനീളെ ഇല്ലാത്ത ലൗജിഹാദിന്റെ പേരില്‍ മുസ്‌ലിംകളെ വംശീയമായി അധിക്ഷേപിച്ചു.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ എന്ത് നടപടിയെടുത്തുവെന്ന ചോദ്യങ്ങള്‍ക്ക് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തില്ലേ എന്ന ക്യാപ്‌സൂളാണ് സിപിഎം പ്രൊഫൈലുകള്‍ നല്‍കുന്നത്. വിദ്വേഷം വിളമ്പിയ ജോര്‍ജിനു രാജകീയമായ യാത്രയും സ്വീകരണവും പോലിസിന്റെ ചെലവില്‍ നല്‍കിയതിനെയാണ് 'വമ്പിച്ച നടപടി'യായി ആഘോഷിക്കുന്നത്. ജയിലില്‍ ഒരു രാത്രി മാത്രം തങ്ങിയ ജോര്‍ജ് തന്റെ വിദ്വേഷം ആവര്‍ത്തിക്കുകയാണ് ചെയ്തത്. സര്‍ക്കാരും സംവിധാനങ്ങളും തനിക്ക് കാവലൊരുക്കുമെന്ന ഉറപ്പുതന്നെയാണ് വീണ്ടും വീണ്ടും വിഷം വിതറാന്‍ ജോര്‍ജിനുള്ള പ്രചോദനം.

(തേജസ് ദൈ്വവാരിക ജൂലൈ 15-30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പുനഃപ്രസിദ്ധീകരണം)ഗുജറാത്തിലേക്ക് വഴിവെട്ടുന്ന സിപിഎം

Next Story

RELATED STORIES

Share it