Latest News

സുധാകരന്റെ ദേഹത്ത് മണ്ണ് വീഴാന്‍ സമ്മതിക്കില്ല; തെരുവു ഗുണ്ടകളുടെ ഭാഷയാണ് സിപിഎം നേതാക്കള്‍ക്കെന്നും വി ഡി സതീശന്‍

സിപിഎം ഇടുക്കി ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണം. അദ്ദേഹം സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണ്

സുധാകരന്റെ ദേഹത്ത് മണ്ണ് വീഴാന്‍ സമ്മതിക്കില്ല; തെരുവു ഗുണ്ടകളുടെ ഭാഷയാണ് സിപിഎം നേതാക്കള്‍ക്കെന്നും വി ഡി സതീശന്‍
X

തിരുവനന്തപുരം: തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കള്‍ പ്രതികരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രകോപന പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണം. അദ്ദേഹം സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സി വി വര്‍ഗീസിനെതിരെ കേസ് എടുക്കണം. കെ സുധാകരന്റെ ദേഹത്ത് ഒരു മണ്ണ് വീഴാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല. കെപിസിസി പ്രസിഡന്റിന്റെ ദേഹത്ത് മണ്ണ് വാരിയിടാന്‍ സിപിഎമ്മിനാകില്ല. ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ മരണത്തില്‍, ജില്ല സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ധീരജ് കൊലപാതകത്തിന് ശേഷം കാര്യങ്ങള്‍ വെളിപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കില്ല. ധിക്കാരവും ഭീഷണിയും ആണ് സി വി വര്‍ഗീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഗുണ്ടാ നേതാവിന്റെ ഭാഷയാണ് അദ്ദേഹത്തിന്റേത്. നികൃഷ്ട ജീവി പരാമര്‍ശത്തിന്റെ ചരിത്രം ഓര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ആയില്ലെന്നും തിരുവനന്തപുരത്ത് ചര്‍ച്ചകള്‍ തുടരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യമില്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വര്‍ഗീസ് ഇടുക്കിയില്‍ പ്രസംഗിച്ചത്. 'സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു വിവാദ പരാമര്‍ശം.

ഇടുക്കിയില്‍ എഞ്ചിനിയറിങ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ പല തവണ രംഗത്തെത്തിയിരുന്നു. നിഖില്‍ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനില്‍ക്കുമോ തുടങ്ങിയ പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്. ഇതിന് പിന്നാലെ ഇടുക്കിയില്‍ വലിയ പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ഇടുക്കി ചെറുതോണിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അതേ യോഗത്തില്‍ വെച്ചാണ് സുധാകരനെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശവുമുണ്ടായത്. നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ വണ്‍ ടു ത്രി കൊലപാതക പരാമര്‍ശവും വലിയ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it